Connect with us

Editorial

അക്രമത്തിനു കെടുത്താനാകില്ല വിദ്യാര്‍ഥി വീര്യം

Published

|

Last Updated

രാജ്യത്തെ വിദ്യാര്‍ഥി, യുവജന വിഭാഗങ്ങളില്‍ ശക്തിപ്പെടുന്ന ഫാസിസ്റ്റ് വിരുദ്ധ മനോഭാവം കേന്ദ്ര ഭരണകൂടത്തെയും ഹിന്ദുത്വ ശക്തികളെയും എത്രമാത്രം അലോസരപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഞായറാഴ്ച രാത്രി നടന്ന ആക്രമണം. സുരക്ഷാ ഉദ്യോഗസ്ഥരും പോലീസുകാരും നോക്കി നില്‍ക്കെ ഇരുമ്പു കമ്പി, ചുറ്റിക തുടങ്ങിയ മാരകായുധങ്ങളുമായി പുറത്തു നിന്ന് ജെ എന്‍ യുവിലേക്ക് അതിക്രമിച്ചു കയറിയ മുഖംമൂടി ധരിച്ച നൂറോളം പേര്‍ ക്യാമ്പസിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മുപ്പതോളം വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥികളെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച അധ്യാപകര്‍ക്കും പരുക്കേറ്റു. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ പരുക്ക് ഗുരുതരമാണ്. വളഞ്ഞിട്ടുള്ള അക്രമത്തില്‍ ഘോഷിന്റെ തലക്ക് ആഴത്തിലുള്ള മുറിവേല്‍ക്കുകയുണ്ടായി. സംഭവം അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവിനും എതിരെയും ആക്രമണം ഉണ്ടായി.

