ഹാഫിലാത്ത് കാര്‍ഡ് ഓണ്‍ലൈനിലൂടെ റീ ചാര്‍ജ് ചെയ്യാം

Posted on: December 12, 2019 11:12 am | Last updated: December 12, 2019 at 11:12 am

അബൂദബി: പൊതു ഗതാഗതം സുഖമമാക്കുന്നതിന് ഹാഫിലാത്ത് കാര്‍ഡ് ഓണ്‍ലൈനിലൂടെ റീ ചാര്‍ജ് ചെയ്യാന്‍ സൗകര്യമൊരുക്കി അബൂദബി ഗതാഗത വകുപ്പ്. റീചാര്‍ജ് ചെയ്യുന്നതിന് പുറമെ ഹാഫിലാത്ത് കാര്‍ഡ് ഉപയോഗിക്കാതെ ബസില്‍ യാത്ര ചെയ്തതിനുള്ള പിഴയും ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി അടക്കാന്‍ സൗകര്യമുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് ഡോട്ട് വെബ്‌സൈറ്റായ www.dot.abhudhabi.ae വഴിയും, ദര്‍ബ് വെബ്‌സൈറ്റായ www.darb.ae വഴിയും ദര്‍ബ് അപ്ലിക്കേഷന്‍ വഴിയും സൗകര്യമുണ്ടെന്ന് ഡോട്ട് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് 800 888 88 ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വിമാനത്താവളം വഴി അബൂദബിയിലെത്തുന്ന യാത്രക്കാര്‍ക്കായി അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹാഫിലാത്ത് കാര്‍ഡ് ഹോള്‍ഡര്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഡോട്ട് വ്യക്തമാക്കി. ബസില്‍ യാത്ര ചെയ്യുന്നതിന് കാര്‍ഡ് ആവശ്യമുള്ള യാത്രക്കാര്‍ക്ക് കാര്‍ഡ് ഹോള്‍ഡര്‍ വഴി പുതിയ കാര്‍ഡ് ലഭിക്കും. അബൂദബി സിറ്റി, മുസഫ, ബനിയാസ്, അല്‍ ദഫ്റ മേഖല, ഖലീഫ സിറ്റി, ഷഹാമ, സംഹ എന്നിവിടങ്ങളിലേക്ക് വിമാനത്താവളത്തില്‍ നിന്നും ബസ് സൗകര്യമുണ്ട്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമാനത്താവളത്തിലേക്കും തിരിച്ചും 20 മിനിട്ടിന്റെ ഇടവേളകളില്‍ ബസ് സൗകര്യം ക്രമീകരിച്ചതായും ഗതാഗത വകുപ്പ് അറിയിച്ചു.

ഹാഫിലാത്ത് കാര്‍ഡില്ലാതെ ബസില്‍ യാത്ര ചെയ്താല്‍ 200 ദിര്‍ഹമാണ് പിഴ. അനധികൃത യാത്ര നിയന്ത്രിക്കുന്നതിന് ബസുകളില്‍ വ്യാപകമായ പരിശോധന ആരംഭിച്ചതായും ഡോട്ട് അറിയിച്ചു.