Connect with us

Kerala

ഭരണ പ്രതിപക്ഷ സംയുക്ത പ്രതിഷേധം: കേരളത്തിലെ കാര്യങ്ങള്‍ കെപിസിസി തീരുമാനിക്കും; മുല്ലപ്പള്ളിക്ക് പിന്തുണയുമായി കെ സി വേണുഗോപാല്‍

Published

|

Last Updated

തിരുവനന്തപുരം | പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ഭരണ പ്രതിപക്ഷ സംയുക്ത സമരം നടത്തിയതിനെതിരെ പ്രതികരിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. പ്രതിഷേധം സംബന്ധിച്ച് കേരളത്തിലെ കാര്യങ്ങള്‍ കെപിസിസി നേതൃത്വം തീരുമാനിക്കും. ദേശീയ തലത്തില്‍ യോജിച്ച പ്രതിഷേധം നടത്താം. സംസ്ഥാനങ്ങളിലെ പ്രതിഷേധം അതാത് സംസ്ഥാന ഘടകങ്ങള്‍ക്ക് തീരുമാനിക്കാമെന്നു വേണുഗോപാല്‍ പറഞ്ഞു. രാജ്യം തകര്‍ന്നാലും കുഴപ്പമില്ല അധികാരം തുടരണം എന്നതാണ് ബിജെപി നയം. സൈന്യം വരെ രാഷ്ട്രനയത്തില്‍ ഇടപെടുന്ന സ്ഥിതിയാണ്. ഭരണഘടന സ്ഥാപനങ്ങളെല്ലാം ബിജെപി ഓഫീസായി മാറുന്നുവെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.

കേന്ദ്ര നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് സംസ്ഥാനത്ത് പൗരത്വഭേദഗതിക്കെതിരെ സംയുക്ത പ്രതിഷേധം നടത്തിയത്. ഭരണപ്രതിപക്ഷകക്ഷികള്‍ യോജിച്ച് നടത്തിയ പ്രതിഷേധം ദേശീയ തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇതിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. വേണ്ടത്ര കൂടിയാലോചനയില്ലാതെയാണ് ഇടതുമുന്നണിയുമായി ചേര്‍ന്ന് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്തതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.ഇടതുപക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്നും മുല്ലപ്പള്ളി പിന്നീട് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഫോസിസ്റ്റ് ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളില്‍ നിന്ന് കേരളത്തിലെ സി പി എം നാളിതുവരെ ഒളിച്ചോടുകയായിരുന്നെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു