Connect with us

Gulf

ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവിന്റെ ചെവിയില്‍ ഞണ്ടു കയറി: സൂക്ഷ്മ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

Published

|

Last Updated

യുവാവിന്റെ ചെവിയില്‍ നിന്ന് പുറത്തെടുത്ത ഞണ്ട്

അബൂദബി | ചെവിയില്‍ ചെറുപ്രാണി കയറിയാല്‍ തന്നെ പലര്‍ക്കും സഹിക്കാനാകില്ല. അപ്പോള്‍ ജീവനുള്ള ഞണ്ട് കയറിയാല്‍ എങ്ങനെയുണ്ടാകും! ചെവിക്കുഴിയുടെയും ഞണ്ടിന്റെയും വലിപ്പം മനസിലോര്‍ത്ത് അങ്ങനെയൊരു സാധ്യത ഇല്ലെന്നാണ് പറയാന്‍ വരുന്നതെങ്കില്‍ തെറ്റി. അബൂദബിയിലെ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ പ്രവാസിയുടെ ചെവിയില്‍ കയറിയത് ജീവനുള്ള കുഞ്ഞു ഞണ്ട്. കടലില്‍ മുങ്ങി നിവര്‍ന്ന യുവാവിന് പെട്ടെന്നാണ് ചെവിയില്‍ എന്തോ കയറിയതുപോലെ തോന്നിയത്. വിരല്‍ കടത്തി നോക്കിയെങ്കിലും ചെവിയില്‍ കയറിയതെന്താണെന്ന് മനസിലായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചെവി പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. വേദന മൂര്‍ച്ഛിച്ചതോടെ ഒരു മണിക്കൂറിനകം യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു.

അബൂദബി മറീന മാളിലെ ബുര്‍ജീല്‍ എം എച്ച് പി സി മെഡിക്കല്‍ സെന്ററില്‍ ഡോ. പ്രഭീര്‍ പോളിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇടതു ചെവിക്കകത്തു കടന്നത് ഞണ്ടാണെന്ന് കണ്ടെത്തിയത്. “കര്‍ണനാളത്തിനകത്ത് അകപ്പെട്ട നിലയിലായിരുന്നു ഞണ്ട്. ഞണ്ട് അകത്തു കടന്നതിനെ തുടര്‍ന്ന് കര്‍ണനാളം വീര്‍ത്തു തുടങ്ങിയിരുന്നു. അതുകൊണ്ടു തന്നെ പുറത്തെടുക്കുക എളുപ്പമായിരുന്നില്ല. ഒട്ടോളറിഞ്ചോളജി വിദഗ്ദനായ ഡോ. പ്രഭീര്‍ പോള്‍ പറഞ്ഞു. കര്‍ണപടത്തിനും ചെവിയുടെ മറ്റു ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ പറ്റാതിരിക്കാന്‍ ഞണ്ടിന്റെ എത്രയും പെട്ടെന്ന് നീക്കം ചെയ്യേണ്ടത് അനിവാര്യമായിരുന്നു. എന്‍ഡോസ്‌കോപ്പിന്റെ സഹായത്തോടെ നടത്തിയ സൂക്ഷ്മ ശസ്ത്രക്രിയയിലൂടെയാണ് ഞണ്ടിനെ ജീവനോടെ പുറത്തെടുത്തത്.

ശസ്ത്രക്രിയക്ക് കഴിഞ്ഞു നിരീക്ഷണത്തിനു ശേഷം യുവാവ് ആശുപത്രി വിട്ടു. കേള്‍വിക്ക് യാതൊരു കുഴപ്പവും പറ്റാത്തതിന്റെ ആശ്വാസത്തിലാണ് തൊഴില്‍പരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത 38-കാരനിപ്പോള്‍. “ബീച്ചില്‍ നിന്ന് ചെവിക്കകത്തു കയറിയത് ഞണ്ടാണെന്ന് അറിഞ്ഞപ്പോള്‍ ആകെ ഭയന്ന് പോയി. കേള്‍വിക്ക് തകരാര്‍ സംഭവിക്കുമോ എന്നായിരുന്നു പേടി. എന്നാല്‍ ചെവിക്ക് പ്രശ്‌നങ്ങള്‍ ഇല്ലാതെ പെട്ടെന്ന് തന്നെ ശസ്ത്രക്രിയയിലൂടെ ഞണ്ടിനെ നീക്കം ചെയ്തതിന് ഡോക്ടറോട് നന്ദിയുണ്ട്,” യുവാവ് പറഞ്ഞു. കര്‍ണപടത്തിന് കേടുപറ്റാതെ ഞണ്ടിനെ പുറത്തെത്തിക്കുന്നതില്‍ യുവാവിനെ ഭാഗ്യവും തുണച്ചതായാണ് ഡോക്ടര്‍ പ്രഭീറിന്റെ വിലയിരുത്തല്‍.

ബീച്ചില്‍ കുളിക്കാനോ വിശ്രമിക്കാനോ പോകുന്നവരോട് ഡോക്ടര്‍ക്ക് പറയാനുള്ളതിതാണ്- “കടലോരത്തു നിന്ന് ശരീരത്തിലേക്ക് ചെവിയിലൂടെയോ മൂക്കിലൂടെയോ വായിലൂടെയോ പുറത്തു നിന്നുള്ള ജീവികളും വസ്തുക്കളും കടക്കാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ ഉണ്ടായാല്‍ ഒരിക്കലും സ്വന്തം നിലയില്‍ ഇവയെ പുറത്തെടുക്കാന്‍ ശ്രമിക്കാതിരിക്കുക. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പോവുക. സ്വന്തം നിലയില്‍ ഇവയെ നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ ആന്തരാവയവങ്ങള്‍ക്ക് കേടുപാടും രക്തസ്രാവവും അടക്കമുള്ള സങ്കീര്‍ണതകള്‍ക്കാണ് സാധ്യത.”