Connect with us

Kuwait

മതേതര കൂട്ടായ്മ കരുത്താർജിക്കണം: ഐ സി എഫ് പൗരസഭ

Published

|

Last Updated

കുവൈത്ത് | മതേതര ഇന്ത്യയുടെ നിലനില്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് വളർന്നിരിക്കുന്ന ഇന്ത്യൻ സഹചര്യം അതീവ ഗുരുതരമാണെന്നും  ഹിന്ദു രാഷ്ട്രം യാഥാർഥ്യമാക്കാനുള്ള ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ മതേതര ശക്തികൾ ജാഗ്രതയോടെ ഐക്യപ്പെടണമെന്നും ഐ സി എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച പൗരസഭ അഭിപ്രായപ്പെട്ടു.

എല്ലാ ജാതി മത വിഭാഗങ്ങൾക്കും തുല്യാവകാശങ്ങൾ അനുഭവിക്കുന്നതിന് സ്വാതത്ര്യം നൽകുന്നതാണ് ഇന്ത്യൻ ഭരണഘടന. പൗരാവകാശ ഭേദഗതി ബിൽ പാസ്സാക്കിയതോടെ ഭരണഘടന അനുശാസിക്കുന്ന സമത്വത്തെ നിർവീര്യമാക്കി, ഭരണഘടനയെ തന്നെ കാറ്റിൽ പറത്തുകയാണ് ഭരണ കൂടം ചെയ്തത്.

ഇന്ത്യൻ സംസ്കാരത്തിന്റെ ആണിക്കല്ലുകളായ തുല്യനീതി,  അവസര സമത്വം,  എല്ലാവർക്കും നിയമ പരിരക്ഷ തുടങ്ങിയ മൂല്യങ്ങളാണ്‌ പുതിയ പൗരത്വ ഭേദഗതി നിയമത്തിലൂടെ റദ്ദ് ചെയ്യപ്പെടുന്നത്. ഇത് അതീവ ഗുരുതരമായ കയ്യേറ്റമാണ്.

മതേതര ഇന്ത്യയെ ഹൈന്ദവ രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ ഗൂഢ നീക്കത്തിനെതിരെ എല്ലാ മതേതര കക്ഷികളും ഒറ്റക്കെട്ടായി മുന്നേറണം. പുത്തൻ കൊളോണിയ ലിസത്തിന്റെ ചങ്ങലയിൽ ഭരണകൂടം രാജ്യത്തെ ബന്ധിക്കുകയാണ്. വംശീയ ഉന്മൂലനത്തിന്റെ വിഷക്കാറ്റാണ് ഡൽഹിയിൽ നിന്ന് അടിച്ചു വീശുന്നതെന്നും ഭരണഘടനയെ തള്ളിക്കൊണ്ടുള്ള ഭരണകൂട ഭീകരതക്കെതിരെ എല്ലാ പൗരന്മാരും ബോധവാന്മാർ ആവണമെന്നും പൗരസഭയിൽ പങ്കെടുത്ത പ്രസംഗകർ പറഞ്ഞു.

അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടന്ന പൗരസഭയിൽ ഐ സി എഫ് നാഷനൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി അദ്ധ്യക്ഷത വഹിച്ചു. ഐ.സി എഫ് ഗൾഫ് കൗൺസിൽ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു.  സ്വാലിഹ് കിഴക്കേതിൽ വിഷയം അവതരിപ്പിച്ചു. അബ്ദുല്ല വടകര മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്
ഫാറൂഖ് ഹമദാനി (കെ.എം.സി.സി), അബ്ദുൽ മജീദ് റവാബി (കെ.കെ.എം.എ), നജീബ് മൂടാടി, ബാബു ഫ്രാൻസിസ് (പ്രവാസി ലീഗൽ സെൽ), സാം പൈനുംമൂട് (കല), അബൂബക്കർ സിദ്ധീഖ് (ആർ.എസ് സി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഡ്വ. തൻവീർ ഉമർ സ്വാഗതവും സമീർ മുസ്ലിയാർ നന്ദിയും പറഞ്ഞു.

Latest