Connect with us

Gulf

പുതുവര്‍ഷാഘോഷം; റോഡ് ഉപയോക്താക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അബൂദബി പോലീസ്

Published

|

Last Updated

അബൂദബി | പുതുവര്‍ഷ അവധിയും ആഘോഷങ്ങളും പ്രമാണിച്ചു റോഡ് ഉപയോക്താക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അബൂദബി പോലീസ്. ഗതാഗതം നിയന്ത്രിക്കുന്നതിനും സുരക്ഷാ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികള്‍ ട്രാഫിക് ആന്‍ഡ് പട്രോളിംഗ് ഡയറക്ടറേറ്റിലെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് വിഭാഗം ആവിഷ്‌ക്കരിച്ചു. റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗതം സുഗമമാക്കാനും വേണ്ടി വിവിധ ആക്ഷന്‍ പ്ലാനുകള്‍, ആഭ്യന്തര, ബാഹ്യ റോഡുകളില്‍ പട്രോളിംഗ് ശക്തമാക്കുന്നതിനുള്ള സമഗ്ര പദ്ധതികള്‍ എന്നിവ ഡയറക്ടറേറ്റ് ചര്‍ച്ച ചെയ്തു.

എല്ലാ റോഡ് ഉപയോക്താക്കളും രാത്രി വൈകിയും അതിരാവിലെയും വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും വേഗ പരിധിയും പാലിക്കണം. കൂടാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ വാഹനങ്ങള്‍ക്കിടയില്‍ മതിയായ ഇടമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ട്രാഫിക്, പട്രോളിംഗ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ദാഹി അല്‍ ഹുമൈരി നിര്‍ദേശിച്ചു.

മൊബൈല്‍ ഫോണുകളുടെ ഉപയോഗം, റേസിംഗ്, അശ്രദ്ധമായ ഡ്രൈവിംഗ്, മോഡിഫൈഡ് വാഹനങ്ങള്‍ ഓടിക്കുക, ഉച്ചത്തില്‍ സംഗീതം പ്ലേ ചെയ്യുക തുടങ്ങിയ നാഗരികത്വമില്ലാത്ത ഡ്രൈവിംഗ് രീതികളെ കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എല്ലാവരും ട്രാഫിക് നിയമങ്ങളെ മാനിക്കുകയും മറ്റ് റോഡ് ഉപയോക്താക്കളെ പരിഗണിക്കുകയും ചെയ്യുമ്പോള്‍ ആഘോഷങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest