Kerala
സി പി എമ്മുമായി യോജിച്ച് കോണ്‍ഗ്രസ് ഒരു സമരത്തിനുമില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം | പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാറിനോടും സി പി എമ്മിനോടും ചേര്‍ന്ന് കോണ്‍ഗ്രസ് ഒരു സമരത്തിനുമില്ലെന്ന തന്റെ നിലപാട് വീണ്ടും ആവര്‍ത്തിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഞാന്‍ പറയുന്നതാണ് പാര്‍ട്ടി നിലട്. ഇതില്‍ മാറ്റമില്ല. ഇത് മാറ്റണമെങ്കില്‍ പാര്‍ട്ടി യോഗം വിളിച്ച് തീരുമാനിക്കണം. സി പി എമ്മുമായി യോജിച്ച് സമരത്തിനില്ല- മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ പൗരത്വ ഭീകരതയാണ് നടക്കുന്നത്. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവരെ പോലീസ് ജാമ്യമില്ലാതെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയും തമ്മില്‍ വലിയ മാറ്റമില്ല. ഇവരെല്ലാം ഒരേ തൂവല്‍ പക്ഷികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രിയുടെ നേൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തതിനെ മുല്ലപ്പള്ളി വിമര്‍ശിച്ചിരുന്നു. ഇനി സി പി എമ്മുമായി സമരമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും വി ഡി സതീശനും രംഗത്തെത്തിയിരുന്നു. യോജിച്ച പ്രക്ഷോഭം ഇനിയും വേണമെന്ന നിലപാടാണ് ഇവര്‍ എടുത്തത്. യോജിച്ച സമരത്തിനില്ലെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെതിരെ മുസ്ലിംലീഗും മുസ്ലിം സമുദായ സംഘടനകളും രംഗത്തെത്തിയിരുന്നു.
ഇന്ന് രാവിലെ മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും യോജിക്കാവുന്ന മേഖലയില്‍ യോജിച്ചുള്ള പ്രക്ഷോഭം വേണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ആവര്‍ത്തിക്കുന്നതാണ് മുല്ലപ്പള്ളിയുടെ ഏറ്റവും പുതിയ പ്രസ്താവന.




