ഇന്ത്യ പീഡനങ്ങളുടെ തലസ്ഥാനമായി മാറിയെന്ന് രാഹുല്‍ ഗാന്ധി

Posted on: December 7, 2019 4:00 pm | Last updated: December 7, 2019 at 7:53 pm

കല്‍പ്പറ്റ |  ഇന്ത്യ ഇപ്പോള്‍ പീഡനങ്ങളുടെ തലസ്ഥാനമായി മാറിയെന്നും പെണ്‍മക്കളെയും സഹോദരിമാരെയും എന്തുകൊണ്ടാണ് ഇന്ത്യക്ക് സംരക്ഷിക്കാന്‍ കഴിയാത്തതെന്ന് വിദേശ രാജ്യങ്ങള്‍ ചോദിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് നിരവധി പീഡനങ്ങള്‍ ഉണ്ടായിട്ടും പ്രധാനമന്ത്രി മൗനം തുടരുകയാണ്. ബി ജെ പിയുടെ എം എല്‍ എ പോലും പീഡനത്തില്‍ പ്രതിയായി. ജനങ്ങള്‍ നിയമം കൈയില്‍ എടുക്കുന്നത് രാജ്യം ഭരിക്കുന്നയാള്‍ അക്രമത്തില്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. ബി ജെ പി ഭരണത്തില്‍ രാജ്യത്തുടനീളം ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഉന്നാവ്, ഹൈദരാബാദ് അടക്കമുള്ള പീഡന സംഭവങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തുടനീളം അക്രമങ്ങള്‍ വര്‍ധിക്കുന്നത് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അധാര്‍മികത, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എല്ലാം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഒരു പെണ്‍കുട്ടി ബലാത്സംഗത്തിനിരയാക്കപ്പെടുന്നതിനെക്കുറിച്ചും പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും എല്ലാ ദിവസവും നാം വായിക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ദളിതര്‍ക്കും എതിരായ അതിക്രമങ്ങളും രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.