Connect with us

National

പോലീസ് ഭീകരതയുടെ നടുക്കുന്ന അനുഭവം പങ്കുവെച്ച് ജാമിയയിലെ വിദ്യാര്‍ഥികള്‍

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമത്തിനെതിരെ പ്രതികരിച്ചതിന് പോലീസ് നടത്തിയ ക്രൂര ആക്രമണങ്ങളുടെ അനുഭവം വിവരിച്ച് ഡല്‍ഹി ജാമി മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍. ലാത്തിയും ടിയര്‍ ഗ്യാസുമായി സര്‍വകലാശാലാ ക്യാമ്പസിനുള്ളിലേക്ക് ഇരച്ചു കയറിയ കണ്ണില്‍ കണ്ടവരെയാല്ലാം തല്ലി ചതക്കുകയായിരുന്നു. ഭയന്നോടുന്നവര്‍ക്ക് നേരെ പോലീസ് നിരന്തരം ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ഓടുന്നതിനിടെ നിലത്തുവീഴുന്നവരെ പോലീസ് തല്ലി ചതച്ചു. ലൈബ്രറിയില്‍ പഠിച്ച്‌കൊണ്ടിരിക്കുന്നവരെയും പ്രാര്‍ഥനകളില്‍ ഏര്‍പ്പെടുന്നവരേയുമെല്ലാം പോലീസ് വെറുതെവിട്ടില്ല. ഒരു വനിതാ പോലീസ് പോലും ഇല്ലാതെയായിരുന്നു പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള പാരാക്രമണം.

പോലീസ് മര്‍ദനത്തില്‍നിന്ന് രക്ഷതേടി വിദ്യാര്‍ഥികള്‍ നാലുപാടും ചിതറിയോടി. പോലീസ് അടിയേറ്റ് വീഴുന്ന ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ വനിതാ ഹോസ്റ്റലിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു. അഭയം തേടി ശുചിമുറിയില്‍ പോലും പെണ്‍കുട്ടികള്‍ ഒളിച്ചു. രാത്രിയില്‍ വനിതാ ഹോസ്റ്റല്‍ റെയ്ഡ് ചെയ്യുമെന്ന് ആശങ്ക പരന്നു. പെണ്‍കുട്ടികള്‍ ലൈറ്റുകള്‍ ഓഫ് ചെയ്ത്, വാതിലുകള്‍ കുറ്റിയിട്ട് ഉറങ്ങാതെ കഴിച്ച്കൂട്ടുകയായിരുന്നു.

തന്റെ സുഹൃത്തുക്കളെ പോലീസ് മര്‍ധിക്കുമ്പോള്‍ അതിനെതിരെ വിരല്‍ചൂണ്ടി പ്രതിരോധിച്ച മലാളി വിദ്യാര്‍ഥിയായ അഇശത്ത് റെന്ന പറുന്നത് അതിക്രൂരമായിരുന്നു പോലീസിന്റെ നടപടിയെന്നാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും മലയാളിയുമായ ഷഹീന്‍ അബ്ദുല്ലക്കും ലക്ഷ്വദ്വീപ് സ്വദേശിയും ആസ്മ രോഗിയുമായ ലദീദക്കും മര്‍ദ്ദനമേറ്റപ്പോഴായിരുന്നു താന്‍ തടയാന്‍ ശ്രമിച്ചതെന്ന് റെന്ന പറഞ്ഞു. പോലീസ് ആദ്യം ബാരിക്കേഡ് വച്ച് ഒരു സ്ഥലം ബ്ലോക്ക് ചെയ്തു. പ്രതിഷേധക്കാര്‍ അപ്പോള്‍ വേറൊരു സ്ഥലത്തേക്ക് മാറി. ഞങ്ങള്‍ കുറച്ച് പുറകിലായിരുന്നു. പെട്ടെന്ന് മുന്നിലുള്ള ആള്‍ക്കാര്‍ ഭയങ്കരായിട്ട് അലറിവിളിച്ചുകൊണ്ട് പുറകോട്ട് ഓടിവന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് എന്താണ് നടക്കുന്നതെന്ന് ആദ്യം മനസിലായില്ല. ഞങ്ങളതിന്റെ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. പെട്ടന്ന് ഒരു മരത്തിന്റെ പിന്നിലേക്ക് ഞങ്ങള്‍ ഒളിച്ചു. വിദ്യാര്‍ഥികളെ അടിച്ചോടിച്ചുകൊണ്ട് ഏതാനും പോലീസുകാര്‍ ഉടന്‍ അവിടേക്ക് എത്തി. അവര്‍ ഞങ്ങളെ ലക്ഷ്യമിട്ടു. ഇതിനിടയിലാണ് ഗോ ബാക് വിളിച്ചത് – റെന്ന പറഞ്ഞു.

