ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്

മുന്‍ഗണന ബി പി എല്‍ വിഭാഗക്കാര്‍ക്ക്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി പത്ത്.
Posted on: December 14, 2019 5:24 pm | Last updated: December 14, 2019 at 5:24 pm

സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം/ ബിരുദാനന്തര ബിരുദം തലങ്ങളില്‍ ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തില്‍ പഠിച്ച സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ബിരുദതലത്തില്‍ 80 ശതമാനം മാര്‍ക്കോ/ ബിരുദാനന്തര ബിരുദ തലത്തില്‍ 75 ശതമാനം മാര്‍ക്കോ നേടിയവര്‍ക്ക് 15,000/ രൂപയാണ് സ്‌കോളര്‍ഷിപ്പ്. ബി പി എല്‍ വിഭാഗക്കാര്‍ക്കാണ് മുന്‍ഗണന. ബി പി എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള എ പി എല്‍ വിഭാഗത്തെയും പരിഗണിക്കും.
വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബവാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബേങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

www.minortiywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി പത്ത്. ഫോണ്‍: 04712300524.