Connect with us

Saudi Arabia

പൗരത്വ ഭേദഗതി: ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നു: ഐ സി എഫ് പൗരസഭ

Published

|

Last Updated

അല്‍ ഖോബാര്‍ | പൗരത്വ ഭേദഗതി നിയമത്തിലൂടെ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യത കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ഐ സി എഫ് അല്‍ ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൗരസഭ അഭിപ്രായപ്പെട്ടു
ഇന്ത്യന്‍ ഭരണ ഘടന വിഭാവനം ചെയ്യുന്ന മത നിരപേക്ഷതയുടെ കടക്കല്‍ കത്തി വെക്കുന്ന എൻ ആർ സി  പോലുള്ള കരിനിയമങ്ങളെ കൊണ്ട് സ്വതന്ത്ര ഭാരതത്തിന്‍റെ സമസൃഷ്ടിപ്പിന് ജീവാര്‍പ്പണം നടത്തിയവരുടെ പിൻതലമുറക്കാരായ ഇന്ത്യന്‍ മുസ്ലിംങ്ങളെ മാറ്റിനിര്‍ത്തുന്നത്   ഭരണഘടന ലംഘനമാണ്.  ഇത്തരം  കരിനിയമങ്ങളെ ചെറുത്ത് തോൽപ്പിക്കുന്നതിനും ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിനും രാജ്യത്തെ മതേതര വിശ്വാസികള്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം.

കേന്ദ്ര സർക്കാർ  ഈ നടപടിയില്‍ നിന്നും പിന്മാറണമെന്നും  ഇന്ത്യയെന്ന മതേതര രാജ്യത്ത് മതം നോക്കി പൗരത്വം നല്‍കുന്ന നിയമ നിര്‍മാണത്തിനെതിരെ ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

രാജ്യത്തെ അഭായാര്‍ഥികളില്‍ മുസ്‌ലിംകളെ പൗരത്വത്തിന് പുറത്ത് നിർത്തുന്ന നിയമം തുല്യത ഉറപ്പു നല്‍കുന്ന ഭരണഘടനയുടെ അനുചേദം പതിനാലിന്‍റെ നഗ്നമായ ലംഘനമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയില്‍ പൗരത്വത്തിന്റെ മാനദണ്ഡം  മതാടിസ്ഥാനത്തിലല്ല നല്‍കേണ്ടത്.

അൽഖോബാർ  റഫാ ഓഡിറ്റോറിയത്തില്‍ നടന്ന പൗരാവകാശ സഭ സെന്‍ട്രല്‍ പ്രസിഡന്റ്  അബുബക്കര്‍ ഫൈസിയുടെ അധ്യക്ഷതയിൽ  നാഷണൽ ക്ഷേമ കാര്യ സമിതി പ്രസിഡന്റ് നിസാര്‍ കാട്ടില്‍ ഉദ്ഘാടനം ചെയ്തു.

ഹാരിസ് ജൗഹരി വിഷയാവതരണം നടത്തി. വിവിധ രാഷ്ട്രീയ സാമൂഹിക മാധ്യമ പ്രവർത്തകർ പങ്കെടുത്തു. ഷാജി മതിലകം (നവയുഗം), അബ്ദുല്‍ ഹമീദ് വടകര (കെ എം സി സി ), സക്കീര്‍ പറമ്പില്‍ (ഒ ഐ സി സി), മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സിറാജ്), ഹനീഫ് അറബി (ഇന്ത്യൻ നാഷണൽ ലീഗ്), ഉബൈദ് സഖാഫി (രിസാല സ്റ്റഡി സർക്കിൾ നാഷണൽ മീഡിയ കൺവീനർ) ഐ സി എഫ് പ്രൊവിൻസ്  ഭാരവാഹികളായ ഹംസഹാജി,  നാസർ മസ്താൻമുക്ക്, അബ്‌ദുൽ ജലീൽ മാസ്റ്റർ  എന്നിവർ സംബന്ധിച്ചു.

സെൻട്രൽ  ദാഇ സഅദ് അമാനി, അഷ്‌റഫ് തോട്ടട, അബ്ദുൽ റസാഖ് സഖാഫി, അഷ്‌റഫ് വാണിമേൽ, ഷഫീഖ് ജമാൽ, സക്കരിയ്യ കണ്ണൂർ, ബഷീർ അഹമ്മദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറല്‍ സെക്രട്ടറി നാസര്‍ ചിറയിന്‍കീഴു സ്വാഗതവും അബ്ദുല്‍ ഹമീദ് വി എന്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് അലി പാപ്പിനിശ്ശേരി പ്രമേയം അവതരിപ്പിച്ചു . ഐ സി എഫ് നാഷണല്‍ സംഘടനാ കാര്യ പ്രസിഡന്റ് ബഷീര്‍ ഉള്ളണം മോഡറേറ്ററായിരുന്നു.