ഫാഷിസം മുട്ടുകുത്തും; നമ്മൾ ജയിക്കും

ഡൽഹി പോലീസ് അവരുടെ ബോസ് അമിത് ഷായുടെ എല്ലാ പൈശാചികതയും കാണിച്ചുവെന്ന് ജാമിഅയിലെ വിദ്യാർത്ഥി സമൂഹം ആരോപിക്കുന്നു. പോലീസ് ക്യാമ്പസിനകത്ത് കയറി വിദ്യാർത്ഥികളെ മർദ്ധിക്കുന്നതിന്റെയും ക്യാമ്പസിനകത്തേക്ക് അതും പരീക്ഷാ ഹാളുകൾക്കരികിലേക്ക് പോലീസ് കണ്ണീർ വാതക പ്രയോഗം തുടർന്നു. വിദ്യാർത്ഥികളുടെ നേർക്ക് ഉന്നം പിടിച്ചാണ് ഓരോ തവണയും പോലീസിന്റെ കണ്ണീർ വാതക ഷെൽ തോക്കുകൾ നിറയൊഴിച്ചത്.
Posted on: December 15, 2019 9:16 pm | Last updated: December 15, 2019 at 9:16 pm

വലതുകൈ കൊണ്ട് എഴുതിശീലിച്ച ഒരാൾക്ക് അതിന്റെ വിരലുകൾ അനക്കാൻ കഴിയാതെ വന്നാൽ വാക്കുകൾ അമാന്തം കാണിക്കുമെന്ന് എനിക്ക് അനുഭവമുണ്ടാകുന്നത് ഇപ്പോഴാണ്. ചൊവ്വാഴ്ച രാത്രി ജാമിഅ മില്ലിയ ഇസ്ലാമിയ എം എസ് എഫ് യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പ്രസംഗിച്ചപ്പോൾ, ഈ മണ്ണ് ഞങ്ങൾ മുസ്ലിംകൾ ആത്മാഭിമാനത്തോടെ തെരഞ്ഞെടുത്തതാണെന്നും ഇവിടെ ജീവിക്കണമെന്ന് ഞങ്ങൾ നിനക്കുന്നത്രയും കാലം എല്ലാ ഭീകര സത്വങ്ങളെയും അവരുടെ ഉപചാപങ്ങളെയും ഞങ്ങൾ അതിജയിക്കുമെന്ന് പറഞ്ഞപ്പോൾ ഉയർത്തിച്ചൂണ്ടിയ അതേ വിരലാണ്, അമിത് ഷാ തേരേ നാം ഇസ്ലാമോഫോബിയ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചപ്പോൾ ഉയർത്തിയ അതേ മുഷ്ടിയാണ് ഡൽഹി പോലീസ് തല്ലിയൊടിച്ചത്. പോലീസ് ബാരിക്കേഡ് മറികടന്ന എന്നെ ഏഴെട്ട് പോലീസുകാർ വളഞ്ഞിട്ട് മർദ്ധിച്ചു. മുഖത്തേക്ക് വന്ന ഒരു അടി ഞാൻ കൈകൊണ്ട് തടുക്കുകയായിരുന്നു. സഖാവ് അഫ്സ ജുനൈദ് പോലീസിന്റെ മുന്നിൽ കയറി നിന്ന് ‘തൂ ളാലിം ഹോ; ചോട് ദോ ഉൻകോ’ എന്ന് പറഞ്ഞപ്പോഴാണ് പോലീസ് എന്നെ വിട്ടത്.

തൊട്ടപ്പുറത്ത് ആയിഷ റെന്ന, ഫായിസ, ശഫീദ, ചന്ദ യാദവ് തുടങ്ങിയവർ പോലീസിനാൽ ക്രൂരമായി ആക്രമിക്കപ്പെടുന്നുണ്ടായിരുന്നു. പോലീസ് തുടരെ തുടരെ നാല്പതിലധികം കണ്ണീർ വാതക ഷെല്ലുകൾ തൊടുത്തു. സമരമുഖത്ത് മുൻപിലുണ്ടായിരുന്ന ലദീദ സഖ്‌ലൂൺ അടക്കം നിരവധി ആളുകൾക്ക് ശ്വാസ തടസം ഉണ്ടാവുകയും വീണുപോവുകയും ചെയ്തു. കണ്ണെരിയുമ്പോഴും, നെഞ്ച് നീറുമ്പോഴും കണ്ഠമിടറാതെ ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നു കൊണ്ടിരുന്നു.

