Connect with us

Editorial

കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തില്‍ നിന്ന് മാറ്റരുത്

Published

|

Last Updated

കണ്ണൂര്‍ അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞുവെന്നുമാത്രമല്ല, അതിന്റെ ഉത്തരവാദിത്വം കേരള സര്‍ക്കാറിന്റെ തലയില്‍ കെട്ടിവെച്ചു നല്ലപിള്ള ചമയാന്‍ ശ്രമിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍. ശനിയാഴ്ച എളമരം കരീമിന്റെ ചോദ്യത്തിനുത്തരമായാണ് കോസ്റ്റ് ഗാര്‍ഡ് അക്കാദമി അഴീക്കലില്‍ സ്ഥാപിക്കുകയില്ലെന്നു പ്രതിരോധ സഹമന്ത്രി രാജ്യസഭയില്‍ വെളിപ്പെടുത്തിയത്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിയോജിപ്പാണ് കേരളത്തെ തഴയാന്‍ കാരണമായി പറയുന്നത്. ഇതിനു പിന്നാലെ മറ്റൊരു സ്ഥലം കണ്ടെത്താന്‍ കേന്ദ്രം പലതവണ ആവശ്യപ്പെട്ടതായും സംസ്ഥാന സര്‍ക്കാറിന്റെ ഇക്കാര്യത്തിലുള്ള അനാസ്ഥയാണ് അക്കാദമി കേരളത്തിന് നഷ്ടപ്പെടാന്‍ കാരണമെന്ന ആരോപണവുമായി പാര്‍ലിമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ രംഗത്തു വരികയും ചെയ്തിരിക്കുകയാണ്.

തീരസേന, സി ഐ എസ് എഫ്, മറൈന്‍ പോലീസ്, സി ആര്‍ പി എഫ് വിഭാഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയാണ് കോസ്റ്റ് ഗാര്‍ഡ് അക്കാദമിയില്‍ ലക്ഷ്യമിടുന്നത്. ഹെലിപ്പാഡ് ഉപകരണ കേന്ദ്രം, പരേഡ് മൈതാനം, നീന്തല്‍ക്കുളം, ക്വാര്‍ട്ടേഴ്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച അക്കാദമിയാണ് അഴീക്കലില്‍ വിഭാവനം ചെയ്തിരുന്നത്. 2009ലാണ് അക്കാദമി കേരളത്തില്‍ സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ എടുത്തത്.

