Connect with us

Gulf

മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടിയെ ദമാം മീഡിയ ഫോറം അപലപിച്ചു

Published

|

Last Updated

ദമാം | മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിന് പോയ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയെ ദമാം മീഡിയ ഫോറം അപലപിച്ചു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ തടയുകയും വ്യാജ പ്രചാരണം നടത്തുകയും ചെയ്യുന്ന നിയമപാലകര്‍ ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയില്‍ വച്ച ശേഷമാണ് മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചത്. വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയാണ് അധികാരികളുടെ വാദങ്ങള്‍. പൗരത്വ ബില്ലിനെതിരെ ശക്തിപ്രാപിക്കുന്ന ഇന്ത്യന്‍ പൊതു സമൂഹത്തിന്റെ ചെറുത്തുനില്‍പ്പ് അന്തര്‍ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിനിടെ, മാധ്യമങ്ങളെ ഭയപ്പെടുത്തി വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കുടില തന്ത്രങ്ങള്‍ മംഗളൂരു പോലീസിലൂടെ കേന്ദ്ര ആഭ്യന്തര വകുപ്പ് പരീക്ഷിക്കുകയാണെന്നും മീഡിയ ഫോറം ആരോപിച്ചു.

അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കും വിധമാണ് കസ്റ്റഡിയിലെടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരോട് മംഗളുരു പോലീസ് പെരുമാറിയത്. വസ്തുതകള്‍ വെളിച്ചെത്തു കൊണ്ടുവരുന്നവരെ തടഞ്ഞു വെച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാനുള്ള ശ്രമം അസഹിഷ്ണുതയുടെയും അധികാര ഹുങ്കിന്റെയും പ്രതിഫലനമാണ്. ഇഷ്ടപ്പെടാത്ത വാര്‍ത്ത ചെയ്താല്‍ ചെയ്തയാളെ ഉന്‍മൂലനം ചെയ്യുന്ന, ജനാധിപത്യത്തിന്റെ തകര്‍ച്ചക്ക് കാരണമായേക്കാവുന്ന തെറ്റായ പ്രവണത വര്‍ത്തമാനകാല ഇന്ത്യയില്‍ വളരുകയാണ്. ജീവന്‍ പോലും അപകടപ്പെടുത്തി വാര്‍ത്തകള്‍ ശേഖരിക്കേണ്ട സാഹചര്യം രൂപപ്പെട്ടു വരികയാണെന്നും വിയോജിപ്പുകളോട് ജനാധിപത്യപരമായി പ്രതികരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലേക്ക് അധികാരികള്‍ മാറേണ്ടതുണ്ടെന്നും ദമാം മീഡിയ ഫോറം പ്രസിഡന്റ് ചെറിയാന്‍ കിടങ്ങന്നൂര്‍, ജനറല്‍ സെക്രട്ടറി അഷ്റഫ് ആളത്ത് എന്നിവര്‍ പ്രതിഷേധക്കുറിപ്പില്‍ ആവശ്യപ്പെട്ടു.