ഡൽഹി പോലീസ് അവരുടെ ബോസ് അമിത് ഷായുടെ എല്ലാ പൈശാചികതയും കാണിച്ചുവെന്ന് ജാമിഅയിലെ വിദ്യാർത്ഥി സമൂഹം ആരോപിക്കുന്നു. പോലീസ് ക്യാമ്പസിനകത്ത് കയറി വിദ്യാർത്ഥികളെ മർദ്ധിക്കുന്നതിന്റെയും ക്യാമ്പസിനകത്തേക്ക് അതും പരീക്ഷാ ഹാളുകൾക്കരികിലേക്ക് പോലീസ് കണ്ണീർ വാതക പ്രയോഗം തുടർന്നു. വിദ്യാർത്ഥികളുടെ നേർക്ക് ഉന്നം പിടിച്ചാണ് ഓരോ തവണയും പോലീസിന്റെ കണ്ണീർ വാതക ഷെൽ തോക്കുകൾ നിറയൊഴിച്ചത്. വിദ്യാർത്ഥികളും നാട്ടുകാരും പ്രതികരിച്ചു തുടങ്ങിയപ്പോൾ പോലീസ് പിൻവാങ്ങിത്തുടങ്ങി. വിദ്യാർത്ഥികൾ ഇപ്പോഴും സമരം തുടരുകയാണ്. തിങ്കളാഴ്ച്ച സുപ്രീം കോടതി പൗരത്വ ബില്ലിനെതിരെയുള്ള ഹരജികൾ പരിഗണിച്ച് എന്തുപറയുമെന്ന് നോക്കുകയാണ് ഇവർ.

തലസ്ഥാനത്ത് ഇന്റർനെറ്റ് സ്തംഭിപ്പിക്കുക എളുപ്പമല്ലാത്തതിനാലാണ് അതുണ്ടാകാത്തത്. ശനിയാഴ്ച്ച, ജാമിഅയിലെ സമരത്തിനു പുറമെ ജന്തർ മന്ദറിൽ ‘നോട്ട് ഇൻ മൈ നെയിം’ എന്ന പൗര സമിതിയുടെ പ്രതിഷേധവും നടന്നു. കോൺഗ്രസിന്റെ ഭാരത ബചാവോ റാലിയും കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കി. ജംഇയ്യത്തുൽ ഉലമ ഹിന്ദിന്റെ പ്രക്ഷോഭവും ഡൽഹിയിലുണ്ട്. ഡെൽഹിയിൽ തന്നെയുള്ള ജാമിഅ ഹംദർദിലും പ്രതിഷേധമിരമ്പുന്നു.

രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളും വിദ്യാഭാസ സ്ഥാപനങ്ങളും പൗരത്വ നിയമത്തിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളാണ് കേന്ദ്ര സർക്കാരിനെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ജാമിഅ മില്ലിയയിലെ സമരം ഇപ്പോൾ തന്നെ ലോക മാധ്യമങ്ങൾ ഇന്ത്യൻ തലസ്ഥാനത്തെ പ്രക്ഷോഭം എന്ന നിലക്കാണ് റിപ്പോർട്ട് ചെയ്തു വരുന്നത്. കൂടാതെ അലിഗഢിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് സമര മുഖത്ത്. ഓൾ ആസാം സ്റ്റുഡന്റസ് യൂണിയനാണ് അസമിലെ പ്രക്ഷോഭങ്ങളെ മുന്നിൽ നിന്ന് നയിക്കുന്നത്. ഈ പ്രസ്ഥാനത്തിന് അസമിലുള്ള സ്വാധീനം കേന്ദ്ര സർക്കാരിന് ഒരുതരത്തിലും അവഗണിക്കാവുന്നതല്ല. പോരാത്തതിന് അവർ മുസ്ലിം പേരുള്ള സർവ്വകലാശാലകളിൽ നിന്നുമല്ല. അതിന്റെ പ്രിവിലേജ് ഒരുപാട് വിശാലമാണല്ലോ. ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാലയിലും കനത്ത പ്രക്ഷോഭമുണ്ട്. കേരളത്തിലും വിദ്യാർത്ഥികൾ വലിയ മുന്നേറ്റങ്ങളാണ് നടത്തുന്നത്.

