Religion
ശൈഖുൽ ഹദീസ്: അറിവിന്റെ മഹാ വിസ്മയം
 
		
      																					
              
              
            ഹദീസ് വിജ്ഞാനത്തിൽ നിസ്തുലമായ പാണ്ഡിത്യമായിരുന്നു ശൈഖുനാ നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാരുടേത്.(1939-2011) ശൈഖുൽ ഹദീസ് പദവിയെ അന്വർഥമാക്കുന്ന മഹാ പ്രതിഭാത്വം. ഹദീസുകളുടെ ലോകത്ത് വിജ്ഞാനത്തിന്റെ ആഴവും പരപ്പും തേടി അലഞ്ഞ മഹാനായ അന്വേഷകൻ. ദുർവ്യാഖ്യാന ശ്രമങ്ങളെ പ്രതിരോധിച്ചും ഹദീസ് നിഷേധ പ്രവണതയെ പ്രമാണ ബദ്ധമായി തകർത്തും ഇസ്‌ലാമിന്റെ ആദർശാടിത്തറ ഭദ്രമാക്കാൻ ജീവിതം സമർപ്പിച്ചു ആ മഹാമനീഷി.
ചരിത്രപരമായി തെളിയിക്കപ്പെടുമ്പോഴാണ് ഓരോ ഹദീസും പ്രമാണമായി സ്വീകരിക്കപ്പെടുക. ചരിത്രത്തെ കണ്ടെത്തുന്നതിൽ സംഭവിക്കാവുന്ന അപാകങ്ങൾ ഹദീസുകളുടെ കാര്യത്തിൽ ഏറെ ഗൗരവതരമാണ്. സൂക്ഷമജ്ഞാനത്തോടെ മാത്രം നിർവഹിക്കേണ്ട ദൗത്യം. ഓരോ ഹദീസും ഇൽമുൽ ഹദീസിന്റെ ഉരക്കല്ലിൽ മാറ്റുരച്ച് വേണം കൊള്ളാനും തള്ളാനും. അനേകം ഗ്രന്ഥങ്ങളുടെ സൂക്ഷ്മ വായനയിലൂടെ ആർജിച്ചെടുക്കാവുന്ന ഈ നൈപുണ്യം ഇസ്മാഈൽ മുസ്‌ലിയാർക്കുണ്ടായിരുന്നു. സ്വാർഥ താൽപര്യാർഥം ഹദീസുകളെ ദുർ വ്യാഖ്യാനിക്കാനും ഹദീസ് ചരിത്രത്തെ വക്രീകരിക്കാനുമുള്ള ശ്രമങ്ങളിൽ നിന്ന് അവയെ പരിരക്ഷിക്കുക എന്നത് മഹത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ദൗത്യമാണ്. ആ ദൗത്യമായിരുന്നു ശൈഖുൽ ഹദീസിന്റേത്.
ഒരു ജീവിത വ്യവസ്ഥിതി എന്ന നിലയിൽ ഇസ്‌ലാമിനെ വിശദീകരിക്കാൻ നാം ആശ്രയിക്കുന്നത് പ്രധാനമായും ഹദീസുകളെയാണ്. കർമശാസ്ത്രം നിർവഹിക്കുന്ന ഈ ദൗത്യം പ്രാമാണികമായി സമർഥിക്കുക എന്നത് പുതിയ കാലത്ത് ആവശ്യമായിരുന്നു. മത യുക്തിവാദവും ഭൗതിക യുക്തിവാദവും ഓറിയന്റിലിസ്റ്റുകളുമെല്ലാം ഇസ്‌ലാമിനെ വക്രീകരിക്കാൻ ഹദീസുകളെ ആശ്രയിക്കുന്ന രീതി സ്വീകരിക്കാറുണ്ട്. ഹദീസുകളുടെ പ്രാമാണികത അംഗീകരിക്കുന്നവർ തന്നെ തങ്ങളുടെ മത യുക്തിവാദങ്ങൾ തെളിയിക്കാനും ഹദീസുകളെ ആശ്രയിക്കുന്നു. മത യുക്തിവാദത്തിൽ അതിര് കവിഞ്ഞവരാകട്ടെ, ഒരു പരിധി വരെ ഹദീസുകളുടെ പ്രാമാണികത നിഷേധിക്കുന്നവരും സ്വീകരിക്കുന്നത് തന്നെ രണ്ട് സാക്ഷി സിദ്ധാന്തത്തിന്റെ ബലത്തിൽ വേണമെന്ന് ശഠിക്കുന്നവരുമായിരുന്നു. ഇതിനെല്ലാം പുറമെയായിരുന്നു ദുർവ്യാഖ്യാന പ്രവണതകൾ. ഇത്തരം ശ്രമങ്ങൾ ഹദീസുകളെ ഉപജീവിച്ചുകൊണ്ട് ധാരാളമായി നടന്ന് വന്ന ഒരു കാലത്തായിരുന്നു ശൈഖുൽ ഹദീസ് തന്റെ ദൗത്യ നിർവഹണവുമായി നിറഞ്ഞ് നിന്നത്. ചെറിയ വാക്കുകളിൽ ഒതുക്കിപ്പറയാവുന്ന ഈ ദൗത്യം അസാധാരണമായ പണ്ഡിത പ്രതിഭക്ക് മാത്രം സാധിക്കുന്നതായിരുന്നു.
