Connect with us

Kerala

ചാരിറ്റി പ്രവർത്തനം അവസാനിപ്പിച്ചുവെന്ന് ഫിറോസ് കുന്നുംപറമ്പിൽ; പ്രഖ്യാപനം ഫേസ്ബുക്ക് ലൈവിൽ

Published

|

Last Updated

കോഴിക്കോട് | ഓൺലൈൻ വഴി ചാരിറ്റി പ്രവർത്തനം നടത്തി ശ്രദ്ധേയനായ സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ചാരിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. തിങ്കളാഴ്ച രാത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലൈവിൽ എത്തിയായിരുന്നു പ്രഖ്യാപനം. വിമർശനങ്ങൾ കേട്ട് മടുത്തുവെന്നും സമാധാനം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പ്രഖ്യാപനമെന്നും ഫിറോസ് വ്യക്തമാക്കുന്നു. ചാരിറ്റി ആവശ്യങ്ങളുമായി ആരും ഇനി തന്നെ സമീപിക്കേണ്ടതില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.

തിരുവനന്തപുരം ഭാഗത്തുള്ള ചിലരിൽ നിന്നാണ് തനിക്ക് ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്. തിരുവനന്തപുരം സ്വദേശിയായ ആഷിക്ക് തോന്നയ്ക്കൽ എന്നയാൾ കഴിഞ്ഞ ദിവസം ഒരു വീഡിയോയിലൂടെ തനിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു. തിരുവനന്തപുരത്തെ ഇല്ലാത്ത രോഗിയുടെ പേരിൽ പണം പിരിക്കുകയും അതിൽ നിന്ന് താൻ ഏഴ് ലക്ഷം രൂപ അടിച്ചുമാറ്റിയെന്നുമാണ് ഇയാൾ ആരോപിച്ചത്. ഇത് അടിസ്ഥാന രഹിതമാണ്. തിരുവനന്തപുരം സ്വദേശിയായ ഒരു സ്ത്രീക്ക് വേണ്ടി ഒരു വർഷം മുമ്പ് ചെയ്ത വീഡിയോ ഉയർത്തി കാണിച്ചാണ് ഇയാൾ ആരോപണമുന്നയിച്ചത്. ആ സ്ത്രീക്ക് രോഗമുണ്ടെന്നതിന്റെയും ചികിത്സ നടത്തുന്നുണ്ട് എന്നതിനേയും എല്ലാ തെളിവുകളും തൻറെ പക്കൽ ഉണ്ട്. അവർക്ക് വന്ന പണത്തിൽ നിന്ന് അവരുടെ ചികിത്സ ആവശ്യം കഴിഞ്ഞ് മിച്ചം വന്ന ഏഴ് ലക്ഷം രൂപ താൻ മറ്റു അശരണരായ ആളുകൾക്ക് നൽകുകയാണ് ചെയ്തത്. എന്നാൽ പണം താൻ അടിച്ചുമാറ്റി എന്ന രീതിയിലാണ് ആഷിക് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഫിറോസ് പറയുന്നു. രോഗിയുടെ ചികിത്സാ രേഖകളും മിച്ചം വന്ന തുക ചെലവഴിച്ചതിന്റെ വിവരങ്ങളും ഫിറോസ് ലൈവിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ഫിറോസ് വ്യക്തമാക്കി.

ആഷിക് തോന്നയ്ക്കലിന് എതിരെ ഗുരുതരമായ ആരോപണങ്ങളും ഫിറോസ് വീഡിയോയിൽ ഉന്നയിക്കുന്നുണ്ട്. മറ്റൊരു ഓൺലൈൻ ചാരിറ്റി പ്രവർത്തകനായ സുശാന്ത് നിലമ്പൂരിനെ ഉപയോഗിച്ച് ആഷിക് ഒരു രോഗിക്ക് വേണ്ടി വീഡിയോ ചെയ്യുകയും അതിൽ നിന്ന് 16 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി ഫിറോസ് പറയുന്നു. ഇതിനു തെളിവായി സുശാന്ത് നിലമ്പൂരുമായി നടത്തിയ ഫോൺ സംഭാഷണവും ഫിറോസ് പുറത്തുവിട്ടു. രോഗിയുമായി അഡ്ജസ്റ്റ് മെൻറ് ഉണ്ടാക്കിയാണ് ഇയാൾ പണം തട്ടിയത് എന്നും ഫിറോസ് ആരോപിക്കുന്നു.

