പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നത്: ആര്‍ എസ് സി

Posted on: December 13, 2019 11:54 pm | Last updated: December 14, 2019 at 2:15 am

ജിദ്ദ | ഇരു സഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നതും രാജ്യതാത്പര്യത്തെ കളങ്കപ്പെടുത്തി സര്‍വാധിപത്യം സ്ഥാപിക്കാനുള്ള ഭരണകൂട ശ്രമത്തിന്റെ ഭാഗവുമാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സഊദി വെസ്റ്റ് നാഷനല്‍ കണ്‍വീനറേറ്റ് അഭിപ്രായപ്പെട്ടു. ഇത് ലോക രാജ്യങ്ങളുടെ മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട അയല്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരില്‍ മുസ്ലിംകളെ മാത്രം ഒഴിവാക്കി പൗരത്വം അനുവദിക്കുന്നത് ഏതു നീതിയാണ്.

ഇരു സഭയിലും അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യമായ ന്യായീകരണത്തോടെ ബില്‍ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി മതത്തിന്റെ പേരില്‍ രാജ്യത്തെ നഗ്നമായി വിഭജിക്കുകയാണ്. ഇത് ജനാധിപത്യ ബോധമുള്ളവര്‍ അനുവദിക്കരുതെന്നും ഇന്ത്യയുടെ മഹിതമായ ഭരണഘടനയെ സംരക്ഷിക്കാന്‍ സമര പരിപാടികളുള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ രംഗത്ത് വരേണ്ടതുണ്ടെന്നും ആര്‍ എസ് സി ആവശ്യപ്പെട്ടു.

സാമ്പത്തിക രംഗത്തെ തകര്‍ച്ച ഉള്‍പ്പടെ ഗുരുതരമായ വിഷയങ്ങളില്‍ നിന്ന് പൊതുശ്രദ്ധ തിരിച്ചു വിടാന്‍ വര്‍ഗീയതയെ കൂട്ടുപിടിച്ച് പൗരന്മാര്‍ക്കിടയില്‍ ഭിന്നത വളര്‍ത്താനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ട്. പ്രവാസ ലോകത്തെ നല്ലൊരു വിഭാഗം യുവജനങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടന എന്ന നിലയില്‍ ആര്‍ എസ് സി അത്തരം ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയുക്കുന്നതായി കണ്‍വീനറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.