കര്‍ണാടക; വിമതര്‍ക്ക് അനുകൂലമായ ജനവിധി ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ്

Posted on: December 9, 2019 11:12 am | Last updated: December 9, 2019 at 1:24 pm

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പിലറ്റ കനത്ത തിരിച്ചടിയില്‍ നടുക്കം രേഖപ്പെടുത്തി കോണ്‍ഗ്രസ്. വിമതരേയും കാലുവാരലുകാരേയും ജനങ്ങള്‍ അംഗീകരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. ജനവിധി അംഗീകരിക്കുന്നുവെന്നും കര്‍ണാടകയില്‍ പാര്‍ട്ടി തിരിച്ചുവരുമെന്നും ശിവകുാര്‍ പറഞ്ഞു.

സുപ്രീം കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും അവരുടെ അജന്‍ഡയുടേയും ഭാഗമായി നിന്നുവെന്ന് എ ഐ സി സെക്രട്ടറി പി സി വിഷ്ണുനാഥ് പ്രതികരിച്ചു. വിത്യസ്തമായ ഫലമുണ്ടാകുമെന്നു ഞങ്ങള്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമാണ്. ഒരുപാട് വെല്ലുവിളികളുള്ള തിരഞ്ഞെടുപ്പായിരുന്നു. കൂറുമാറിയ എം എല്‍ എമാരെ സ്പീക്കര്‍ ഈ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു വിലക്കുകയായിരുന്നു ചെയ്തത്. പക്ഷേ, സുപ്രീം കോടതി അയോഗ്യത അംഗീകരിക്കുകയും മത്സരിക്കാന്‍ അവര്‍ യോഗ്യരാണെന്നു വിധിക്കുകയും ചെയ്തു. അപൂര്‍വമായ ഒരു വിധിയായിരുന്നു ഇതെന്നും വിഷ്ണുനാഥ് പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തില്‍ ഇതുവരെ, നോമിനേഷന്‍ സ്വീകരിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നെ ആ തിരഞ്ഞെടുപ്പ് കോടതി പറഞ്ഞാല്‍പ്പോലും മാറ്റിവെ്ക്കാറില്ല. എന്നാല്‍ അയോഗ്യരാക്കപ്പെട്ടവര്‍ക്ക് മത്സരിക്കാന്‍ കോടതി വിധി വരുന്നതുവരെ കമ്മീഷന്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചെന്നും അദ്ദേഹം പറഞ്ഞു.