ഫീസ് വര്‍ധനയും മാന്വല്‍ പരിഷ്‌കരണവും വിദ്യാര്‍ഥികളില്‍ ഉയര്‍ത്തിയ പ്രതിഷേധവും അസ്വസ്ഥതയും തുടരുകയാണ്. പൗരത്വ പ്രശ്‌നവും കൂടി ഉടലെടുത്തതോടെ ഇത് ശക്തിപ്പെടുകയും ചെയ്തു. അതിനിടെ ഫീസ് വര്‍ധന പിന്‍വലിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ ഇന്നലെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കു മാര്‍ച്ച് നടത്താനൊരുങ്ങവെയാണ് ഞായറാഴ്ച മുഖംമൂടി ആക്രമണം ഉണ്ടായത്. സര്‍വകലാശാല അധികൃതരുടെ ഒത്താശയോടെ ആര്‍ എസ് എസ,് എ ബി വി പി പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഫീസ് വര്‍ധനക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകുന്നേരം സമരക്കാരായ വിദ്യാര്‍ഥികളും എ ബി വി പിക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. അതിന്റെ പിന്നാലെയാണ് നൂറോളം അക്രമികള്‍ ക്യാമ്പസിലേക്ക് സംഘടിച്ചു വന്നതെന്നതു ശ്രദ്ധേയമാണ്. ജെ എന്‍ യുവിലെ എ ബി വി പി പ്രവര്‍ത്തകര്‍ അക്രമി സംഘത്തോടൊപ്പം ചേരുകയും ചെയ്തു. പോലീസും സുരക്ഷാ ജീവനക്കാരും അന്നേരം കാഴ്ചക്കാരായി വെറുതെ നില്‍ക്കുകയായിരുന്നു. ജനല്‍ച്ചില്ലുകള്‍ തല്ലിത്തകര്‍ത്തും വിദ്യാര്‍ഥികളെ മര്‍ദിച്ചും അക്രമിസംഘം അഴിഞ്ഞാടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയകളിലെ ചില സന്ദേശങ്ങള്‍ വ്യക്തമാക്കുന്നത് തികച്ചും ആസൂത്രിതമാണ് ആക്രമണമെന്നാണ്. ഫ്രണ്ട്‌സ് ഓഫ് ആര്‍ എസ് എസ്, യൂനിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്നീ പേരുകളിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ അക്രമം നടത്തുന്നതിനെക്കുറിച്ചും അക്രമികള്‍ക്ക് ക്യാമ്പസിലേക്ക് കടന്നുവരാനുള്ള സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ കൈമാറിയതിന്റെ വിവരങ്ങളുണ്ട്. ചാറ്റിംഗിനിടെ ഗ്രൂപ്പ് അംഗങ്ങള്‍ സര്‍വകലാശാലയുടെ പ്രധാന ഗേറ്റില്‍ സംഘര്‍ഷം സൃഷ്ടിക്കേണ്ടതിനെക്കുറിച്ച് ചര്‍ച്ച നടത്തുകയും പ്രദേശത്തെ പോലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ജെ എന്‍ യുവിലെ “ദേശ വിരുദ്ധരെ” ഇല്ലാതാക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളും കാണാം. ഈ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ പലരും എ ബി വി പി പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വതന്ത്രമായി ചിന്തിക്കുന്ന വിദ്യാര്‍ഥി സമൂഹത്തെ ഫാസിസ്റ്റ് ശക്തികള്‍ക്ക് എന്നും ഭയമാണ്. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് സംഘ്പരിവാര്‍ സഹചാരികളെ നിയമിച്ചും മദ്രാസ് ഐ ഐ ടിയില്‍ അംബേദ്കര്‍-പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന് നിരോധനമേര്‍പ്പെടുത്തിയും ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് ഗവേഷക പണ്ഡിതരെ പുറത്താക്കിയും സിലബസ്, ഫീസ് ഘടന, അധ്യാപക നിയമനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നെല്ലാം വിദ്യാര്‍ഥി പ്രതിനിധികളെ മാറ്റിനിര്‍ത്തിയും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനും സ്വതന്ത്ര ചിന്തകള്‍ക്ക് വിലങ്ങിടാനും കേന്ദ്ര സര്‍ക്കാറും ബി ജെ പി നേതൃത്വവും നിരന്തരം ശ്രമിച്ചു വരികയാണ്. വിദ്യാര്‍ഥി ലോകത്തെ പ്രതിഷേധങ്ങളെ പോലീസിനെയും അര്‍ധ സൈനിക വിഭാഗങ്ങളെയും ഉപയോഗിച്ചു അടിച്ചമര്‍ത്താനുള്ള നീക്കങ്ങളും സാര്‍വത്രികം. എന്നിട്ടും വിദ്യാര്‍ഥി സമൂഹത്തില്‍ സ്വതന്ത്ര ചിന്തയും ഹിന്ദുത്വ ഫാസിസത്തോടുള്ള വിയോജിപ്പും അനുദിനം ശക്തിപ്പെട്ടു വരികയാണ്. ഇതാണ് ജെ എന്‍ യുവിലെ ഞായറാഴ്ചത്തെ ഫാസിസ്റ്റ് തേര്‍വാഴ്ചയുടെ പശ്ചാത്തലം. ഭീഷണി കൊണ്ടും അക്രമം കൊണ്ടും യുവതലമുറയെ വരുതിയിലാക്കാമെന്ന വിചാരം പരമാബദ്ധമാണെന്നു ഇനിയെങ്കിലും ബി ജെ പി നേതൃത്വവും കേന്ദ്ര ഭരണാധികാരികളും മനസ്സിലാക്കേണ്ടതുണ്ട്. അക്രമവും ഭീകരതയുമല്ല, തങ്ങളുടെ തെറ്റായ നയങ്ങള്‍ തിരുത്താനുള്ള വിവേകവും സന്മനസ്സുമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ അധികാര സ്ഥാനങ്ങളിലുള്ളവര്‍ പ്രകടിപ്പിക്കേണ്ടത്.
പ്രശ്‌നത്തില്‍ ജെ എന്‍ യു വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിന്റെ നിലപാടും ഖേദകരമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം വിദ്യാര്‍ഥികളുടെ പിരടിയില്‍ കെട്ടിവെച്ചു അക്രമികളെ വെള്ളപൂശുകയാണദ്ദേഹം. ഫീസ് വര്‍ധനവിനെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികളാണ് ക്യാമ്പസില്‍ കുഴപ്പത്തിനു തുടക്കമിട്ടതെന്നാണ് ജഗദീഷ് കുമാര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. അതോടെ അദ്ദേഹത്തിന്റെ രാജിക്കായി മുറവിളി ഉയര്‍ന്നിട്ടുണ്ട് ക്യാമ്പസില്‍. വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനായ വൈസ് ചാന്‍സലര്‍ ക്യാമ്പസില്‍ അതിക്രമിച്ചു കയറിയുള്ള ബാഹ്യശക്തികളുടെ അക്രമങ്ങളെ ന്യായീകരിക്കുന്നത് തന്റെ രാഷ്ട്രീയ യജമാനന്മാരെ സന്തോഷിപ്പിച്ചേക്കാമെങ്കിലും തീര്‍ത്തും പരിഹാസ്യവും താന്‍ വഹിക്കുന്ന സ്ഥാനത്തിനും പദവിക്കും ചേരാത്തതുമായിപ്പോയി.

Latest