Connect with us

Cover Story

കുടിയിറക്കപ്പെടാൻ പോകുന്നവരുടെ മേൽവിലാസം തേടി...

Published

|

Last Updated

അമീറുൽ ഇസ്്ലാമിന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നതിനു മുന്നേ ഞാൻ സീറ്റിൽ നിന്നുമെഴുന്നേറ്റു. ഇനിയും ഇരുന്നാൽ ഒരുപക്ഷേ ആദ്യം കരയുക ഞാനായിരിക്കും. ജീവിതത്തിൽ ആകെയുള്ളത് മകളും സഹധർമിണിയും. അസാമിലെ പൗരത്വ ഭേദഗതി ബില്ലിന്റെ
( N R C) അന്ത്യശാസനത്തിൽ ഭാര്യ പുറത്ത്. പിതാവിലൂടെ ലെഗസി തെളിയിക്കേണ്ട രേഖകൾക്ക് സർക്കാർ ഓഫീസിൽ പോയപ്പോൾ എല്ലാം തീയെടുത്തെന്ന മറുപടിയും. ഈ രീതിയിലാണേൽ അവളുടെ പൗരത്വം തെളിയിക്കാൻ കഴിയാത്ത പക്ഷം എനിക്കെന്റെ ഭാര്യയെ ഒപ്പം ലഭിക്കില്ലേ ? ഇത് അയാൾ ചോദിച്ചു കൊണ്ടേയിരിക്കുന്നു. എന്ത് മറുപടി നൽകും?

********************************

അബ്ദുർറബ്ബിന് പ്രായം ഒരുപാടായിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കു ചേർന്നിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം തത്പര കക്ഷികൾ ഉത്തരപൂർവ ഇന്ത്യയിൽ കത്തിച്ച പല കലാപങ്ങളിലും ഇരയായിട്ടുണ്ട്. പ്രകൃതിയുടെ വെള്ളപ്പൊക്കമെന്ന പരീക്ഷണത്തിൽ ഒരുപാട് തവണ സാക്ഷിയായിട്ടുമുണ്ട്. ഇതിനൊക്കെ പുറമെ ഇപ്പോൾ ജീവിതത്തിന്റെ സായംസന്ധ്യയിലും സ്വന്തം പൗരത്വം തെളിയിക്കാൻ അദ്ദേഹവും 15 കുടുംബാംഗങ്ങളും സർക്കാർ ഓഫീസുകളുടെ തിണ്ണ നിരങ്ങുകയാണ്.
അതിശയോക്തിയുടെ ഒരു പദാവലിയും ഇവിടെ കൊണ്ട് വരേണ്ടതില്ല. യാഥാർഥ്യത്തിലൂടെയുള്ള വരികളാണിത്.

********************************

ഏഴ് വയസ്സുള്ള ഒരു കുഞ്ഞുമോളാണ് ഫിറോസ ഫിർദൗസി. ജനിച്ചത് ഇന്ത്യയിൽ, ജീവിക്കുന്നത് ഇന്ത്യയിൽ, പഠിക്കുന്നത് ഇന്ത്യയിൽ. അവളുടെ മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയും എല്ലാവരും ജനിച്ചതും വളർന്നതും ജീവിക്കുന്നതും ഇന്ത്യയിൽ. എന്നിട്ടും എൻ ആർ സി എന്ന പ്രഹേളിക പറയുകയാണ് ഈ ഏഴ് വയസ്സുകാരി ഇന്ത്യൻ പൗരയല്ലെന്ന്.

********************************

വക്കീൽ സാബ് ഒരു അഞ്ച് മിനുറ്റ് എന്നെ കേൾക്കാമോ ?
അൻവർ ഹുസ്സൈൻ വളരെ പ്രതീക്ഷയോടെ കുറച്ചു നേരമായി വീക്ഷിക്കുന്നു. ഒടുവിലാണ് ചോദിക്കുന്നത്. പറഞ്ഞോളൂ “ഞാനും എന്റെ കൂടപ്പിറപ്പുകളുമടക്കം ആറാളുകൾ എൻ ആർ സി ലിസ്റ്റിൽ ഉൾപ്പെട്ടില്ല. കൂട്ടത്തിൽ പിതാവുമുണ്ടായിരുന്നു. വിശ്രമിക്കേണ്ട വാർധക്യത്തിന്റെ പ്രായത്തിൽ എന്റെ പിതാവ് ജന്മനാട്ടിൽ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഓടി നടക്കുകയായിരുന്നു. ഇന്നിപ്പോൾ അത് തീരുമാനമാകാതെ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. പക്ഷേ, നമ്മൾ ഇപ്പോഴും ഡിപ്പാർട്ടുമെന്റുകളുടെ മുന്നിൽ അന്യദേശക്കാരാണ്.
എട്ട് വയസ്സാകുമ്പോഴേക്ക് പിതാവിന് ഉപ്പയും ഉമ്മയും നഷ്ടപ്പെട്ടിരുന്നു. അനാഥത്വത്തിന്റെ എല്ലാ ഭാരവും പേറി വളർന്ന പിതാവ് ആ പ്രായം മുതൽ വയലുകളിൽ ആയിരുന്നു. പഠനമോ, യാത്രയോ, പുറംലോകവുമായിട്ട് ഒരു ബന്ധവുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് എവിടുന്നാണ് രേഖകൾ ഉണ്ടാകുക? പിതാമഹന്റെ പേരിലുള്ള ലാൻഡ് ഡോക്യുമെന്റ് ഉണ്ട്. പക്ഷേ, അത് മതിയാവുന്നില്ലല്ലോ നമ്മുടെ പൗരത്വം തെളിയിക്കാൻ. ഇടക്കിടക്ക് വരുന്ന പ്രളയം വീടും സകല സാമഗ്രികളുമായിട്ടാണ് പോകുന്നത്. അതിനിടയിൽ നിന്നും ജീവൻ തന്നെ തിരിച്ചു പിടിക്കുന്നത് അത്ഭുതമാണ്.

പിതാവിന്റെ അവസാന കാലത്തുണ്ടായ ഒരു സംഭവം വളരെ ഹൃദയ ഭേദകമായിരുന്നു. ഒരുപാട് കാലത്തെ അധ്വാനിച്ചുണ്ടാക്കിയ ചെറിയ ചെറിയ തുട്ടുകൾ അദ്ദേഹം സ്വരൂപിച്ചു വലിയ നോട്ടുകളാക്കി വെച്ചിരുന്നു. മൂന്ന് കൊല്ലം മുന്നേ നോട്ട് നിരോധനം വന്നതൊന്നുമറിഞ്ഞിരുന്നില്ല സാധു. ഒരിക്കൽ ആയിരത്തിന്റെ നോട്ടുമെടുത്ത് അങ്ങാടിയിലേക്കിറങ്ങിയപ്പോഴാണ് അറിയുന്നത് ഇതിനൊന്നും മൂല്യമില്ലെന്ന്. ആ വാർത്ത കേട്ടപ്പോൾ പിതാവിന്റെ നെഞ്ച് പൊട്ടിപ്പോയിരുന്നു. ഏകദേശം ഇരുപതിനായിരത്തോളം രൂപയുണ്ടായിരുന്നു. നോട്ട് നിരോധനവും അതിന്റെ ആരവങ്ങളുമൊന്നും ആ കുഗ്രാമത്തിലേക്ക് എത്തിയിരുന്നില്ല. തികച്ചും വിഷാദമൂകനായ അദ്ദേഹം അൽപ്പദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടു. ഇങ്ങനെയുള്ള ഒരു പിതാവിന്റെ മക്കളാണ്. ഞങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ലേ?

********************************

ഇന്ത്യൻ ആർമിയിലെ വിശിഷ്ട സേവനത്തിന് അംഗീകാരം ലഭിച്ചയാളാണ് സിൽചാറിലെ നാസിറുദ്ദീൻ. ഇന്ത്യയുടെ വിവിധ മൂലകളിൽ തന്റെ നല്ല യൗവനത്തെ രാജ്യസുരക്ഷക്ക് പകരമായി ഉപേക്ഷിച്ചു രാഷ്ട്രസേവനം ചെയ്തു. എൻ ആർ സിയുടെ അന്തിമ ലിസ്റ്റ് വന്നപ്പോൾ പതിറ്റാണ്ടോളം രാജ്യത്തിന്റെ അതിർത്തി സംരക്ഷിച്ച പട്ടാളക്കാരൻ പുറത്ത്. എല്ലാ രേഖകളും വേണ്ട വിധത്തിൽ അപ്പപ്പോൾ ഡിപ്പാർട്ടുമെന്റുകളിൽ സമർപ്പിച്ചതാണ്. എന്നിട്ടും ഈയൊരു വിധി തന്നെ വേട്ടയാടിയതിൽ അങ്ങേയറ്റം മാനസിക സമ്മർദത്തിലാണ് നാസിറുദ്ദീൻ എന്ന മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ.

