കൊല്ലത്ത് കെ എസ് യുവിന്റെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: November 30, 2019 12:20 pm | Last updated: November 30, 2019 at 6:26 pm

കൊല്ലം |  യൂണിവേഴ്‌സിറ്റി കോളജില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തിനിടെ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് അടക്കമുള്ളവര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് ഇന്ന് കൊല്ലത്ത് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കൊല്ലം ഈസ്റ്റ് പോലീാേസ് സ്റ്റേഷനിലേക്കായിരുന്നു മാര്‍ച്ച്. എന്നാല്‍ ദേശീയപാതയില്‍ പോലീസ് സ്‌റ്റേഷന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പിരിഞ്ഞ്‌പോകാന്‍ കൂട്ടാക്കാതിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ചെറിയ രീതിയില്‍ ലാത്തിച്ചാര്‍ജുമുണ്ടായി. പോലീസുമായി ഉന്തും തള്ളിലുമേല്‍പ്പെട്ട കെ എസ് യുക്കാര്‍ ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഭവത്തില്‍ അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. പോലീസുകാര്‍ സി പി എമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും യൂണിവേഴ്‌സിറ്റി കോളജില്‍ കെ എസ് യുക്കാരെ ആക്രമിച്ച എസ് എഫ് ഐക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

അതിനിടെ യൂണിവേഴ്‌സ്റ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 13 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. കെ എസ് യു പ്രസിഡന്റ് കെ എം അഭിജിതിന്റെ പരാതിയിലാണ് കോളജിലെ കണ്ടാലറിയാവുന്ന എസ് എഫ് ഐക്കാര്‍ക്കെതിരെ കേസെടുത്തത്. കൂടാതെ റോഡ് ഉപരോധിച്ചതിന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് അടക്കമുള്ള കെ എസ് യുക്കാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ കേസില്‍ ഇതുവരെ ഒരു അറസ്റ്റുമുണ്ടായിട്ടില്ല.