Connect with us

തിരുവനന്തപുരം | പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭങ്ങളില്‍ ആവശ്യമില്ലാത്തവര്‍ക്ക് ഇടം നല്‍കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമ പ്രശ്‌നം ഒരു മതപ്രശ്‌നമല്ലെന്നും, രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന പ്രശ്‌നമാണ് അതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് നടന്ന രാഷ്ട്രീയ, മത, സാമൂഹ്യ സംഘടന പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ, തീവ്രവാദ സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ പരിധിയില്‍ നില്‍ക്കണമെന്നില്ല. ഇവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കും. തീവ്രവാദ സംഘടകളുടെ ഇടപെടല്‍ സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കുന്നതല്ല. ന്യായമായ പ്രക്ഷോഭങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാവില്ല. മതം പൗരത്വത്തിന്റെ അടിസ്ഥാനമായി മാറുമ്പോള്‍ ഭരണഘടന അട്ടിമറിക്കപ്പെടും. അപ്പോള്‍ മതനിരപേക്ഷ രാഷ്ട്രം എന്നതു മാറി മതാധിഷ്ഠിത രാഷ്ട്രമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അമ്മയുടെ വിവിധ മക്കള്‍ എന്ന നിലയിലാണ് കേരളത്തില്‍ നമ്മള്‍ കഴിയുന്നത്. ഇവിടെ പരസ്പരം ആദരിക്കുന്ന സ്ഥിതിയാണ് മതങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. മതം പ്രചരിപ്പിക്കാനെത്തിയവരെപ്പോലും നല്ല രീതിയില്‍ സ്വീകരിച്ച നാടാണിത്. ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനം നിര്‍ത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്ററുകളില്ലെന്നും ഇവ സ്ഥാപിക്കാന്‍ നടപടിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.