Connect with us

Articles

ഈ ധൈര്യം ഏറെ പ്രധാനമാണ്

Published

|

Last Updated

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തുകയും അഞ്ച് വര്‍ഷമെങ്കിലും രാജ്യത്ത് തുടരുകയും ചെയ്ത മുസ്‌ലിംകളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്ത് നിയമം ഭേദഗതി ചെയ്തതില്‍ രണ്ട് വിധത്തിലുള്ള പ്രതിഷേധം രാജ്യത്ത് ഉയര്‍ന്നിട്ടുണ്ട്. പുതുതായി ആര്‍ക്കും പൗരത്വം അനുവദിക്കരുതെന്നാണ് അസമുള്‍പ്പെടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധവുമായി രംഗത്തുള്ളവരുടെ അഭിപ്രായം. മുസ്‌ലിംകളൊഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കിയാലും അത്, തങ്ങളുടെ സംസ്‌കാരത്തെയും ജീവിത രീതികളെയും മാറ്റിമറിക്കുമെന്നും അവസരങ്ങളെ ഇല്ലാതാക്കുമെന്നുമാണ് അവരുടെ വാദം. മുസ്‌ലിംകളെ മാത്രം പുറംതള്ളുന്നതിലൂടെ പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നതിലും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കും വിധത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ക്ക് തുടക്കമിടുന്നതിലുമുള്ള പ്രതിഷേധമാണ് രണ്ടാമത്തേത്.
ആശയ വിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ച്, കര്‍ഫ്യൂ പ്രഖ്യാപിച്ച്, സൈന്യത്തെ രംഗത്തിറക്കി ഒക്കെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമം പരാജയപ്പെടുകയാണെന്നത് നരേന്ദ്ര മോദി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 2014ല്‍ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറുകയും 2019ല്‍ അതിന് തുടര്‍ച്ചയുണ്ടാക്കുകയും ചെയ്ത നരേന്ദ്ര മോദി – അമിത് ഷാ സഖ്യം ഏറ്റവും ശക്തമായ ജനരോഷത്തെ അഭിമുഖീകരിക്കുന്നു. ജനത്തെയാകെ ദുരിതത്തിലാഴ്ത്തിയ നോട്ട് പിന്‍വലിക്കലടക്കമുള്ളവ നടപ്പാക്കിയപ്പോഴോ, രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴത്തിലേക്ക് നയിച്ച് സാധാരണക്കാരുടെയും ദരിദ്രരുടെയും ജിവിതമാകെ പ്രതിസന്ധിയിലാക്കിയപ്പോഴോ നേരിടാതിരുന്ന പ്രതിഷേധം.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചതാണ് മൂന്നാമതുയര്‍ന്ന പ്രതിഷേധം. പശ്ചിമ ബംഗാള്‍, കേരളം, ഛത്തിസ്ഗഢ്, പഞ്ചാബ്, മധ്യപ്രദേശ്, ഡല്‍ഹി മുഖ്യമന്ത്രിമാരാണ് നിയമ ഭേദഗതി തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്. പൗരത്വം രാജ്യത്തിന്റേതാണ്. അതനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നിശ്ചയിക്കാനും അതില്‍ ഭേദഗതി വരുത്താനുമുള്ള അധികാരം രാജ്യഭരണം ജനം ആരെ ഏല്‍പ്പിക്കുന്നുവോ അവര്‍ക്കാണ്. പ്രതിരോധം, വിദേശകാര്യം, റെയില്‍വേ തുടങ്ങിയവയെപ്പോലെ കേന്ദ്രാധികാരത്തിന്‍ കീഴില്‍ മാത്രം വരുന്ന ഒന്നാകയാല്‍ പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതി സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാതിരിക്കാനാകില്ലെന്നതാണ് വസ്തുത. ഫെഡറല്‍ ഭരണക്രമമാണെങ്കിലും സംസ്ഥാനങ്ങളുടെ അധികാരത്തിന് പരിമിതികളുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുപോലെ അധികാരാവകാശങ്ങളുള്ള നിയമങ്ങളുണ്ട്. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലക്ക് നിയമ നിര്‍മാണങ്ങള്‍ നടത്താവുന്ന വിഷയങ്ങളുമുണ്ട്. അവയിലൊന്നും പൗരത്വം പെടില്ല തന്നെ. ആകയാല്‍ ഭരണഘടനയിലെ വ്യവസ്ഥകളനുസരിച്ച് പൗരത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി അംഗീകരിച്ച് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചാല്‍, ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്നുവെന്നാണ് അര്‍ഥം. അങ്ങനെയൊരു സംസ്ഥാന സര്‍ക്കാറിനും അധികാരത്തില്‍ തുടരാനാകില്ലെന്നതു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ പ്രഖ്യാപനങ്ങള്‍ വീണ്‍വാക്കാണെന്നും നിയമ ഭേദഗതി നടപ്പാക്കേണ്ടി വരുമെന്നും കേന്ദ്ര ഭരണത്തെയും സംഘ്പരിവാരത്തെയും പിന്തുണക്കുന്നവര്‍ പറയുന്നത്.
വസ്തുത അതങ്ങനെയായിരിക്കെ തന്നെ ഈ മുഖ്യമന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ക്ക് രാഷ്ട്രീയമായ മാനങ്ങളുണ്ട്. മതനിരപേക്ഷ ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന, തുല്യത ഉറപ്പുനല്‍കുന്ന ഭരണഘടനയോട് ചേര്‍ന്നുനില്‍ക്കാത്ത നിയമങ്ങളൊന്നും പാലിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാറിനെ ബോധ്യപ്പെടുത്തുകയാണ് ഇവര്‍. അതിലൂടെ കേന്ദ്ര സര്‍ക്കാറിന്റെ അധികാരത്തെ ചോദ്യം ചെയ്യുകയും. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളെ മുന്‍കാലത്തും സംസ്ഥാന സര്‍ക്കാറുകള്‍ എതിര്‍ത്തിട്ടുണ്ട്. പൗരാവകാശങ്ങളെ ഹനിക്കുകയും സംശയത്തിന്റെ അടിസ്ഥാനത്തില്‍പ്പോലും ആളുകളെ തടങ്കലില്‍ വെക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്ന നിയമങ്ങള്‍ ഇന്ത്യന്‍ യൂനിയനിലുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു എ പി എ) അവയിലൊന്നാണ്. ആ നിയമത്തെയും അതില്‍ അടുത്തിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെയും കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായി എതിര്‍ക്കുന്നുണ്ട്. പക്ഷേ, ആ നിയമം നടപ്പാക്കില്ലെന്ന നിലപാട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. തൊഴിലാളികളുടെ അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന നിരവധി നിയമ നിര്‍മാണങ്ങള്‍ മുമ്പ് രാജ്യത്തുണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവയോട് വിയോജിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറുകള്‍ പോലും ആ നിയമം നടപ്പാക്കാന്‍ സന്നദ്ധരായിരുന്നു.

