നികുതി അടച്ചെന്ന് ഉറപ്പുവരുത്തുക; പ്രതിഷേധിക്കുന്ന സിനിമാക്കാര്‍ക്കെതിരെ ഭീഷണിയുമായി സന്ദീപ് വാര്യര്‍

Posted on: December 24, 2019 12:59 pm | Last updated: December 24, 2019 at 7:55 pm

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുകയും രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍. പ്രതിഷേധവുമായി ഇറങ്ങിത്തിരിച്ചവര്‍ വരുമാന നികുതി കൃത്യമായി അടച്ചിട്ടുണ്ടെന്നന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണെന്നും അല്ലെങ്കില്‍ ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പുകളുടെ നടപടി നേരിടേണ്ടി വരുമെന്നുമാണ് ഫെയ്‌സ് ബുക്കിലൂടെയുള്ള ഭീഷണി.

എഫ് ബി പോസ്റ്റിന്റെ പൂര്‍ണ രൂപം

മുമ്പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക്. പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധക്ക്. ഇന്‍കം ടാക്സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കം ടാക്സ്, എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കൈയോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത്. അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല.