Connect with us

National

പ്രതിഷേധം കനക്കുമ്പോഴും ദുശ്ശാഠ്യം വിടാതെ അമിത്ഷാ; പൗരത്വ ഭേദഗതിയില്‍ ഒരിഞ്ച് പിറകോട്ടില്ല

Published

|

Last Updated

ജയ്പൂര്‍ | പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം കനക്കുമ്പോഴും ഭേദഗതി പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് ഒന്നിച്ച് എതിര്‍ത്താലും പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് ഒരിഞ്ച് പിറകോട്ട് പോകില്ലെന്നും തെറ്റിദ്ധാരണ പരത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് വേണ്ടത്ര ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂരില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധിയേയും മമാതാ ബാനര്‍ജിയേയും രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു അമിത്ഷായുടെ പ്രസംഗം. രാഹുല്‍ പൗരത്വ നിയമ ഭേദഗതി വായിച്ചുവെങ്കില്‍ അതേകുറിച്ച് ചര്‍ച്ചക്ക് തയ്യാറാകണമെന്നും വായിച്ചില്ലെങ്കില്‍ നിയമം ഇറ്റാലിയന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി സഹായിക്കാമെന്നും അമിത്ഷാ പരിഹസിച്ചു.

ബംഗാളിലെ അഭയാര്‍ഥികള്‍ക്ക് ഒരു പീഡനവും ഏല്‍ക്കേണ്ടിവരില്ല. അവര്‍ക്ക് ബഹുമാനത്തോടെ പൗരത്വം നല്‍കും. ബംഗാളി സംസാരിക്കുന്ന അഭയാര്‍ഥി ഹിന്ദുക്കള്‍ക്ക് എതിരെ മമത എന്തിനാണ് സംസാരിക്കുന്നതെന്നും ദളിതര്‍ നിങ്ങളോട് എന്താണ് ചെയ്തതെന്നും അമിത്ഷാ ചോദിച്ചു.

വീര്‍ സവര്‍ക്കര്‍ക്ക് എതിരായ ആരോപങ്ങളിലും കോണ്‍ഗ്രസിനെ അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സവര്‍ക്കറെ കുറിച്ച് ആലോചിച്ച് ലജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘഹലോട്ട് പൗരത്വ ഭേദഗതിയെ വിമര്‍ശിക്കുന്നതിന് പകരം ക്വറ്റയില്‍ മരിച്ചുവീഴുന്ന കുട്ടികളെ ശ്രദ്ധിക്കണമെന്ന് അമിത്ഷാ കൂട്ടിച്ചേര്‍ത്തു.