Connect with us

മലപ്പുറം | സ്വാതന്ത്ര്യ സമരഭൂമികയില്‍ പൗരാവകാശത്തിനായി പതിനായിരങ്ങളുടെ പ്രതിഷേധ പ്രവാഹം. രാജ്യത്തിന്റെ അഖണ്ഡതയെ മുറിവേല്‍പ്പിച്ച് രാജ്യത്തെ വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുന്നി കൈരളിയുടെ പ്രതിഷേധം അണപൊട്ടി ഒഴുകി. എസ് വൈ എസ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് നടത്തിയ പൗരാവകാശ സമ്മേളനം ഭരണാധികാരികളുടെ ധാര്‍ഷ്ട്യത്തിനുള്ള കനത്ത താക്കീതായി. മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന സമസ്ത നേതാക്കളുടെ പ്രഖ്യാപനം പ്രവര്‍ത്തകര്‍ തക്ബീര്‍ മുഴക്കിയാണ് സ്വീകരിച്ചത്. മതേതര വിശ്വാസി സമൂഹം ഈ അനീതിക്കെതിരെ ഒത്തൊരുമിക്കണമെന്ന് സമ്മേളനം വിളിച്ചോതി.

വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജുമുഅക്ക് മുമ്പ് തന്നെ നീലഗിരി ജില്ലയില്‍നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ എത്തിയിരുന്നു. മലപ്പുറം നഗരത്തില്‍ നിന്ന് കിലോ മീറ്ററുകള്‍ ദൂരെ വാഹനം പാര്‍ക്ക് ചെയ്ത് ചെറുസംഘങ്ങള്‍ പ്രതിഷേധ പ്രകടനവുമായിട്ടാണ് കിഴക്കേത്തലയിലെ സമ്മേളന നഗരിയിലെത്തിയത്. സമ്മേളനം തുടങ്ങിയപ്പോഴേക്കും വന്‍ ജനാവലിയെ ഉള്‍ക്കൊള്ളാനാകാതെ സമ്മേളന നഗരി തിങ്ങിനിറഞ്ഞു. തൊട്ടടുത്ത കെട്ടിടങ്ങള്‍ക്ക് മുകളിലും വയലുകളിലുമാണ് പ്രവര്‍ത്തകര്‍ ഇടം കണ്ടെത്തിയത്. മലപ്പുറം നഗരത്തില്‍നിന്ന് കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുകയായിരുന്നു പ്രതിഷേധ പ്രവാഹവുമായി എത്തിയ ജനസഞ്ചയം.

പ്രൗഡമായ സമ്മേളനം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മാളിയേക്കല്‍ സുലൈമാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സി. മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഇ എന്‍ മോഹന്‍ദാസ്, റഹ്മത്തുല്ല സഖാഫി എളമരം, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, സി കെ റാഷിദ് ബുഖാരി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശോല, മുഹമ്മദ് പറവൂര്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, എം അബൂബക്കര്‍ പടിക്കല്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എം എം ഇബ്‌റാഹീം, ആര്‍ പി ഹുസൈന്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ പ്രസംഗിച്ചു. മജീദ് കക്കാട് സ്വാഗതവും എസ് ശറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.