പൗരത്വം ഔദാര്യമല്ല; എസ് വൈ എസ് പ്രതിഷേധ സമ്മേളനം ഇന്ന് മലപ്പുറത്ത്

Posted on: December 13, 2019 10:36 am | Last updated: December 13, 2019 at 2:15 pm

മലപ്പുറം | പൗരത്വ ഭേദഗതി ബില്ലിലൂടെ മുസ്‌ലിംകളെ ഏകപക്ഷീയമായി മാറ്റി നിര്‍ത്തുക വഴി രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കെതിരെ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ഇന്ന് മലപ്പുറത്ത് പൗരാവകാശ സമ്മേളനം സംഘടിപ്പിക്കും. ജില്ലക്കകത്തും പുറത്ത് നിന്നുമായി പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനം വൈകുന്നേരം അഞ്ചിന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മതരാഷ്ട്രീയസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി തീ തുപ്പുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ വിരിമാറ് കാട്ടി സ്വതന്ത്ര ഭാരതം പടുത്തുയര്‍ത്തുന്നതില്‍ പങ്ക് വഹിച്ച മലപ്പുറത്ത് നടക്കുന്ന പൗരാവകാശ സമ്മേളനം രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നവര്‍ക്ക് കനത്ത താക്കീതായി മാറും. ഈ രാജ്യത്ത് എല്ലാ മത വിഭാഗങ്ങള്‍ക്കും ഒരുപോലെ ജീവിക്കാനും വായു ശ്വസിക്കാനും അവകാശമുണ്ട്. മതേതര ജനാധിപത്യ റിപ്പബ്ലിക്കെന്ന മഹത്തായ ആശയത്തെ അപ്രസക്തമാക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. മുസ്‌ലിം സമൂഹത്തെ ലക്ഷ്യം വെച്ചുള്ള ഇത്തരമൊരു ഭയാനകരമായ അവസ്ഥക്കെതിരെ പൗരാവകാശ സമ്മേളനത്തില്‍ പ്രതിഷേധമുയരും.

പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. മഗ്‌രിബ് നിസ്‌കാരത്തിനുള്ള സൗകര്യങ്ങള്‍ നഗരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. അതിന് പുറമെ പരിസരത്തുള്ള നാല് പള്ളികളിലും സൗകര്യമുണ്ടാവും. വുളൂഅ് ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിപാടി വീക്ഷിക്കുന്നതിനായി എല്‍ ഇ ഡി സൗകര്യങ്ങളുമുണ്ടാവും.

പ്രതിഷേധ സംഗമത്തിനായി കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മച്ചിങ്ങല്‍ ബൈപ്പാസില്‍ ആളെ ഇറക്കി റോഡിന്റെ ഇരുവശത്തും പരിസരത്തുള്ള ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യണം. പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കുന്നുമ്മല്‍ മൂന്നാം പടിയില്‍ ആളെ ഇറക്കി മുണ്ടുപറമ്പ് ബൈപ്പാസിലും കോട്ടക്കല്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കാട്ടപ്പടിതിരൂര്‍ റോഡില്‍ ആളെ ഇറക്കി ശുഹദാ ബൈപ്പാസ് റോഡിലും പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവര്‍ വലിയങ്ങാടിയില്‍ ആളെ ഇറക്കി റോഡിന്റെ ഇരു സൈഡുകളിലും പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. എല്ലാ സ്ഥലങ്ങളിലും വളണ്ടിയേഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വൈകുന്നേരം നാല് മുതല്‍ വലിയങ്ങാടി, മൂന്നാംപടി, എം എസ് പി പരിസരം, മച്ചിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ ചെറു പ്രകടനങ്ങളായിട്ടാണ് നഗരിയിലെത്തുക.