കുതിച്ചുയർന്ന് സ്വർണം; ഒരു ദിവസം വർധിച്ചത് ₹480

മുപ്പതിനായിരത്തിലേക്കെന്ന് വ്യാപാരികൾ
Posted on: January 4, 2020 8:20 am | Last updated: January 4, 2020 at 9:50 am


കൊച്ചി | സ്വർണ വില കുതിച്ചുയരുന്നു. ഇന്നലെ രാവിലെ പവന് 29,440 രൂപയായിരുന്നത് ഉച്ചക്ക് ശേഷം 120 രൂപ വർധിച്ച് 29,560 രൂപയിലെത്തി. സർവകാല റെക്കോർഡ് മറികടന്നാണ് വിലവർധന തുടരുന്നത്.
ഇന്നലെ രാവിലെ പവന് 360 രൂപയാണ് വർധിച്ചിരുന്നത്. ഇതാണ് ഉച്ചയോടെ വീണ്ടും വർധിച്ചത്. ഗ്രാമിന് 3,695 രൂപയാണ് ഇന്നലത്തെ വിപണി വില. ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്വർണ വില ഉയർന്ന് പവന് മുപ്പതിനായിരം രൂപയിലെത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്.

2019 സെപ്തംബർ നാലിന് പവന് 29,120 രൂപയിലെത്തിയതാണ് നിലവിലുണ്ടായിരുന്ന റെക്കോർഡ് വില. കഴിഞ്ഞ വർഷം മാത്രം 24 ശതമാനത്തോളമാണ് സ്വർണ വില വർധിച്ചത്. അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് 1,543 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 71.70 ഉം ആണ്. കഴിഞ്ഞ ദിവസത്തേക്കാൾ 19 ഡോളറാണ് സ്വർണത്തിന് വില വർധിച്ചത്. ഇന്ത്യൻ രൂപ 35 പൈസയോളം ദുർബലമാകുകയും ചെയ്തു.

ഇറാനിലെ സൈനിക കമാൻഡറെ അമേരിക്ക കൊലപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഏഷ്യൻ ഓഹരി വിപണികൾ നഷ്ടം രേഖപ്പെടുത്തിയിരുന്നു.
തൊട്ടുപിന്നാലെയാണ് സ്വർണ വില കുതിച്ചുകയറിയത്. പൊതുവേയുള്ള വിലക്കയറ്റത്തിന് പുറമേ പുതിയ സംഭവ വികാസങ്ങളും വിലക്കയറ്റം തുടരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.