Connect with us

Eranakulam

മുസ്‌ലിം സമുദായത്തെ പുറംതള്ളേണ്ട ആവശ്യമെന്ത്?: കാന്തപുരം

Published

|

Last Updated

കൊച്ചി | പൗരത്വ നിയമ ഭേദഗതി മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തന്ത്രമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്‌ലിം സമുദായത്തെ രാജ്യത്ത് നിന്ന് പുറംതള്ളേണ്ട ആവശ്യമെന്താണെന്ന് കാന്തപുരം ചോദിച്ചു. മുസ് ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജാതിമത വേര്‍തിരിവില്ലാതെ മനുഷ്യനെ മനുഷ്യനായി കാണുന്ന വിശാലമായ ഭരണഘടനയാണ് ഇന്ത്യയുടെത്. ഇന്ത്യയെ പോലെ വിവിധ മതവും ജാതിയും ഉള്ള മറ്റൊരു രാജ്യം ഉണ്ടാകില്ല. എന്നിട്ടും ഈ രാജ്യത്ത് ഒരു ഏറ്റുമുട്ടലുമില്ലാതെയാണ് നമ്മള്‍ ജീവിച്ചുവരുന്നത്. അതിന് വിഘാതം വരുത്തുന്നതാണ് കേന്ദ്രം നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതി. ഇതിനെ ചോദ്യം ചെയ്യാനുള്ള അവകാശം നമുക്കുണ്ട്. നിയമം കൈയിലെടുക്കാതെ അച്ചടക്കത്തോടെ നാം അത് ചെയ്യുമെന്നും കാന്തപുരം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ജീവിക്കാന്‍ ജനങ്ങളെ അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന് എന്താണ് തടസ്സമെന്ന് കാന്തപുരം ചോദിച്ചു. മുസ്ലിം സമുദായം ഇന്ത്യക്ക് എതിരായ വല്ല തെറ്റും ചെയ്തതായി തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ല. നാനത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ മഹത്തായ തത്വത്തിന് എതിരായി ഇവിടത്തെ മുസ്ലിം സമുദായം പ്രവര്‍ത്തിച്ചിട്ടില്ല. മുസ്ലിംകള്‍ ഇങ്ങനെ തള്ളപ്പെടേണ്ട ആവശ്യം എന്താണ്? ഇന്ത്യാ രാജ്യത്തെ അപമാനപ്പെടുത്തിയ സംഭവങ്ങളാണ് ഗാന്ധി വധവും രണ്ട് പ്രധാനമന്ത്രിമാര്‍ കൊല്ലപ്പെട്ടതും. ഇതിനു പിന്നില്‍ മുസ്ലിംകള്‍ ആയിരുന്നോവെന്നും കാന്തപുരം ചോദിച്ചു.

പാവപ്പെട്ടവരെ രക്ഷിക്കുന്നതിനാണ് പൗരത്വ നിയമ ഭേദഗതിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ പാവപ്പെട്ട മുസ്ലിംകളെ എന്തുകൊണ്ട് രക്ഷിക്കുന്നില്ല? സമീപകാലത്തായി പാര്‍ലിമെന്റില്‍ ഉണ്ടായ പല സംഭവങ്ങളുടെയും ലക്ഷ്യം മുസ്ലിംകളെ ഒറ്റപ്പെടുത്തുകയെന്നതാണ്. മുത്തലാഖ് പ്രശ്‌നം പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമേ ആയിരുന്നില്ല. മുസ്ലിം സമുദായത്തില്‍ വളരെ വളരെ കുറച്ച് മാത്രമെ മുത്തലാഖ് നടക്കുന്നുള്ളൂ എന്നിരിക്കെ ഇതൊരു വലിയ സംഭവമായി അവതരിപ്പിച്ചതിലൂടെ മുസ്ലിം കളെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കാന്തപുരം വ്യക്തമാക്കി.

[irp]

പൗരത്വ പ്രശനത്തിലുള്ള സമരങ്ങള്‍ കൂടുതല്‍ ശക്തമായി തുടരും. മുസ്ലിം സമുദായത്തെ പുറംതള്ളണമെന്ന പ്രഖ്യാപനം ഉണ്ടായത് കൊണ്ടാണ് ഈ സമരമുറ എടുത്തത്. ഇന്ത്യയുടെ ഭരണഘടന തല്ലിത്തകര്‍ത്തു തരിപ്പണമാക്കിയാല്‍ എന്തും സംഭവിക്കാം. രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് പറയാനാകില്ലെന്നും കാന്തപുരം വ്യകത്മാക്കി.

കലൂരില്‍ നിന്ന് ആരംഭിച്ച പടുകൂറ്റന്‍ റാലി മുസ്ലിം ഐക്യത്തിന്റെ ശക്തിപ്രകടനമായി മാറി. മറൈന്‍ ഗ്രൗണ്ടില്‍ സമാപന സമ്മേളനം തുടങ്ങിയപ്പോഴും റാലിയുടെ പകുതി പോലും ഗ്രൗണ്ടില്‍ എത്തിച്ചേര്‍ന്നിരുന്നില്ല. സമരപ്രഖ്യാപന പൊതു സമ്മേളനം ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു.