റാസ് അൽ ഖൈമ-അബുദാബി ബസ് സർവീസ് ആരംഭിച്ചു

Posted on: December 14, 2019 11:28 pm | Last updated: December 14, 2019 at 11:28 pm


അബുദാബി | തലസ്ഥാന നഗരവുമായി ബന്ധിപ്പിച്ച് റാസ് അൽ ഖൈമയിൽ നിന്നുംഅജ്മാനിൽ നിന്നും ബസ് സർവീസ് ആരംഭിച്ചു. റാസ് അൽ ഖൈമയിൽ നിന്നും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് ബസ് സർവീസ് നടത്തുക. അൽ ഹംറ കമ്പനിയാണ് ബസ് സർവീസ് ഒരുക്കിയിട്ടുള്ളത്.

ബസ് ഒരു ദിവസം രണ്ട് സർവീസാണ് നടത്തുക. രാവിലെ 10നും വൈകിട്ട് മൂന്നിനും റാസ് അൽ ഖൈമയിൽ നിന്നും ഉച്ചക്ക് രണ്ടരക്കും വൈകിട്ട് ഏഴരക്ക് അബുദാബിയിൽ നിന്നുമാണ് സർവീസ്. ഇരു ദിശയിലേക്കും മൂന്നര മുതൽ നാല് മണിക്കൂർ വരെയാണ് സമയ ദൈർഘ്യം. റാസ് അൽ ഖൈമയിൽ നിന്നും അബുദാബിയിലേക്ക് 45 ദിർഹമും അബുദാബിയിൽ നിന്നും റാസ് അൽ ഖൈമയിലേക്ക് 35 ദിർഹമുമാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാരുടെ ആവശ്യാനുസരണം ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് അൽ ഹംറ ബസ് അധികൃതർ വ്യക്തമാക്കി.

അജ്മാൻ പൊതു ഗതാഗത വകുപ്പും അബുദാബിയിൽ നിന്നും അജ്മാനിലേക്കും തിരിച്ചും ബസ് സർവീസ് ആരംഭിച്ചു. അജ്മാനിൽ നിന്നും രാവിലെ 6.30നും വൈകിട്ട് 5.30നും അബുദാബിയിൽ നിന്നും രാവിലെ 9.30നും രാത്രി ഒമ്പതിനുമാണ് സർവീസ് നടത്തുക. രണ്ടര മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെയാണ് ഇരു ദിശയിലേക്കുമുള്ള സമയ ദൈർഘ്യം.അജ്മാൻ മുവാസലാത്തിന്റെ മസാർ ബസ് കാർഡ് ഇല്ലാത്തവർക്ക് ടിക്കറ്റ് ബസ്സിൽനിന്നും ലഭിക്കും.
മസാർ കാർഡ് ഉള്ളവർക്ക് 30 ദിർഹമും കാർഡില്ലാത്തവർക്ക് 35 ദിർഹമുമാണ് നിരക്ക്. നിലവിൽ ഇരു ദിശയിലേക്കും രണ്ട് സർവീസാണുള്ളതെങ്കിലും ഭാവിയിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി അജ്മാൻ പൊതുഗതാഗത വകുപ്പ് അറിയിച്ചു. അജ്മാൻ ബസ് തുടക്കത്തിൽ ദിവസം ഒരു സർവീസായിരുന്നെകിൽ ഇപ്പോൾ കൂടുതൽ കാര്യക്ഷമമാക്കി രണ്ടായി വർധിപ്പിച്ചിട്ടുണ്ട്.