Connect with us

International

ഇറാഖില്‍ നിന്നും യു എസ് സേന പിന്മാറണം : ഇറാഖ് പാര്‍ലിമെന്റ്

Published

|

Last Updated

ബഗ്ദാദ് | ഇറാഖില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കക്കെതിരെ സമ്മര്‍ദം ശക്തമാക്കി ഇറാഖ് രംഗത്തെത്തി. ആക്രമണത്തില്‍ ഇറാന്റെയും ഇറാഖിന്റെയും സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് തമ്പടിച്ചിരിക്കുന്ന ആയിരത്തിലധികം വരുന്ന അമേരിക്കന്‍ സൈനികരെ പുറത്താക്കണമെന്ന് ഇറാഖ് പാര്‍ലിമെന്റ് ആവശ്യപ്പെട്ടു. ഇറാനിലെ സൈനിക കമാന്‍ഡറും ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ തലവനുമായ ഖാസിം സുലൈമാനിയും ഇറാഖിലെ ഉന്നത സൈനികനായ അബു മഹ്ദിയും ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.

ഇറാഖ് വിദേശകാര്യ മന്ത്രാലയം ഇറാഖിലെ അമേരിക്കന്‍ അംബാസഡറെ വിളിച്ചുവരുത്തി ആക്രമണത്തിലുള്ള പ്രതിഷേധം അറിയിച്ചു. യു എസ് സൈനികരെ പുറത്താക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക ഇറാഖ് പാര്‍ലിമെന്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാന മന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി ആക്രമണത്തെ “രാഷ്ട്രീയ കൊലപാതകം” എന്നാണ് വിശേഷിപ്പിച്ചത്.