നല്ല കാര്യങ്ങൾ ചെയ്തതിൻറെ പേരിൽ വലിയ വിമർശനങ്ങളാണ് ഏൽക്കേണ്ടിവന്നത് എന്ന് ഫിറോസ് വീഡിയോയിൽ പറയുന്നു. സ്ത്രീകളെ വെച്ചു വരെ തനിക്കെതിരെ ചിലർ അവർ ആക്രമണം നടത്തി. കൂടെ കിടന്നാൽ സഹായം നൽകാമെന്ന് ഫിറോസ് പറഞ്ഞതായി വീഡിയോ ചെയ്താൽ പണവും വീടും നൽകാമെന്ന് പറഞ്ഞ് ചിലർ ചില സ്ത്രീകളെ കൊണ്ട് ഓഡിയോ പ്രചരിപ്പിച്ചു. ഈ സ്ത്രീകൾ തന്നെ പിന്നീട് സത്യം തന്നോട് തുറന്നു പറയുകയാണ് ഉണ്ടായത്. ഇനിയും ഇത്തരം ആരോപണങ്ങൾ സഹിച്ച് മുന്നോട്ടുപോകാനാവില്ല. തനിക്കും കുടുംബവും കുട്ടികളും ഉണ്ട്. സമാധാനപരമായി ജീവിക്കാൻ സാധിക്കുന്നില്ല. അതിനാൽ ഓൺലൈൻ വഴി നടത്തുന്ന എല്ലാ ചാരിറ്റി പ്രവർത്തനങ്ങളും ഇവിടെ അവസാനിപ്പിക്കുകയാണ്. ഒരു രോഗിക്കും പണം ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ ഇനി ലൈവ് വീഡിയോ ഇടില്ല. നിലവിൽ താൻ ഏറ്റെടുത്ത രണ്ട് കേസുകൾ ഉണ്ട്. അതിൽ തീർപ്പ് ഉണ്ടാക്കിയ ശേഷം പൂർണമായും ഓൺലൈൻ ചാരിറ്റി പ്രവർത്തനം അവസാനിപ്പിക്കും. ഓൺലൈൻ ചാരിറ്റി മേഖലയിലേക്ക് കടക്കുന്നതിന് മുമ്പ് താൻ നടത്തിയിരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ തുടരുമെന്നും ഫിറോസ് വ്യക്തമാക്കി. വഴിയരികിൽ അനാഥരായി കിടക്കുന്നവർക്ക് ഭക്ഷണം എത്തിച്ച് കൊടുക്കൽ ആയിരുന്നു താൻ ആദ്യകാലത്ത് ചെയ്തിരുന്നത്. അത് ഇനിയും തുടരും. അല്ലാതെ സഹായം ആവശ്യപ്പെട്ട് വീഡിയോ ചെയുന്നതിനായി ആരും തന്നെ സമീപിക്കേണ്ടതില്ലെന്നും ഫിറോസ് വ്യക്തമാക്കി.

സി പി എമ്മിനെ പേരെടുത്ത് പറയാതെ വീഡിയോയിൽ വിമർശിക്കുന്നുണ്ട്. താൻ ഒരു രാഷ്ട്രീയം പറഞ്ഞതിന്റെ പേരിൽ തന്നെ ക്രൂശിക്കുന്നവരെ എല്ലാവർക്കും അറിയാം. പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിലാണ് ആഷിക്ക് തോന്നയ്ക്കലിന്റെ വീഡിയോ ഷെയർ ചെയ്തത് എന്നും ഫിറോസ് പറഞ്ഞു.

മൂന്ന് വർഷത്തോളമായി ഓൺലൈൻ മേഖലയിൽ ചാരിറ്റി പ്രവർത്തനം നടത്തി വരികയായിരുന്നു പാലക്കാട്‌ സ്വദേശി ആയ ഫിറോസ് കുന്നുംപറമ്പിൽ. നിർധനരായ രോഗികളെ നേരിൽ കാണുകയും അവരുടെ വീഡിയോ തൽസമയം ഫേസ്ബുക്ക് ലൈവിൽ നൽകുകയും അതുവഴി വഴി സഹായം ലഭ്യമാക്കുകയും ചെയ്യുന്നതായിരുന്നു ഫിറോസിന്റെ രീതി. ഒരു വീഡിയോ ചെയ്തു മണിക്കൂറുകൾക്കകം തന്നെ ലക്ഷങ്ങൾ ഫിറോസ് സമാഹരിച്ചിരുന്നു. ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ അടുത്തിടെയായി ഫിറോസിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതേതുടർന്ന് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഫിറോസ് ട്രസ്റ്റ് രൂപവത്കരിക്കുകയും ചെയ്തിരുന്നു.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.