പോലീസ് നിരന്തരമായി ഗ്രനേഡ് പ്രയോഗിച്ചപ്പോള്‍ ആസ്മ രോഗിയായ തനിക്ക് ശ്വാസം കിട്ടിയില്ലെന്ന്് ലദീദ പറഞ്ഞു. മുളകുപൊടിയൊക്കെ നെഞ്ചില്‍ കയറുന്ന പോലെ തോന്നി. എന്നേം കൊണ്ടാണ് ഇവരാ വീടിനകത്ത് കയറിയത്. പെണ്ണായത് കൊണ്ട് അടിക്കത്തില്ല എന്നാണ് കരുതിയത്. തനിക്ക് നടുവിനൊക്കെ ലാത്തികൊണ്ട് നന്നായിട്ട് കിട്ടിയെന്നും ലദീദ പറഞ്ഞു.

വിദ്യാര്‍ഥികള്‍ പിന്മാറിയ ശേഷമാണ് ബസുകള്‍ക്ക് തീയിട്ടതെന്നും ആരാണ് തീയിട്ടതെന്ന് പോലീസ് കണ്ടതാണെന്നും ഷഹീന്‍ അബ്ദുല്ല ആവശ്യപ്പെട്ടു. തന്നെ മര്‍ദിച്ച ശേഷം ഗ്രനേഡ് ആക്രമണത്തെ തുടര്‍ന്ന് ശ്വാസം മുട്ടിയ ലദീദയുമായി ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് പോകും വഴിയും പോലീസ് തടഞ്ഞുവെന്ന് ഷഹീന്‍ പറഞ്ഞു. അഞ്ച് പെണ്‍കുട്ടികളും ഞാനൊരാളുമാണ് അവിടെയുണ്ടായിരുന്നത്. ഒരാള്‍ക്ക് ആസ്മയുള്ളതാണ്, മറ്റൊരാള്‍ക്ക് പരുക്കുണ്ടായിരുന്നു. അവരെ മെഡിക്കല്‍ സപ്പോര്‍ട്ടിനായി മാറ്റാനായിരുന്നു ഞങ്ങളുടെ ശ്രമം. അത് ഞങ്ങള്‍ പോലീസുകാരോട് അങ്ങോട്ട് പോയി പറഞ്ഞിരുന്നു. എന്നിട്ടും അവര്‍ ഓട്ടോറിക്ഷ തടയുകായിരുന്നുവെന്നും ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.

പോലീസ് നടപടി ഏകപക്ഷീയമായിരുന്നെന്ന് എം എ മീഡിയാ ഗവേര്‍ണന്‍സ് വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശിനി സി എ ഫായിസ പറഞ്ഞു. ലാത്തിയും മറ്റുമായി പോലീസ് വിദ്യാര്‍ഥികളുടെ നേര്‍ക്ക് വരികയായിരുന്നു. അഞ്ചരയോടെ എട്ടാം നമ്പര്‍ ഗേറ്റിലൂടെയാണ് പോലീസ് ക്യാമ്പസിനകത്തേക്ക് കടന്നത്. ടിയര്‍ ഗ്യാസുകള്‍ ക്യാമ്പസിനകത്തേക്കിട്ട് പൊട്ടിച്ചു. ഞാനും എന്റെ സുഹൃത്തുക്കളും ഓടുകയായിരുന്നു. ക്യാമ്പസിലേക്ക് കടന്ന പോലീസ്, പ്രതിഷേധത്തില്‍ പങ്കെടുക്കാത്ത കുട്ടികളെയും ലൈബ്രറിയില്‍ വായിച്ചു കൊണ്ടിരുന്ന കുട്ടികളെയും വളഞ്ഞിട്ട് മര്‍ദിച്ചുവെന്നും ഫായിസ പറഞ്ഞു.

