Connect with us

Articles

കാണുന്നില്ലേ ഇന്ത്യയുമായുള്ള സാമ്യം

Published

|

Last Updated

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ കത്തിപ്പടരുന്ന പ്രക്ഷോഭം ആത്യന്തികമായി വിവേചനത്തെയാണ് വിചാരണ ചെയ്യുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്ത തന്നെ വിവേചനത്തെ ശക്തമായി പ്രതിരോധിക്കുകയാണെന്നിരിക്കെ ഇപ്പോഴുയരുന്ന പോരാട്ടം ഇന്ത്യയെന്ന ആശയത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വിവേചനം ഒരു പൗരത്വ ഭേദഗതി നിയമത്തില്‍ പൊട്ടിപ്പുറപ്പെട്ടതാണോ? എത്ര ദുര്‍ബലമായ ഓര്‍മയുള്ളയാളും മറക്കാനിടയില്ലാത്തതാണല്ലോ കശ്മീരിനെ ഛിന്ന ഭിന്നമാക്കിയതും മുത്വലാഖ് ബില്ലും യു എ പി എ ഭേദഗതിയുമെല്ലാം. ഇവയെല്ലാം എത്ര ക്രൂരമായ വിവേചനമായിരുന്നു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവേചനത്തിന്റെ സുദീര്‍ഘ പാരമ്പര്യമല്ലേ അനാവരണം ചെയ്തത്. വശം ചരിഞ്ഞ സാമൂഹിക ഘടന എന്നേ ഇന്ത്യനവസ്ഥയായി മാറിയിരുന്നു. സംഘ്‌രാഷ്ട്രീയത്തിന്റെ സ്വാധീനം അവര്‍ക്ക് ഭരണമില്ലാത്തപ്പോഴും ഉണ്ടായിരുന്നുവെന്നും കാണാനാകും. ദീര്‍ഘ കാലമായി അവര്‍ നടത്തിയ സോഷ്യല്‍ എന്‍ജിനീയറിംഗിന്റെ ഫലമാണ് അവര്‍ക്ക് കൈവന്ന അധികാരം. റോഹിംഗ്യന്‍ മുസ്‌ലിംകളെ മുന്‍നിര്‍ത്തി നടത്തിയ വംശഹത്യാ പഠനത്തിന്റെ നാലാമത്തെ ഘട്ടം ഈ അവസ്ഥാ വിശേഷത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