********************************

ദൈർഘ്യമേറിയ യാത്രക്കൊടുവിലാണ് അസാമിലെ സിൽച്ചാറിൽ എത്തുന്നത്. മൂന്ന് വിമാനങ്ങൾ മാറിക്കയറേണ്ടി വന്നു ആ നാട്ടിലേക്കെത്താൻ. മർകസ് ലോ കോളജിന്റെ ലീഗൽ എയ്ഡ് കോ ഓർഡിനേഷന്റെ രണ്ടാം ഘട്ട വരവാണ് അസാമിലേക്ക്. എൻ ആർ സിയുടെ ഫൈനൽ ലിസ്റ്റിൽ പേര് ഉൾപ്പെടാത്തവർക്ക് ഫോറിനേഴ്‌സ് ട്രൈബ്യൂണലിലേക്ക് സമീപിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്താനും രേഖകൾ സമ്പാദിക്കാനുമുള്ള വഴികൾ പറഞ്ഞുകൊടുക്കാനുമാണ് പോയത്. അതിനു ഗല്ലികളിൽ നിന്നും ഗല്ലികളിലേക്കും ആൾക്കൂട്ടം സാധ്യമാകുന്നിടത്തേക്കൊക്കെ കയറി ചെല്ലേണ്ടതുണ്ട്.
കേരളത്തോട് സാമ്യത തോന്നിക്കുന്ന ഭൂപ്രകൃതികൊണ്ട് അനുഗൃഹീതമാണ് ആ നാട്. നല്ല പച്ചപ്പും ജലാശയങ്ങളും ഇടക്കിടക്ക് കാണുന്ന തേയിലത്തോട്ടങ്ങളും കേരളത്തിൽ തന്നെയാണ് നിൽക്കുന്നതെന്ന അനുഭവം നൽകുന്നുണ്ടായിരുന്നു.

ആസാമിന്റെ തെക്ക് ഭാഗത്ത് ബറാക് നദിക്കരികിൽ സ്ഥിതിചെയ്യുന്ന മൂന്ന് ജില്ലകളാണ് കച്ചഡ്, ഹൈലാക്കണ്ടി, കരീംഗഞ്ച്. ഇവ മൂന്നും കൂടിയ പ്രവിശ്യയെ ബാറക് വാലി എന്ന് വിളിക്കുന്നു. ഫലഭൂയിഷ്ഠമായ മണ്ണ് ബാറക് വാലിയുടെ വലിയ പ്രത്യേകതയാണ്. ബാറക് നദി ഒഴുകി ബംഗ്ലാദേശിലേക്ക് പ്രവേശിച്ചാൽ രണ്ട് കൈവഴികളിലായി സുറുമ നദിയെന്നും കുഷിയാരാ നദിയെന്നും അറിയപ്പെടുന്നു. ബംഗ്ലാദേശിന്റെ കാർഷിക മേഖലയിലേക്ക് ഒട്ടനവധി സംഭാവന ചെയ്യുന്നതിൽ ഈ നദികൾക്കുള്ള പങ്ക് ചെറുതല്ല. പൊതുവെ ദാരിദ്ര്യം മുറ്റിനിൽക്കുന്ന പരിതാപകരമായ അവസ്ഥ. ഇതിനിടയിലായാണ് അസാമീസ് ജനത സ്വന്തം സ്വത്വം തേടിയിറങ്ങുന്നത്. ജനിച്ച നാട്ടിൽ അസ്തിത്വം ചോദ്യം ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും അവരെ അലട്ടുന്നുണ്ട്. വേണ്ട രീതിയിൽ ജോലിക്ക് പോകാനോ യാത്രകൾ നടത്താനോ സർക്കാറിന്റെ അവകാശങ്ങൾ നേടിയെടുക്കാനോ കഴിയാതെ ദൈനംദിനം അപകർഷതാ ബോധത്തിന് അടിമപ്പെട്ട് അവസാനം ഉരുകിത്തീരുന്ന ഒരുപാട് ജനങ്ങൾ.

നിലവിൽ വോട്ടർ ഐഡിയും പാസ്പോർട്ടും എല്ലാമുണ്ടായിട്ടും അന്തിമരേഖ വന്നപ്പോൾ പൗരത്വം നഷ്ടപ്പെട്ടവരുടെ ഗണത്തിൽ ഉൾപ്പെട്ടവരും ഒട്ടനവധിയാണ്. ക്ലെറിക്കൽ മിസ്റ്റിക്കുകളാണേൽ സുലഭം. കൃത്യമായ അക്ഷരാഭ്യാസമോ രീതികൾ തുടരാനോ താത്പര്യമോയില്ലാത്ത ഉദ്യോഗസ്ഥവൃന്ദം ഏറിയ ഇടങ്ങളായതിനാൽ ഒരാളുടെ ഡോക്യുമെന്റുകൾ പോലും കൃത്യതയാർന്നതില്ല.