മരണം മുന്നില്‍ കണ്ടുവെന്നാണ് ലൈബ്രറിയില്‍നിന്നും വന്ന കുട്ടികള്‍ പറഞ്ഞത്. അത്രക്കും ഭീകരമായാണ് അവരെ പോലീസ് അവരോടു പെരുമാറിയത്. പ്രതിഷേധത്തിന്റെ ഭാഗമായവരെയും അല്ലാത്തവരെയും ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വ്യത്യാസമില്ലാതെ തിരഞ്ഞുപിടിച്ച് തല്ലി. പോലീസിന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ആണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഹോസ്റ്റലില്‍വെച്ചാണ് പ്രഥമ ശുശ്രൂഷ നല്‍കിയത്. ഗേള്‍സ് ഹോസ്റ്റലിന്റെ മെസ്സില്‍ പ്രഥമ ശുശ്രൂഷ്‌ക്ക് ആവശ്യമായ മരുന്നുകള്‍ ശേഖരിച്ചുവെച്ച് പരുക്കേറ്റ ആണ്‍കുട്ടികള്‍ക്ക് നല്‍കി. ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്യുമെന്നും സമരത്തിന്റെ ഭാഗമായവരെ പോലീസ് പിടിച്ചു കൊണ്ടുപോകുമെന്നും ഒരു വാര്‍ത്ത പ്രചരിച്ചിരുന്നു. അതുകൊണ്ട് ലൈറ്റുകള്‍ അണച്ച്, വാതിലുകള്‍ കുറ്റിയിട്ട് ഉറങ്ങാതെ കഴിയുകയായിരുന്നെന്നും ഫായിസ പറഞ്ഞു.

പ്രതിഷേധത്തെ അടിച്ചമര്‍ത്തണമെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് പോലീസിനുണ്ടായിരുന്നതെന്ന് മമ്പാട് സ്വദേശിയായ മുഹമ്മദ് ഷബീബ് പറഞ്ഞു. ക്യാമ്പസിനകത്തേക്ക് കയറാന്‍ പോലീസിന് അനുമതിയുണ്ടായിരുന്നില്ല. എന്നിട്ടും ലൈബ്രറിക്കുള്ളില്‍ ഉള്‍പ്പെടെ കയറി പോലീസ് വിദ്യാര്‍ഥികളെ മര്‍ദിച്ചു. മൂന്നൂനാല് മണിക്കൂറോളമാണ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചത്.വിദ്യാര്‍ഥികളും സര്‍വകലാശാലക്ക് സമീപത്തെ ആളുകളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഷബീബ് പറഞ്ഞു.

വിദ്യാര്‍ഥികള്‍ നടത്തിയത് അക്രമാസക്തമായ ഒരു പ്രതിഷേധ മാര്‍ച്ച് ആയിരുന്നില്ലെന്ന് എം എ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ഥിയും മലപ്പുറം കൊണ്ടോട്ടി സ്വദേശിയുമായ കെ പി ജാസിം പറഞ്ഞു. ഗാന്ധി പീസ് മാര്‍ച്ച് എന്ന പേരിലായിരുന്നു വിദ്യാര്‍ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിനൊപ്പം പ്രദേശവാസികള്‍ കൂടി ചേരുകയായിരുന്നു. സര്‍വകലാശാല്ക്കുള്ളില്‍ കയറാന്‍ പോലീസിന് അനുമതി ലഭിച്ചിരുന്നില്ല. ക്യാമ്പസിനുള്ളില്‍ ഒരു പള്ളിയുണ്ട് . പോലീസ് അതിനുള്ളില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ചു. അത് മൊബൈലില്‍ പകര്‍ത്തിയ എന്റെ സുഹൃത്തിനെയും മര്‍ദിച്ചു. മൊബൈലും തല്ലിത്തകര്‍ത്തു. ആ ഫോണ്‍ ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും ജാസിം കൂട്ടിച്ചേര്‍ത്തു.