4- ക്രമാനുഗതമായ ക്ഷയിപ്പിക്കല്‍: വംശഹത്യക്ക് വിധേയമാകുന്ന സമൂഹത്തിന്റെ വരും തലമുറയെക്കൂടി ദുര്‍ബലരാക്കുന്ന അങ്ങേയറ്റം അപകടകരമായ ഘട്ടമാണിത്. പോഷകാഹാര കുറവ് കുട്ടികളെ തളര്‍ത്തും. ഈ സമൂഹം ഉപജീവന മാര്‍ഗങ്ങളില്‍ നിന്ന് സമ്പൂര്‍ണമായി അകലും. അതോടെ എവിടെ നിന്നോ വരുമെന്ന് പറയപ്പെടുന്ന സഹായത്തിനായി കൈനീട്ടുന്നവരായി അവര്‍ മാറും. പകര്‍ച്ചവ്യാധികളും അകാല മരണങ്ങളും അവരെ വേട്ടയാടും. ഇത് ജനിതക പ്രശ്‌നങ്ങള്‍ക്ക് തന്നെ കാരണമാകും. ജനന നിയന്ത്രണ നടപടികള്‍ ഭരണകൂടം ശക്തമായി നടപ്പാക്കും. വിദ്യാഭ്യാസം നിഷേധിക്കുക വഴി പുതിയ തലമുറയെ ഇരുട്ടിലേക്ക് തള്ളിവിടും. സാമൂഹിക ധാരയിലേക്ക് എന്നെങ്കിലും തിരിച്ചു വരാനുള്ള സാധ്യതയെ കൂടി അടക്കാന്‍ വേണ്ടിയാണിത്.
5- കൂട്ട ഉന്‍മൂലനം: സത്യത്തില്‍ ഈ ഘട്ടം മാത്രമാണ് സാമാന്യേന വംശഹത്യയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കടന്നു വരാറുള്ളത്. ഇത് കൂട്ടക്കൊല തന്നെയാണ്. നേരത്തേയുള്ള ഘട്ടങ്ങളില്‍ സോഷ്യല്‍ എന്‍ജിനീയറിംഗില്‍ പങ്കെടുത്ത മുഴുവന്‍ വിഭാഗവും ഈ വേട്ടയാടലിലും പങ്കെടുക്കും. ദീര്‍ഘ കാലമായും വ്യവസ്ഥാപിതമായും ആര്‍ജിച്ചിട്ടുള്ള കായിക ശക്തി വിനിയോഗിക്കുകയാണ് ചെയ്യുക. ഭരണകൂടത്തിന്റെ നേരിട്ടുള്ള പങ്കാളിത്തം ഇതില്‍ ഉണ്ടാകാതെ തരമില്ല. അപരത്വത്തെ വെച്ച് പൊറുപ്പിക്കാനാകാത്ത നിലയിലേക്ക് ഭൂരിപക്ഷം അക്രമാസക്തമാകുകയാണ് ചെയ്യുന്നത്. എന്തിനാണ് താനിത് ചെയ്യുന്നത് എന്ന് വംശഹത്യയില്‍ പങ്കെടുക്കുന്ന പലര്‍ക്കും വ്യവച്ഛേദിച്ച് മനസ്സിലാക്കാന്‍ സാധിക്കില്ല. കുടുസ്സായ ദേശീയത അത്രക്കും ജ്വലിച്ച് നില്‍ക്കുകയാകും. മറ്റ് ജനപഥങ്ങളിലെ സിവില്‍ സമൂഹത്തിനോ മനുഷ്യാവകാശ സംഘങ്ങള്‍ക്കോ അന്താരാഷ്ട്ര സംഘങ്ങള്‍ക്കോ ഈ ഘട്ടത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഘാതകര്‍ക്ക് അനുകൂലമായ ഒരു പൊതു ബോധം അപ്പോഴേക്കും രൂപപ്പെട്ടിരിക്കും എന്നത് കൊണ്ടാണ് അത്.
6- ചരിത്രത്തില്‍ നിന്നുള്ള ഉന്‍മൂലനം: വംശഹത്യക്ക് വിധേയമായ സമൂഹത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കാനുള്ള സാധ്യതകളെക്കൂടി ഹനിക്കുക എന്നതാണ് ഈ ഘട്ടം. ഇരയുടെ സ്വത്വം സമ്പൂര്‍ണമായി കുഴിച്ചു മൂടപ്പെടുകയും വേട്ടക്കാരുടെ സ്വത്വം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയൊരു കൂട്ടം മനുഷ്യര്‍ ഇവിടെ ജീവിച്ചിരുന്നുവെന്നതിന് തെളിവേ ഇല്ലാതാക്കുന്നു. ചരിത്രപാഠങ്ങളില്‍ നിന്ന് അവരെ പുറത്ത് നിര്‍ത്തും. ചരിത്ര ശേഷിപ്പുകള്‍ മുഴുവന്‍ നശിപ്പിക്കുകയോ ഭൂരിപക്ഷത്തിന്റെ ചിഹ്നങ്ങളായി പരിവര്‍ത്തിപ്പിക്കുകയോ ചെയ്യും. ചില പദങ്ങള്‍ പ്രയോഗിക്കുന്നത് നിയമപരമായി കുറ്റമാണെന്ന് പ്രഖ്യാപിക്കപ്പെടും. ചില പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കപ്പെടും. ഓര്‍മകളെ കുഴിച്ചു മൂടാന്‍ വേണ്ടിയാണിത്.
ഈ പഠനത്തിന്റെ ആദ്യ ഭാഗത്തും ഈ ഭാഗത്തുമായി പ്രതിപാദിച്ച ആറ് ഘട്ടങ്ങൾ എങ്ങനെയാണ്. മ്യാൻമാറിൽ പ്രവർത്തിക്കുന്നതെന്ന് വിശദമാക്കാം.

ഒന്നാം ഘട്ടം

നാല് പതിറ്റാണ്ടായി റോഹിംഗ്യാ മുസ്‌ലിംകളെ ദേശവിരുദ്ധരും ഇരുണ്ട അപരത്വവുമായി മുദ്ര കുത്താനുള്ള സംഘടിതമായ നീക്കങ്ങള്‍ നടന്നു വരികയായിരുന്നു. 1982ലെ പൗരത്വ നിയമം ഇതിന്റെ ഏറ്റവും പ്രത്യക്ഷമായ തെളിവാണ്. മ്യാന്‍മര്‍ പൗരത്വത്തിന് അര്‍ഹമായ വിഭാഗങ്ങളുടെ പട്ടികയില്‍ നിന്ന് റോഹിംഗ്യന്‍ മുസ്‌ലിംകളെ ഒഴിവാക്കുകയാണ് പട്ടാള ഭരണകൂടം ചെയ്തത്. ബ്രിട്ടീഷുകാര്‍ അധിനിവേശം തുടങ്ങിയ 1824ല്‍ രാജ്യത്തുണ്ടായിരുന്നവര്‍ക്കാണ് ഈ നിയമം പൗരത്വം നല്‍കുന്നതെന്നും റോഹിംഗ്യകള്‍ അതിന് ശേഷം വന്നതാണെന്നുമായിരുന്നു ഭരണകൂടത്തിന്റെ വാദം.

