Connect with us

Kerala

പ്രളയ അതിജീവനം: സംസ്ഥാനത്ത് ജനകീയ ഭൂവിനിയോഗ, ജല വിഭവ നയം വരുന്നു

Published

|

Last Updated

തിരുവനന്തപുരം |  പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ ഭൂവിനിയോഗ മാനേജ്‌മെന്റും ജല വിഭവ മാനേജ്‌മെന്റും തയ്യാറാക്കുന്നു. ദുരന്തനിവാരണവും പുനര്‍നിര്‍മാണവും ജനകീയമായി തയ്യാറാക്കുന്നതിനുള്ള പ്രത്യേക ഗ്രാമസഭകള്‍ ഈ വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യും. വന പരിപാലനം, അതിജീവനശേഷിയുള്ള പ്രാദേശിക സമൂഹം, ഗതാഗതവും ആശയവിനിമയ സാങ്കേതികവിദ്യയും എന്നിവയിലും ജനപങ്കാളിത്തത്തോടെ പുതിയ പദ്ധതി ഇതോടൊപ്പം തയ്യാറാക്കും. ഗ്രാമസഭയിലെ അഭിപ്രായം ക്രോഡീകരിച്ച് സംസ്ഥാനതലത്തില്‍ രേഖ തയ്യാറാക്കി ആവശ്യമായ നിയമവും ചട്ടങ്ങളും കൊണ്ടുവരും. ജനകീയാസൂത്രണ മാതൃകയില്‍ കേരള പുനര്‍നിര്‍മാണത്തിന് നടത്തുന്ന “നമ്മള്‍ നമുക്കായ്” ക്യാമ്പയിന്റെ ഭാഗമായി പ്രത്യേക ഗ്രാമസഭ ചേരുന്നത്.

റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് തയ്യാറാക്കിയ സമീപനരേഖ കേന്ദ്രീകരിച്ചാകും ഈ അഞ്ചു മേഖലകളില്‍ പ്രത്യേക ഗ്രാമസഭ ചര്‍ച്ച നടത്തുക. ഇതോടൊപ്പം സര്‍വകലാശാലകള്‍, സര്‍ക്കാര്‍ വകുപ്പുകളില്‍ സാങ്കേതിക സെഷനുകള്‍, വിദേശമലയാളികള്‍ക്കായി വെര്‍ച്വല്‍ ചര്‍ച്ച എന്നിവയും നടക്കും. ലോകത്തെവിടെ നിന്നും ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ പ്രത്യേക പോര്‍ട്ടലും തയ്യാറാക്കും.

ഭൂമിയുടെ വിനിയോഗം, ഖനനം. കൃഷി, വാസയിടങ്ങള്‍, ദുരന്തസാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയവയാകും ഭൂവിനിയോഗ മാനേജ്‌മെന്റിന്റെ ഭാഗമായി ചര്‍ച്ച ചെയ്യുക. ജല വിഭവ മേഖലയില്‍ സംയോജിത പദ്ധതികള്‍ ചര്‍ച്ച ചെയ്യും. തടയണ, കോള്‍ നില വികസനം, വനനശീകരണം, കാലാവസ്ഥാവ്യതിയാനം, നീരൊഴുക്ക്, മണ്ണെടുപ്പ്, തണ്ണീര്‍ത്തടങ്ങള്‍, പച്ചത്തുരുത്തുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചും ചര്‍ച്ച നടക്കും. ഓരോ മേഖലയിലെയും വിദഗ്ധരുമായി ആലോചിച്ചാകും രേഖകള്‍ തയ്യാറാക്കുക. ഇതിനായി വിവിധമേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന രാജ്യാന്തര സെമിനാര്‍ നടത്തും. തുടര്‍ന്നാകും ആവശ്യമുണ്ടെങ്കില്‍ ചട്ടങ്ങളും നിയമങ്ങളും രൂപപ്പെടുത്തുക. ഇതിനായാണ് പ്രത്യേക നിയമസഭ ചേരുന്നത്.