അസാമിൽ സ്ഥാപിക്കപ്പെട്ട ഫോറിനേഴ്‌സ് ട്രൈബ്യൂണലിൽ പോയി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. വ്യക്തമായി മറുപടി നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ല. പൗരത്വ റെജിസ്ട്രറിന്റെ ജില്ലാ നോഡൽ ഓഫീസർമാരുമായി നിരന്തരം സംസാരിച്ചു. ഇത് എന്തായിത്തീരുമെന്നോ ഇതിന്റെ നടപടികൾ എങ്ങനെയൊക്കെയാകുമെന്നോ ഒരു ധാരണയുമില്ല. ആളുകളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയുള്ള രാഷ്ട്രീയം എന്ന് മറ്റൊരർഥത്തിൽ വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.

********************************

എൻ ആർ സിയുടെ ഒരു നേട്ടമായി കാണുന്ന ഒരേയൊരു കാര്യം കാലങ്ങളായി അസാമിലെ മുസ്്ലിം ന്യൂനപക്ഷവും ഹൈന്ദവ കീഴ്ജാതികളും ബ്രാഹ്മണിക്കൽ സവർണ വിഭാഗത്തിൽ നിന്നും കേട്ട ഒരു പഴിയാണ് “ഹരേ സാലെ പാകിസ്ഥാനി” “ഹരേ സാലെ ബംഗ്ലാദേശി” എന്ന ചീത്ത വിളി. പക്ഷെ, അന്തിമ ലിസ്റ്റ് വന്നപ്പോൾ ഒരുപാട് സവർണരും പല കാര്യങ്ങളാൽ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെട്ടില്ല. ന്യൂനപക്ഷത്തിൽ പലരും ലിസ്റ്റിൽ ഇടംപിടിക്കുകയും ചെയ്തു. വരുന്ന ഭാവിയിൽ തങ്ങൾക്കും സ്വസ്ഥമായ ഒരു ജീവിതമുണ്ടാകില്ലെന്നുള്ള യാഥാർഥ്യത്തോട് സവർണ വിഭാഗവും പൊരുത്തപ്പെട്ടുവെന്നാണ് മനസ്സിലാകുന്നത്. പൗരത്വ ബില്ലും ഉയർന്നു വരുന്ന ജയിലുകളും തമാശ രൂപേണ സ്ഥാപിതമായത് പോലുള്ള ഫോറിനേഴ്‌സ് ട്രിബ്യുണലുമൊക്കെ ഭീതിയുടെ രാഷ്ട്രീയവും അരികുവത്കരണത്തിന്റെ രാഷ്ട്രീയവുമാണ് നമ്മോടു പറയുന്നത്.

എൻ ആർ സിയുടെ അന്തിമ പട്ടിക വന്നപ്പോൾ 19 ലക്ഷം ആളുകളാണ് പൗരത്വം തെളിയിക്കാൻ ബാധ്യസ്ഥരായിട്ടുള്ളത്. അതിൽ ആറ് ലക്ഷത്തോളം ആളുകളാണ് മുസ്്ലിംകൾ. ബാക്കിയുള്ളവർ മറ്റു മതസ്ഥരാണ്. പുതിയ നിയമ ഭേദഗതി അനുസരിച്ചു ഇവർക്ക് പൗരത്വം ലഭിക്കുകയും ആറ് ലക്ഷത്തോളം വരുന്ന മുസ്്ലിംകൾ ഒരു രാജ്യവും ഏറ്റെടുക്കാത്ത പക്ഷം stateless (ഒരു രാജ്യത്തെയും പൗരനല്ലാത്ത സ്ഥിതി) സ്റ്റാറ്റസിലേക്ക് നീങ്ങുകയും ചെയ്യും. നിലവിലെ നിയമ വ്യവസ്ഥയുടെ മെല്ലെപ്പോക്ക് നയം വെച്ച് മരണത്തിനു മുന്നേ നീതിയുടെ വാതിൽ അവരുടെ മുന്നിൽ തുറക്കാനുള്ള പ്രതീക്ഷയും കൊട്ടിയടക്കപ്പെടുകയാണ്.

Latest