രാജ്യത്ത് പ്രധാന നഗരങ്ങളിൽ പോലും പതിനായിരക്കണക്കിന് പ്രക്ഷോഭകർ കഴിഞ്ഞ ദിവസങ്ങളിൽ സംഘടിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും തമിഴ്‌നാട്ടിലെയും ചില പ്രക്ഷോഭങ്ങൾ മാറ്റിനിർത്തിയാൽ കൂടുതലായും മുസ്ലിംകൾക്കെതിരെയുള്ള വിവേചനത്തിനെതിരെയുള്ള പ്രക്ഷോഭമാണ്. സമരപരിപാടികളിൽ മുസ്ലിംകളുടെ വലിയ പങ്കാളിത്തവും അങ്ങനെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രാഥമികമായി ഇതൊരു മുസ്ലിം വിരുദ്ധ പ്രശ്നം തന്നെയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രതിഷേധം പരിഹരിക്കാമെന്ന് അമിത് ഷാ ഇപ്പോൾ പറയുന്നതും അതിനാലാണ്. വേറൊന്ന്, ഇരു സഭകളിലും ഈ നിയമത്തിന്റെ ബിൽ അവതരിപ്പിക്കവെ, അമിത് ഷാ കൂടുതൽ തവണ പറഞ്ഞത് മുസ്ലിംകൾ പേടിക്കേണ്ടതില്ലെന്നാണ്. അപ്പോഴെല്ലാം മുസ്ലിംകൾ പേടിക്കണം എന്ന നിർബന്ധം തന്നെയാണ് ഓരോ തവണയും അമിത് ഷാ ആവർത്തിക്കുന്നത്. കപിൽ സിബലിന്റെ മറുപടി രാജ്യസഭയിൽ അമിത് ഷായെ സ്തബ്ധനാക്കിയിട്ടുണ്ടാകും. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ സാമുദായിക ദ്രുവീകരണത്തിന്റെ ചട്ടക്കൂടിലേക്ക് ഒതുക്കാൻ കേന്ദ്ര സർക്കാരിനും സംഘപരിവാറിന്റെ സാമൂഹ്യ മാധ്യമ സംവിധാനങ്ങൾക്കും അവർക്ക് കുഴലൂതുന്ന മാധ്യമങ്ങൾക്കും കഴിയുന്നുണ്ട്.

കപട മതേതരത്വത്തിന് വ്രണപ്പെടുമോ എന്ന് നോക്കി സമരം ചെയ്യാൻ മുസ്ലിംകൾ ശ്രമിക്കുന്നത് മൗഢ്യമാണ്. അതുപോലെ പൗരത്വ ഭേദഗതി ബില്ലിനെ എതിർക്കേണ്ടത് ഇവിടുത്തെ മുസ്ലിംകളുടെ മാത്രം ബാധ്യതയാണെന്ന് കരുതുന്നതും അങ്ങനെതന്നെ. അതിനാൽ പ്രക്ഷോഭങ്ങൾ ഇന്ത്യ എന്ന വിശാലമായ ആശയത്തിന് വേണ്ടിയാകണം. സ്വാതന്ത്ര്യ സമരകാലത്ത് ഇന്നത്തേതിനേക്കാൾ വലിയ ദ്രുവീകരങ്ങളുണ്ടായിരുന്നു. അന്ന് ഇന്ത്യ തെരഞ്ഞെടുത്ത മുസ്ലിംകൾ അതെല്ലാം നിരാകരിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത് എല്ലാവരെയും ഉൾകൊള്ളുന്ന ഇന്ത്യക്ക് വേണ്ടിയാണ്. ദേശ ഭാഷ വൈജ്യാത്യങ്ങൾ ബാധിക്കാത്ത മുസ്ലിം എന്ന സത്വത്തിനു ഏറ്റവും മുറിവേൽക്കുന്നത് പിറന്ന മണ്ണിന്റെ ഭരണഘടനയെ അട്ടിമറിച്ചുകൊണ്ടുള്ള വിവേചനത്താലാണ്. മുസ്ലിം സമുദായത്തെ വിവേചനത്തിനാരയാകുന്നു. അഥവാ മതാടിസ്ഥാനത്തിൽ ഇന്ത്യയിൽ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നു എന്നത് ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾ തകർക്കുന്നു എന്നതാണ്. അതിനാൽ ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കേണ്ട ബാധ്യത എല്ലാ ജനങ്ങളുടേതുമാണ്.

