Connect with us

Kerala

പൗരത്വ ബിൽ മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാന്‍: സി പി എം

Published

|

Last Updated

തിരുവനന്തപുരം | മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച്‌ രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്‌ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ആര്‍ എസ്‌ എസ്‌ പദ്ധതിയുടെ ഭാഗം കൂടിയാണിതെന്നും  അതുകൊണ്ടു തന്നെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ഭേദഗതി നിയമത്തെ എതിര്‍ത്ത്‌ തോല്‍പിക്കാനും ശക്തമായ പ്രതിഷേധം ഉയര്‍ത്താനും എല്ലാ ജനവിഭാഗവും രംഗത്ത് വരണമെന്നും സിപിഎം ആവശ്യപ്പെട്ടു.

മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ ജനിച്ച സ്ഥലത്തിന്റെയോ വ്യത്യാസങ്ങളില്ലാതെ എല്ലാ വ്യക്തികള്‍ക്കും നിയമത്തിന്‌ മുമ്പില്‍ സമത്വവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന ഭരണഘടയിലെ 14-ാം വകുപ്പിന്റെ നഗ്നമായ ലംഘനം കൂടിയാണ്‌ മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുമെന്ന പ്രഖ്യാപനം.

ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന മുസ്ലീങ്ങള്‍ ഒഴിച്ചുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബൗദ്ധര്‍, പാഴ്‌സികള്‍, ജൈനര്‍, ക്രിസ്‌ത്യാനികള്‍ എന്നിവര്‍ക്ക്‌ പൗരത്വം നല്‍കുന്നതാണ്‌ ഭേദഗതി. നിലവില്‍ 11 വര്‍ഷം തുര്‍ടര്‍ച്ചയായി താമസിക്കുന്നവര്‍ക്കാണ്‌ പൗരത്വമെങ്കില്‍ ഭേദഗതി നിയമത്തില്‍ അത്‌ അഞ്ച്‌ വര്‍ഷമായി ചുരിക്കിയിരിക്കുകയാണ്‌. എന്താണ്‌ ഇതിന്റെ അടിസ്ഥാനം എന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല.

അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തോടുള്ള സ്‌നേഹത്തിന്റെ പേരിലാണ്‌ ഭേദഗതിയെങ്കില്‍ എന്തുകൊണ്ട് മ്യാന്‍മറിലെ റോഹിംഗ്യകള്‍ക്കും, പാകിസ്‌താനിലെ ഷിയ, അഹമ്മദീയ വിഭാഗങ്ങള്‍ക്കും, ശ്രീലങ്കയിലെ തമിഴര്‍ക്കും, നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖകള്‍ക്കും മാധേശികള്‍ക്കും ഇത്‌ ബാധകമാക്കുന്നില്ല എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്‌. മുസ്ലീങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്‌ ഈ ഭേദഗതിയെന്ന്‌ സാരം. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച്‌ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന സവര്‍ക്കറുടെ പദ്ധതിയാണ്‌ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത. ബഹുസ്വരമായ ഇന്ത്യ എന്ന ആശയത്തെ തന്നെയാണ്‌ തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും ഈ കുത്സിത നീക്കത്തിനെതിെര രംഗത്ത്‌ വരണം.

അസാധാരണ വേഗതയിലും തിടുക്കത്തിലും ഈ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കുന്നതിന്‌ പിന്നിലുള്ള രാഷ്ട്രീയവും കാണതെ പോകരുത്‌. മോദി ഭരണത്തില്‍ രാജ്യം സാമ്പത്തികമായി തകര്‍ന്നടിയുകയാണ്‌. തൊഴില്ലായ്‌മയും ദാരിദ്ര്യവും പെരുകുകയാണ്‌. ഇതിനെതിരെ ഉയരുന്ന ജനരോഷത്തെ വര്‍ഗീയത ഉയര്‍ത്തി നേരിടുകയാണ്‌ മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഈ നീക്കത്തെ എന്ത്‌ വിലകൊടുത്തും പരാജയപ്പെടുത്തുക തന്നെ വേണം.

ഇതിനെതിരെ പാര്‍ടിയുടെ നേതൃത്വത്തില്‍ ഏരിയാ കേന്ദ്രത്തില്‍ ഒരു കേന്ദ്ര ഗവണ്‍മെന്റ്‌ ഓഫീസിന്‌ മുന്നില്‍ ഡിസംബര്‍ 13 ന്‌ രാവിലെ പ്രതിഷേധ മാര്‍ച്ചും, ലോക്കല്‍ തലത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അറിയിച്ചു.

 

---- facebook comment plugin here -----

Latest