ആ പതിവ് മാറ്റാന്‍ മടിക്കില്ലെന്ന രാഷ്ട്രീയ സന്ദേശമാണ് ഈ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാര്‍ ഏത് നിയമം കൊണ്ടുവന്നാലും അത് പ്രായോഗികമായി നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിനേക്കാള്‍ അധികാരം സംസ്ഥാന സര്‍ക്കാറുകള്‍ക്കാണെന്ന് ഉറപ്പിക്കുകയും. സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്താനുള്ള ശ്രമം 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ തുടങ്ങിയിരുന്നു. ചരക്ക് സേവന നികുതി നടപ്പാക്കിയതോടെ, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏതാണ്ട് ഇല്ലാതായി. പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി വിഹിതം അനുവദിക്കുന്നത് വൈകിപ്പിച്ച് പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു കേന്ദ്രം. യു എ പി എ, എന്‍ ഐ എ നിയമങ്ങളുടെ ഭേദഗതികള്‍ സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം കൂടിയായിരുന്നു. വൈദ്യുതി, വെള്ളം തുടങ്ങിയവക്ക് മേല്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശങ്ങളും വെട്ടിക്കുറക്കാന്‍ നീക്കം നടക്കുന്നു. ഇവ്വിധത്തില്‍ ഫെഡറല്‍ ഭരണക്രമത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാറിനെ അംഗീകരിച്ച് മുന്നോട്ടുപോകാന്‍ ഇനിയും സാധിക്കില്ലെന്ന് കൂടിയാണ് ഈ മുഖ്യമന്ത്രിമാര്‍ പറയാതെ പറയുന്നത്.
ഭരണഘടനാ വിരുദ്ധമായതോ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതോ ആയ നയങ്ങളോ നിയമങ്ങളോ നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം ആറ് മുഖ്യമന്ത്രിമാരെങ്കിലും ആര്‍ജിച്ചിരിക്കുന്നുവെന്നത് ജനാധിപത്യത്തെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ഇതിന്റെ പേരില്‍ തങ്ങള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാറുകളെ പിരിച്ചുവിടാനുള്ള സാധ്യത ഈ നേതാക്കള്‍ മുന്നില്‍ കാണാതിരിക്കുന്നില്ല. അങ്ങനെയുണ്ടായാല്‍ മതനിരപേക്ഷ ജനാധിപത്യ സമ്പ്രദായത്തില്‍ വിശ്വസിക്കുന്ന ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാകുമെന്ന ആത്മവിശ്വാസവുമാണ് ഇവരെ നയിക്കുന്നത്. നിങ്ങള്‍ ഭരണഘടനക്ക് നല്‍കുന്ന ദുര്‍വ്യാഖ്യാനങ്ങളെയോ നിങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി നില്‍ക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളെയോ അല്ല ജനാധിപത്യ സമ്പ്രദായത്തില്‍ വിശ്വസിക്കുന്ന ജനങ്ങളെയാണ് വിശ്വാസമെന്ന് കൂടിയാണ് ഇവര്‍ പ്രഖ്യാപിക്കുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest