മുഖ്യമന്ത്രിയും ഗവർണറും ഇന്ന് തൃശൂരിൽ; കനത്ത സുരക്ഷ

Posted on: January 4, 2020 8:23 am | Last updated: January 4, 2020 at 11:06 am

തൃശൂർ | ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് തൃശൂരിൽ വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ആരംഭിക്കുന്ന വൈഗ കാർഷിക പ്രദർശന മേളയും രാമവർമപുരം പോലീസ് അക്കാദമിയിൽ നടക്കുന്ന ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ എത്തുന്നത്.

തൃശൂർ ലുലുമാൾ ഉദ്ഘാടനം, വൈഗ 2020 തുടങ്ങി അഞ്ച് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയും ഗവർണറും ഒരേ വേദികളിൽ ഇന്ന് പങ്കെടുക്കുന്നുവെങ്കിലും വ്യത്യസ്ത സമയങ്ങളിലാണ് എത്തുന്നത്.

പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പല വേദികളിലും പരസ്യമായി നിലപാടെടുത്തതോടെ അദ്ദേഹത്തിനെതിരെ കേരളത്തിൽ പ്രതിഷേധങ്ങളും ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗവർണർ പങ്കെടുക്കുന്ന പരിപാടികൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ മലപ്പുറം പാണ്ടിക്കാട്ടെ എ ആർ ബറ്റാലിയനിലെ പരിപാടിക്കുശേഷം 11.30നാണ് തൃശൂരിലെത്തുന്നത്. വൈഗ കാർഷികമേള നടക്കുന്ന തേക്കിൻകാട് മൈതാനം ഇന്നലെ രാവിലെ മുതൽ തന്നെ പോലീസിന്റെ സുരക്ഷാ വലയത്തിലാണ്.