Connect with us

National

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കിടെ, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ പി ആര്‍) പുതുക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പ്രക്രിയക്ക് 8,500 കോടി രൂപ ചെലവ് വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ ഓരോ പൗരന്റെയും സമഗ്രമായ. തിരിച്ചറിയല്‍ വിവരങ്ങള്‍ രേഖപ്പെടുത്തുകയാണ് എന്‍ പി ആര്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സെന്‍സസ് വിഭാഗം അറിയിച്ചു. ജനസംഖ്യാ വിവരങ്ങള്‍ക്കു പുറമെ സ്ഥിതി വിവരങ്ങളുടെ വിശദാംശങ്ങളും രേഖയിലുണ്ടാകും.

ഒരു പ്രദേശത്ത് ആറുമാസമോ അതിലധികമോ ജീവിക്കുകയോ അടുത്ത ആറുമാസത്തേക്കോ അതില്‍ കൂടുതലോ ജീവിക്കാന്‍ ആഗ്രഹിക്കുകയോ ചെയ്യുന്നവരെയാണ് പൗരനായി പരിഗണിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓരോ പൗരനും എന്‍ പി ആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടത് നിര്‍ബന്ധമാണ്.
“ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനുള്ള ശിപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. എന്നാല്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താന്‍ ആരും പുതിയ രേഖകളൊന്നും നല്‍കേണ്ടതില്ല. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരെയും രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും.” കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കവെ പറഞ്ഞു.

രജിസ്റ്റര്‍ പുതുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിട്ടുനില്‍ക്കാനാകില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.