Connect with us

Kerala

പൗരത്വ നിയമ ഭേദഗതി: ഗവര്‍ണറുടെ വിവാദ പ്രസ്താവനയെ അപലപിച്ച് കോണ്‍ഗ്രസ്

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പരാമര്‍ശങ്ങളെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ പി ആര്‍ ഒയെ പോലെയാണ് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ വെള്ളപൂശാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. നിര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണിത്. ഗവര്‍ണര്‍ ബി ജെ പി വക്താവായി പെരുമാറിയാല്‍ അദ്ദേഹത്തിന് കേരളത്തില്‍ ലഭിച്ചിരിക്കുന്ന വലിയ സ്വീകാര്യത ഇല്ലാതാവുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ് ബുക്ക് പോസ്റ്റിലാണ് സുധീരന്റെ വിമര്‍ശനം.

ആരിഫ് മുഹമ്മദ് ഖാന്‍ ബി ജെ പിയുടെ വക്താവായി അധപതിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ഉപ നേതാവ് കെ സി ജോസഫ് എം എല്‍ എ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി ബില്‍ കോണ്‍ഗ്രസ് സൃഷ്ടിയാണെന്ന ഗവര്‍ണറുടെ കണ്ടുപിടിത്തം വസ്തുതാ വിരുദ്ധമാണ്. ബി ജെ പിയെ പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവര്‍ണറും ശ്രമിക്കുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളെന്ന നിലയില്‍ ഗവര്‍ണറുടെ ഭാഗത്തു നിന്ന് ഇത്തരം പരാമര്‍ശങ്ങളുണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പറഞ്ഞു.

Latest