ഝാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി ജവാന്‍ മരിച്ചു

Posted on: December 10, 2019 11:06 pm | Last updated: December 11, 2019 at 10:17 am

റാഞ്ചി: ഝാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി ജവാന്‍ മരിച്ചു. അതിര്‍ത്തി രക്ഷാ സേനയിലെ (സി ആര്‍ പി എഫ്) അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് ആയിരുന്ന ആലുവ സ്വദേശി ഷാഹുല്‍ ഹര്‍ഷന്‍ (28) ആണ് മരിച്ചത്. അതിര്‍ത്തി രക്ഷാ സേനയിലെ (സി ആര്‍ പി എഫ്) അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് ആയിരുന്നു. വെടിവെപ്പില്‍ അസിസ്റ്റന്‍ഡ് സബ്-ഇന്‍സ്പെക്ടര്‍ പൂര്‍ണാനന്ദ് ഭുയാനും (47) കൊല്ലപ്പെട്ടു. വെടിവെപ്പില്‍ രണ്ടു സൈനികര്‍ക്ക് പരുക്കേറ്റു.

തിരഞ്ഞെടുപ്പ് നടക്കുന്ന ഝാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു വെടിവെപ്പ്. 226-ാം ബറ്റാലിയനില്‍ ചാര്‍ലി കമ്പനി ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ദീപേന്ദര്‍ യാദവ് ആണ് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തത്. ബൊക്കാറോയില്‍ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ഷാഹുല്‍ ഉള്‍പ്പെടുന്ന സി ആര്‍ പി എഫ് സംഘം. ഭക്ഷണത്തിന്റെ പേരിലുള്ള തര്‍ക്കത്തിനിടെയാണ് വെടിവെപ്പെന്നാണ് വിവരം. സംഭവ സമയത്ത് ദീപേന്ദര്‍ യാദവ് മദ്യപിച്ചിരുന്നതായി ചില സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.