1963. ദയൂബന്ത് ദാറുൽ ഉലൂമിൽ ഉപരിപഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ ഒരു യുവ പണ്ഡിതൻ തന്റെ സ്വപ്‌നങ്ങൾ രൂപപെടുത്തുന്നു. ലക്ഷ്യങ്ങൾ നിർണയിക്കുന്നു. ക്രമബദ്ധമായ പ്രവർത്തനത്തിലൂടെ അവ ഓരോന്നായി സാധിച്ചെടുക്കുന്നു. സ്വപ്‌നങ്ങളെ തേടി പിടിച്ച് പിന്തുടരുന്ന മഹാ വിസ്മയം. പുതിയ കാലത്ത് നാം സ്വപ്‌നങ്ങളിൽ ചെന്ന് വീഴുന്നു. അവിടെ നിന്ന് പിടഞ്ഞെഴുന്നേറ്റോടുന്നു. സ്വപ്‌നങ്ങളില്ലാത്ത ലോകത്ത് വിരാജിക്കുന്നു. നൂറ് തെങ്ങുകൾ, നൂറ് വിദ്യാർഥികൾ, നൂറ് ഗ്രന്ഥങ്ങൾ, അര നൂറ്റാണ്ടെങ്കിലും മുമ്പാണന്നോർക്കണം . തന്റെ സ്വപ്‌നങ്ങൾക്കായി കാലത്തിന്റെ പരിമിതികളെ വെല്ല് വിളിച്ച് നിശ്ചയ ദാർഡ്യത്തോടെ നില കൊണ്ടിടത്താണ് ശൈഖുൽ ഹദീസ് വ്യത്യസ്തനാകുന്നത്.
മർഹൂം ഇ കെ ഹസ്സൻ മുസ്‌ലിയാർ(1925 -1982)ക്ക് ശേഷം സുൽത്താനുൽ ഉലമയോട് ചേർന്ന് നിന്ന് കേരളീയ മുസ്‌ലിംകൾക്ക് ആദർശ വീര്യം പകർന്ന് നൽകിയ ശൈഖുനാ മത നവീകരണ വാദങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചു. മത പരിഷ്‌കരണ വാദത്തെ ചെറുക്കേണ്ടത് രാജ്യ രക്ഷക്ക് ആവശ്യമാണന്ന് കിട്ടിയ അവസരങ്ങളിലൊക്കെ ഉസ്താദ് വിളിച്ച് പറഞ്ഞു. അന്ന് കൗതുകം കൊണ്ടവർ ഇന്ന് തിരിച്ചറിയുന്നു ആ യാഥാർഥ്യം. തീവ്രവാദം രാജ്യതാത്പര്യങ്ങൾക്കും രാഷ്ട്രപുരോഗതിക്കും വിഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഇന്ന് എല്ലാവർക്കും അറിയാം. ആഗോളതലത്തിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ ആശയാടിത്തറ മതപരിഷ്‌കരണ വാദമോ മതയുക്തി വാദമോ ആണന്നും വ്യക്തമാണ.് ഈ ദുരന്തത്തെയാണ് ശൈഖുൽ ഹദീസ് പ്രവചിച്ചു കൊണ്ടിരുന്നത്. ആ ദുരന്തം മുസ്‌ലിം കേരളത്തിന്റെ കിടപ്പു മുറിയിലെത്തിയിരിക്കുന്നു ഇപ്പോൾ.
“അഖീദത്തുസ്സുന്ന””: ശൈഖുൽ ഹദീസിന്റെ മാസ്റ്റർ പീസ്, “”തൗഹീദ് ഒരു സമഗ്രപഠനം”” ഇന്നും നിരൂപിക്കപ്പെടാതെ നിൽക്കുന്നു. ഇസ്‌ലാമിന്റെ തിയോളജി അറബിയിലും മലയാളത്തിലും സമഗ്രമായി പഠന വിധേയമാക്കുന്നു ഈ ഗ്രന്ഥങ്ങൾ. ഖുർആൻ, ഹദീസ്, കർമശാസ്ത്രം, തർക്കശാസ്ത്രം, ഗോളശാസ്ത്രം, നിദാന ശാസ്ത്രം…. സർവ വിജ്ഞാനത്തിന്റേയും അനന്ത വിഹായസിൽ ശൈഖുനാ അനായാസം വിരാജിച്ചു. ഇഷ്ട വിഷയങ്ങളിലെല്ലാം ഗ്രന്ഥ രചന നടത്തി.
ആ മഹാപ്രതിഭ നമുക്ക് മുമ്പിൽ വിസ്മയമായി മാറുന്നത് ഇവിടെയാണ്. ഇങ്ങനെയെല്ലാം ആകുമ്പോഴും ശൈഖുൽ ഹദീസ് സംഘടനാ പ്രവർത്തകനായിരുന്നു. പ്രഭാഷകനായിരുന്നു. കർഷകനായിരുന്നു. കച്ചവടക്കാരനായിരുന്നു. അപ്പോൾതന്നെ വീടുകൾക്ക് സ്ഥാനം, പള്ളികൾക്ക് ഖിബ്‌ല നിർണയം… അത്ഭുതകരമായ ആ ജീവിതം ത്രസിപ്പിക്കുന്ന ഒരു സ്വപ്‌നം പോലെ ആധുനിക വിദ്യാർഥികളെ വെല്ലുവിളിക്കുന്നു. പ്രകോപിപ്പിക്കുന്നു. ശൈഖുൽ ഹദീസിന്റെ 9ാം ഉറൂസ് മുബാറക് 2019 ഡിസംബർ 20,21,22 തീയതികളിൽ നെല്ലിക്കുത്തിൽ വെച്ച് നടക്കുന്നു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

