Connect with us

Eranakulam

ദ ടെലഗ്രാഫിന്റെ പ്രധാന വാര്‍ത്തയില്‍ ഇടംപിടിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരായ മുസ്ലിം സംഘടനകളുടെ പ്രതിഷേധം

Published

|

Last Updated

കൊച്ചി | ദേശീയ പത്രമായ ദ ടെലഗ്രാഫിന്റെ പ്രധാന വാര്‍ത്തയില്‍ ഇടംപിടിച്ച് പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന വിവിധ മുസ്ലിം സംഘടനകളുടെ പ്രതിഷേധ റാലിയും സമ്മേളനവും. പ്രതിഷേധ പരിപാടിയുടെ ആകാശചിത്രം സഹിതമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. “ബോണ്‍ ഇന്‍ ഇന്ത്യ, വില്‍ ഡൈ ഇന്‍ ഇന്ത്യ” (ഇന്ത്യയിലാണ് ജനിച്ചത്, ഇന്ത്യയില്‍ തന്നെ മരിക്കും) എന്ന് ആദ്യ പേജില്‍ നല്‍കിയ ചിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “പവര്‍ഫുള്‍ ആന്‍ഡ് പീസ്ഫുള്‍” (സമാധാനപരവും ശക്തവും) എന്നാണ് പ്രതിഷേധ റാലിയുടെ വാര്‍ത്തയുടെ തലക്കെട്ട്. ജനലക്ഷങ്ങള്‍ പങ്കെടുത്തിട്ടും റാലി സമാധാനപരമായി സംഘടിപ്പിച്ചതിനെ സുപ്രീം കോടതിയിലെ ഒരു അഭിഭാഷകന്‍ പ്രശംസിച്ചതായും റിപ്പോര്‍ട്ടില്‍ പരുന്നുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്നലെ കൊച്ചിയില്‍ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. വ്യത്യസ്ത ആശയധാരയിലുള്ള മുസ്‌ലിം സംഘടനകളുടെ പ്രമുഖ നേതാക്കള്‍ ഒരേ വേദിയില്‍ ഒരുമിക്കുകയായിരുന്നു. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മുസ്‌ലിം സംഘടനകള്‍ ഇത്തരത്തില്‍ ഒരുമിക്കുന്ന ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഏകദേശം അഞ്ചു ലക്ഷത്തോളം പേര്‍ ഇതില്‍ പങ്കെടുത്തതായാണ് കണക്ക്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊച്ചിയിലേക്കു പ്രവഹിച്ച പ്രതിഷേധക്കാര്‍ ഉച്ചക്ക് ഒരുമണിയോടെ ഇവിടുത്തെ സ്‌റ്റേഡിയത്തില്‍ ഒത്തുചേര്‍ന്ന ശേഷം അഞ്ചു കിലോമീറ്റര്‍ അകലെയുള്ള മറൈന്‍ ഡ്രൈവിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. വൈകീട്ട് ആറിന് പൊതു സമ്മേളനം തുടങ്ങിയപ്പോഴും പരിപാടിയില്‍ പങ്കെടുത്തവരില്‍ ചിലര്‍ സ്റ്റേഡിയത്തില്‍ നിന്ന് പുറപ്പെട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. അത്രക്കായിരുന്നു പങ്കാളിത്തം. സൂചി കുത്താനിടമില്ലാത്ത വിധം ആളുകള്‍ നിറഞ്ഞ മറൈന്‍ ഡ്രൈവില്‍ ഒരുമണിക്കൂറിനു ശേഷമാണ് ഇവര്‍ക്ക് നില്‍ക്കാന്‍ പോലും ഇടം കണ്ടെത്താന്‍ കഴിഞ്ഞത്.

മത നേതാക്കള്‍ക്കു പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും റാലിയെ അഭിസംബോധന ചെയ്യാനെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭം തുടരാനുള്ള ആഹ്വാനവുമായാണ് സമ്മേളനം സമാപിച്ചത്. വിവേചനപരമായ ഒരു നിയമവും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു.