Connect with us

International

വ്യോമാക്രമണത്തിന് തിരിച്ചടി; ബഗ്ദാദിലെ യു എസ് എംബസിക്കു നേരെ ഹിസ്ബുല്ല അനുകൂലികളുടെ ആക്രമണം

Published

|

Last Updated

ബഗ്ദാദ് | ഇറാഖിലും സിറിയയിലും അമേരിക്കന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പ്രകോപിതരായ ജനക്കൂട്ടം ബഗ്ദാദിലെ യു എസ് എംബസി ആക്രമിച്ചു. എംബസിയിലെ പ്രധാന വാതില്‍ തകര്‍ത്ത സംഘം സ്വീകരണ മുറിക്ക് തീയിട്ടു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഇറാഖിലെ യു എസ് അംബാസഡറെയും ജീവനക്കാരെയും എംബസിയില്‍ നിന്ന് ഒഴിപ്പിച്ചു.

നേരത്തെ, ഇറാന്‍ പിന്തുണയുള്ള ശിയാ ഗ്രൂപ്പായ ഖതൈ്വബ്‌
ഹിസ്ബുല്ലയുടെ 25 പ്രവര്‍ത്തകര്‍ കൊല്ലപ്പെടാനിടയാക്കിയ യു എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിനു പ്രക്ഷോഭകര്‍ എംബസിക്കു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഖതൈ്വബ് ഹിസ്ബുല്ലയുടെ പതാകകളേന്തി അമേരിക്ക തുലയട്ടെ എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയെത്തിയ പ്രക്ഷോഭകര്‍ എംബസിക്കു നേരെ വെള്ളക്കുപ്പികള്‍ വലിച്ചെറിയുകയും മുന്‍വശത്തു സ്ഥാപിച്ചിരുന്ന സുരക്ഷാ കാമറകള്‍ തകര്‍ക്കുകയും ചെയ്തു. എംബസിയുടെ മതിലിനു മുകളില്‍ കയറിയും നിരവധി പേര്‍ പ്രതിഷേധിച്ചു.

യു എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 25 പേരുടെയും സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷമാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള ഗ്രീന്‍ സോണിലേക്കും അവിടെ നിന്ന് എംബസിക്കു മുന്നിലേക്കും പ്രക്ഷോഭകര്‍ നീങ്ങിയത്.
ഇറാഖിലെ കിര്‍ക്കുക്കില്‍ റോക്കറ്റാക്രമണത്തില്‍ കരാറുകാരനായ ഒരു യു എസ് പൗരനെ കൊലപ്പെടുത്തിയതിന് തിരിച്ചടിയായാണ് ഇറാഖിലും സിറിയയിലും ആക്രമണം നടത്തിയതെന്ന് യു എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Latest