അതനുസരിച്ച് 2011 ആദ്യം തന്നെ വളപട്ടണത്ത് അറബിക്കടല്‍ തീരത്ത് വ്യവസായ വകുപ്പിനു കീഴിലുള്ള കിന്‍ഫ്രയുടെ 164 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു കൈമാറുകയും ചെയ്തു. തുടര്‍ന്ന് കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം അഴീക്കലിലെത്തി സ്ഥലം പരിശോധിച്ചു സ്ഥലം അക്കാദമിക്കു അനുയോജ്യമാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തതാണ്. ഏഴിമല നാവിക അക്കാദമിയും അഴീക്കല്‍ തുറമുഖവും സമീപ പ്രദേശങ്ങളിലായത് അക്കാദമിക്കു കൂടുതല്‍ പ്രയോജനകരമാകുമെന്നു വിലയിരുത്തപ്പെടുകയും ചെയ്തു.
2011 മെയില്‍ അക്കാദമിക്ക് എ കെ ആന്റണി തറക്കല്ലിട്ടു. രണ്ട് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പദ്ധതി പ്രദേശത്തിനു ചുറ്റും കമ്പിവേലി കെട്ടി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി എന്ന ബോര്‍ഡും ഗേറ്റും സ്ഥാപിക്കുകയും ചെയ്തു. പദ്ധതിക്കായി ഇതിനകം 65.56 കോടി രൂപ ചെലവിടുകയുമുണ്ടായി. പിന്നീടാണ് പാരിസ്ഥിതിക ആഘാത പഠനം നടത്തി തീരപരിപാലന അതോറിറ്റിയുടെ അനുമതി തേടണമെന്ന് നിര്‍ദേശം വന്നത്. ഇതുസംബന്ധിച്ചു ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്തു. പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ച വിവരം ഇതുവരെയും കേരളത്തെ അറിയിച്ചതുമില്ല. ഇപ്പോള്‍ പാര്‍ലിമെന്റില്‍ കേരള പ്രതിനിധി വിവരം തിരക്കിയപ്പോള്‍ മാത്രമാണ് ഇതു വെളിപ്പെടുത്തുന്നത്. അതിനിടെ അക്കാദമി മംഗലാപുരത്തെ ബൈക്കംപടിയിലേക്ക് മാറ്റാന്‍ കേന്ദ്രം തത്വത്തില്‍ തീരുമാനിച്ച വിവരം പുറത്തു വന്നിട്ടുണ്ട്. അവിടെ 160 ഏക്കര്‍ സ്ഥലം കര്‍ണാടക സര്‍ക്കാര്‍ അക്കാദമിക്കായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രിയായിരിക്കെ സീതാരാമന്‍ പ്രസ്തുത പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
അഴീക്കല്‍ തീരം ലോല പ്രദേശമായതിനാല്‍ പദ്ധതി അവിടെ പറ്റില്ലെന്ന വാദം ബാലിശമാണ്. നാവിക അക്കാദമി തീരദേശത്തല്ലാതെ പിന്നെ എവിടെയാണ് സ്ഥാപിക്കേണ്ടത്? മാത്രമല്ല, തീരദേശങ്ങളില്‍ നിര്‍മാണം തടഞ്ഞു കൊണ്ടുള്ള 2011ലെ കേന്ദ്ര വിജ്ഞാപനത്തിന് 2018 ജൂലൈയില്‍ ഭേദഗതി കൊണ്ടു വന്നിട്ടുമുണ്ട്. ഇതനുസരിച്ച് കോസ്റ്റ് ഗാര്‍ഡ് അക്കാദമി പോലുള്ള ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് തീരദേശങ്ങളില്‍ അനുമതി നല്‍കാവുന്നതാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടു നേരിട്ട് ശ്രദ്ധയില്‍ പെടുത്തിയതുമാണ്. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കാവുന്നതാണെന്ന് 2015ല്‍ കേരള കോസ്റ്റല്‍ മാനേജ്‌മെന്റ് അതോറിറ്റി ശിപാര്‍ശ ചെയ്തിട്ടുമുണ്ട്. എന്നിട്ടും പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടി പദ്ധതിക്ക് അനുമതി നിഷേധിക്കുന്നതില്‍ എന്ത് ന്യായീകരണമുണ്ട്? കേരളത്തിനു ഗുണകരമായ പദ്ധതികള്‍ സമ്മര്‍ദ തന്ത്രത്തിലൂടെ നേടിയെടുക്കേണ്ട കേരളീയനായ മന്ത്രി വി മുരളീധരന്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങളോട് പുറംതിരിഞ്ഞു നിന്ന് വിവേചനപരമായ കേന്ദ്ര നടപടിയെ ന്യായീകരിക്കുന്നത് ഖേദകരമാണ്.

ബി ജെ പി ഇതര സര്‍ക്കാറുകളോട് വിശേഷിച്ചും കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തി വരുന്ന നഗ്നമായ വിവേചനത്തിന്റെ തുടര്‍ച്ചയാണ് യഥാര്‍ഥത്തില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി പദ്ധതിക്ക് അനുമതി നിഷേധിച്ചതിനു പിന്നില്‍. പാലക്കാട് കോച്ച് ഫാക്ടറിയുടെയും ഓഖി ദുരന്താനന്തര ധനസഹായത്തിന്റെയും പ്രളയ ദുരിതാശ്വാസത്തിന് വിദേശ രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച സഹായധനത്തിന്റെയും കാര്യത്തിലും ഇതുകണ്ടു. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയപ്പോള്‍ കേരളം അഭിമുഖീകരിച്ച രൂക്ഷമായ പ്രതിസന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചക്ക് അവസരം ചോദിച്ചപ്പോഴും ഇതു കണ്ടു. ബി ജെ പി ഭരണത്തിന്‍ കീഴിലുള്ള സംസ്ഥാനങ്ങള്‍ക്ക് പദ്ധതികള്‍ അനുവദിക്കുമ്പോള്‍ മിക്കപ്പോഴും പാരിസ്ഥിതിക പ്രശ്‌നം തടസ്സമാകാറില്ല. കേരളത്തിനാകുമ്പോഴാണ് എല്ലാം ചികഞ്ഞു നോക്കി പദ്ധതിക്ക് തടയിടാനുള്ള വഴി കണ്ടെത്തുന്നത്. ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണിത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലത്തേ തുടങ്ങിയതാണ് ഈ വിവേചനം. മോദി സര്‍ക്കാര്‍ വന്ന ശേഷം കൂടുതല്‍ രൂക്ഷമായെന്നു മാത്രം. കോസ്റ്റ് ഗാര്‍ഡ് അക്കാദമി അഴീക്കലില്‍ നിന്ന് മാറ്റാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്തിരിയണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഭിന്നത മാറ്റിവെച്ചു സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തേണ്ടതാണ്.