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന അതേ എക്‌സ്‌ക്ലൂഷന്‍.
2012ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഇങ്ങനെ വായിക്കാം: ഈ സര്‍ക്കാര്‍ റോഹിംഗ്യ എന്ന പദം അംഗീകരിക്കില്ല. ബംഗാളികള്‍ ആ പദം ഉപയോഗിക്കുന്നുണ്ട്. അത്തരം തെറ്റായ പ്രയോഗങ്ങളാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം.
2014ല്‍ റാഖിനെയിലെ മുസ്‌ലിം കുട്ടികള്‍ക്കായി യൂനിസെഫ് സാമ്പത്തിക സഹായം അനുവദിച്ചപ്പോള്‍ അത് സംബന്ധിച്ച രേഖകളില്‍ റോഹിംഗ്യാ മുസ്‌ലിംകള്‍ എന്ന പ്രയോഗം നടത്തിയിരുന്നു. മ്യാന്‍മര്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ പ്രതിഷേധിച്ചു. യൂനിസെഫിന് ക്ഷമ പറയേണ്ടി വന്നു.
2015 മെയില്‍ തായ്‌ലാന്‍ഡില്‍ അഭയാര്‍ഥി വിഷയത്തില്‍ ഒരു അന്താരാഷ്ട്ര സമ്മേളനം നടന്നു. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ സഞ്ചരിച്ച ബോട്ട് കടലില്‍ മുങ്ങുകയും വലിയ മാനുഷിക പ്രശ്‌നമായി അത് മാറുകയും ചെയ്തപ്പോഴായിരുന്നു സമ്മേളനം. സമ്മേളനത്തിന്റെ ക്ഷണക്കത്തില്‍ റോഹിംഗ്യാ എന്ന് എഴുതിയത് കൊണ്ട് മാത്രം മ്യാന്‍മര്‍ ഉപ വിദേശകാര്യ മന്ത്രി താന്ത് ക്യോ ഉച്ചകോടി ബഹിഷ്‌കരിച്ചു.

സൈനിക കേഡറ്റുകള്‍ക്കുള്ള ട്രെയിനിംഗ് മെറ്റീരിയല്‍ വിക്കിലീക്‌സിന് ചോര്‍ന്ന് കിട്ടിയിരുന്നു. ഇന്റര്‍നാഷനല്‍ സ്റ്റേറ്റ് ക്രൈം ഇനീഷ്യേറ്റീവ് വംശഹത്യയുടെ ഒന്നാം ഘട്ടം വിശദമാക്കാന്‍ ഇത് ഉപയോഗിക്കുന്നുണ്ട്. സര്‍ക്കുലറിലെ

ഉള്ളടക്കം ഇങ്ങനെ വായിക്കാം:
1- അവര്‍ മതം പ്രചരിപ്പിക്കാന്‍ നുഴഞ്ഞ് കയറിയവരാണ്. അവര്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ശക്തികളുണ്ട്. സൂക്ഷിക്കണം.
2- നിയമവിരുദ്ധ കുടിയേറ്റം വഴിയും ഉയര്‍ന്ന പ്രജനനം വഴിയും ജനസംഖ്യ ഉയര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. അങ്ങനെ ന്യൂനപക്ഷ- ഭൂരിപക്ഷ സന്തുലനം തകര്‍ക്കും.
3- മ്യാന്‍മറുകാരെന്ന് അവകാശപ്പെട്ട് അവസരങ്ങള്‍ തട്ടിയെടുക്കുന്നു.
കാണുന്നില്ലേ ഇന്ത്യയുമായുള്ള സാമ്യം.

രണ്ടാം ഘട്ടം

അക്രമത്തിന്റെ ഇടവേളകള്‍ കുറഞ്ഞ് വന്നു. 2012ലെ അതിക്രമത്തിന്റെ മുറിവുകള്‍ ഉണങ്ങും മുമ്പ് നിരവധി കലാപങ്ങള്‍ അരങ്ങേറി. അവയില്‍ പലതിലും സൈന്യത്തിന്റെ നേരിട്ടുള്ള പങ്കാളിത്തം ഉണ്ടായിരുന്നതായി സ്വതന്ത്ര അന്വേഷണ സംഘങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 2014 മാര്‍ച്ചില്‍ സന്നദ്ധ സംഘടനയുടെ സിത്‌വേയിലെ ഓഫീസ് ആക്രമിച്ചു. മുസ്‌ലിംകളെ സഹായിക്കുന്നവരെ പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം.
(അവസാനിക്കുന്നില്ല)

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്