Connect with us

Kerala

സിസ്റ്റര്‍ അഭയ കേസ്: ഫാദര്‍ ജോസ് പുതൃകയലിനെ വിട്ടയച്ച വിധിക്കെതിരായ ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | സിസ്റ്റര്‍ അഭയകേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃകയലിനെവിചാരണ കൂടാതെ വിട്ടയച്ചതിനെതിരായ ഹരജി സുപ്രീം കോടതി തള്ളി.കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുമായി സൗഹൃദമുണ്ട് എന്ന കാരണത്താല്‍ ഫാദര്‍ ജോസ് പൂതൃക്കയില്‍ കുറ്റകാരനാണെന്ന് കരുതാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. ജസ്റ്റിസുമാരായ അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജി തള്ളിയത്.

ഫാദര്‍ ജോസ് പൂതൃക്കയിലിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിചാരണ കോടതി വിധി നേരത്തെ ഹൈകോടതിയും ശരി വെച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹരജി ല്‍കിയത്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ 4.30ന് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ കോണ്‍വെന്റില്‍ കണ്ടുവെന്ന് ദൃക്‌സാക്ഷി അടയ്ക്ക രാജു വിചാരണ കോടതില്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന്ജോമോന്‍ പുത്തന്‍പുരയ്ക്കലിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അടയ്ക്ക രാജു മോഷണ കേസില്‍ ജയിലില്‍ കിടന്നിട്ടുള്ള വ്യക്തിയല്ലേയെന്നും സാക്ഷി പറയാന്‍ രാജു പണം കൈപറ്റിയെന്ന ആരോപണമില്ലേ എന്നും ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു.
1992 ആണ് സിസ്റ്റര്‍ അഭയയെ കോണ്‍വെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. 2009 ല്‍ ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. എന്നാല്‍ വിചാരണ ആരംഭിക്കുന്നത് സമീപകാലത്താണ്.