ഇന്റേണൽ മാർക്കിന് മിനിമം മാർക്ക് പരിധി ഒഴിവാക്കും: മന്ത്രി ജലീൽ

Posted on: December 14, 2019 5:36 pm | Last updated: December 14, 2019 at 5:37 pm


പത്തനംതിട്ട | അടുത്ത അധ്യയന വർഷം മുതൽ കേരള ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള എല്ലാ എൻജിനീയറിംഗ് കോളജുകളിലും ആർട്‌സ് ആൻഡ് സയൻസ് കോളജുകളിലും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്റേണൽ മാർക്കിന് മിനിമം മാർക്ക് എന്ന പരിധി എടുത്തു കളയുമെന്ന് മന്ത്രി കെ ടി ജലീൽ. ക്ലാസിൽ 75 ശതമാനം ഹാജരായ കുട്ടികൾക്കായുള്ള ഇന്റേണൽ മാർക്കുകളും ഇല്ലാതാക്കും.
കേരളത്തിൽ ആദ്യമായി പോളിടെക്‌നിക്കുകളിൽ ലാറ്ററൽ എൻട്രിക്ക് അനുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. കോന്നി ഐ എച്ച് ആർ ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു യൂനിവേഴ്‌സിറ്റി മറ്റൊരു യൂനിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് അംഗീകരിച്ചിരുന്നില്ല. എന്നാൽ സർക്കാറിന്റെ ഇടപെടൽ മൂലം ഈ സമ്പ്രദായം മാറി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എല്ലാ കോളജുകളിലും ഡിഗ്രി -പി ജി ക്ലാസുകൾ ഒരേ ദിവസം ആരംഭിച്ചു.
മാലി ദ്വീപിൽ നിന്ന് കുട്ടികളെ ഉന്നത പഠനത്തിനായി കേരളത്തിൽ എത്തിക്കുന്നത് സംബന്ധിച്ച് അവിടുത്തെ സർക്കാറുമായി സംസാരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഒരാളെയും തന്റെ വ്യക്തിത്വത്തിന്റെ പേരിൽ കേരളത്തിൽ ചാപ്പ കുത്തില്ല. മതപരമായ സ്വത്വം, ജാതീയപരമായ സ്വത്വം, സംസ്‌കാരപരമായ സ്വത്വം അതിന്റെ സമ്പൂർണതയിൽ പ്രകടിപ്പിച്ച് നിർഭയം സുരക്ഷിതമായി നമ്മുടെ സംസ്ഥാനത്ത് പഠിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.