മലബാറിന്റെ രുചി വൈഭവമറിഞ്ഞ് രാഹുല്‍ അരീക്കോട്ട്; വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചു

Posted on: December 5, 2019 5:48 pm | Last updated: December 12, 2019 at 5:26 pm
രാഹുൽ ഗാന്ധി അരീക്കോട് മമത ബേക്കറിയിൽ ചായ കുടിക്കാനെത്തിയപ്പോൾ

അരീക്കോട് | വയനാട് മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധി അരീക്കോട്ടെ ബേക്കറിയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും വയനാട്ടിലേക്ക് പോകും വഴിയാണ് രാഹുല്‍ മലബാറിന്റെ രുചിവൈഭവങ്ങളറിയാന്‍ അരീക്കോട്ടെ മമത ബേക്കറിയില്‍ എത്തിയത്.

ചായയും ജ്യൂസും കുടിച്ച രാഹുല്‍ തലശേരി പഴം നിറവും, തലശേരി കായ്‌പോള, ഇലയട എന്നിവയും രുചിച്ചറിഞ്ഞ് ഏറെ നേരം അവിടെ തങ്ങി. സെൽഫിക്കാരുടെ തിരക്ക് തുടങ്ങിയതോടെ കായ വറുത്തത് പാക്ക്  ചെയ്ത് വാങ്ങിയാണ് മടങ്ങിയത്. പലഹാരങ്ങള്‍ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ രാഹുല്‍ ബേക്കറിയില്‍ നിന്ന് ചായ കുടിച്ച വീഡിയോ ഔദ്യോഗിക ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു. കെ സി വേണു ഗോപാലും എ പി അനില്‍ കുമാര്‍ എം എല്‍ എയും കൂടെയുണ്ടായിരുന്നു.