Connect with us

Gulf

ട്രാഫിക് പിഴ; 50 ശതമാനം ഇളവ് അനുവദിച്ച് അബൂദബി പോലീസ്

Published

|

Last Updated

അബൂദബി പോലീസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി വിശദീകരണം നടത്തുന്നു

അബൂദബി | ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചു അബൂദബി പോലീസ്. ഡിസംബര്‍ 22 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന പിഴകള്‍ക്കാണ് ഇളവ് ലഭിക്കുക. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മാര്‍ച്ച് 22 നകം പിഴ അടയ്ക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുകയെന്ന് അബൂദബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി അബൂദബിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 22നു ശേഷം രജിസ്റ്റര്‍ ചെയ്യുന്ന പിഴകള്‍ രണ്ട് മാസത്തിനുള്ളില്‍ അടച്ചാല്‍ 35 ശതമാനവും അതിന് ശേഷം 25 ശതമാനവും ഇളവ് ലഭിക്കും. ട്രാഫിക് പിഴ ഇളവ് കൂടാതെ ഡിസംബര്‍ 22 ന് മുമ്പുള്ള എല്ലാ ബ്ലാക്ക് പോയിന്റുകളും വാഹന ജപ്തിയും ഒഴിവാക്കിയിട്ടുണ്ട്.

“അപകടകരമായത്” എന്ന് തരംതിരിച്ചിട്ടുള്ളവ ഒഴികെ എല്ലാ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കും പുതിയ ഇളവ് ബാധകമാണ്. ട്രാഫിക് പ്രോസിക്യൂഷനോ കോടതിയോ ചുമത്തുന്ന പിഴകള്‍ക്ക് ഇളവ് ലഭിക്കില്ല. ട്രാഫിക് നിയമ ലംഘനങ്ങള്‍ തടയുന്നതിനും ജനങ്ങളുടെ സാമ്പത്തിക ഭാരം കുറക്കുന്നതിനും ട്രാഫിക് നിയമങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ ഇളവ് പ്രഖ്യാപിച്ചതെന്ന് അബൂദബി പോലീസ് വ്യക്തമാക്കി. യു എ ഇ നേതൃത്വത്തിന്റെ വിവേകപൂര്‍ണമായ നിര്‍ദേശമാണിത്. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നേരത്തെ പണം അടച്ചു ഇളവുകള്‍ പരമാവധി ഉപയോഗിക്കണമെന്നും സഈദ് അല്‍ ഖൈലി ഡ്രൈവര്‍മാരോട് അഭ്യര്‍ഥിച്ചു.