 

ജാമിഅ മില്ലിയ ഇസ്ലാമിയയുടെ പ്രദേശത്തുള്ള മുഴുവൻ ആളുകളുടെയും സമരമായി ഇത് മാറിക്കഴിഞ്ഞു. ആയിരക്കണക്കിന് പ്രദേശ വാസികളാണ് ഇന്ന് സമരത്തിലേക്ക് ഒഴുകിയെത്തിയത്. പ്രക്ഷോഭകാരികളെയും മാധ്യമപ്രവർത്തകരെയും പോലീസ് തന്നെയാണ് ആക്രമിച്ചത്. ബസ്സുകൾ കത്തിച്ചതും അവർ തന്നെയാണ്. ഇന്നലെ മുതൽ സർവ്വകലാശാല കവാടങ്ങളിൽ കനത്ത സുരക്ഷയുണ്ടായിരുന്നു. വിദ്യാർത്ഥികൾക്കല്ലാതെ പ്രവേശനമുണ്ടായിരുന്നില്ല. എന്നിട്ടും വൈകുന്നേരത്തെ പോലീസ് അതിക്രമം ക്യാമ്പസിനകത്തേക്കും നീങ്ങി. റീഡിങ് ഹാളിൽ കണ്ണീർവാതകം ഉപയോഗിച്ചു. വിദ്യാർത്ഥികളെ മർദ്ധിച്ചു. വിദ്യാർത്ഥിനികൾ മാത്രമുള്ള റീഡിങ് ഹാളിൽ പോലീസ് കയറി കണ്ണീർ വാതകങ്ങൾ ഉപയോഗിച്ച്, ലൈറ്റുകൾ തല്ലിത്തകർത്ത് അതിനുള്ളിൽ അവരെ പൂട്ടിയിട്ടു. എങ്ങനെയാണ് സർവ്വകലാശാല അധികൃതരുടെ അനുവാദമില്ലാതെ പോലീസ് ക്യാമ്പസിനകത്ത് കയറുന്നത്? ഡൽഹിയിൽ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായ ഓഖ്‌ല, അബുൽ ഫസൽ എൻക്ലേവ്, ബട്ല ഹോസ് പ്രദേശങ്ങളിൽ മുസ്ലിംകളാണ് കൂടുതൽ വസിക്കുന്നത്. അവിടെയുള്ള ജനങ്ങൾക്ക് നേരെ ഏകപക്ഷീയമായ ആക്രമങ്ങൾ അഴിച്ചുവിടുന്നതും, നാട്ടുകാരെ അക്രമികളായി ചിത്രീകരിക്കുന്നതും, ജാമിഅയിലെ ജമാ മസ്ജിദിലടക്കം കയറി പോലീസ് അതിക്രമം നടത്തുന്നതും അവിടെ ഒരു വർഗ്ഗീയ ദ്രുവീകരണമുണ്ടാക്കാനും വർഗ്ഗീയ ലഹളകൾ പോലെ ഒരു സാഹചര്യം ഉണ്ടാക്കാനുമാണ് അമിത് ഷായുടെ പോലീസ് ചെയ്യുന്നത്.

രാജ്യത്തെ പൊതുവികാരം മനസ്സിലാക്കി സുപ്രീം കോടതി ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുമെന്ന് കരുതാം. ബാബരി വിഷയത്തിൽ അങ്ങനെയൊരു ‘വൈകാരിക’ സ്വാധീനം സുപ്രീം കോടതിയുടെ വിധിയിൽ ഉണ്ടായതായി നമ്മൾ ന്യായമായും കരുതുന്നുണ്ടല്ലോ. അതിവിടെയും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം.