ഉര്‍ദു കവിതാ രചനയില്‍ രണ്ടാം തവണയും മിര്‍ഫ

Posted on: November 30, 2019 2:07 am | Last updated: November 30, 2019 at 2:51 am

കണ്ണൂര്‍ | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഉര്‍ദു കവിതാ രചനയില്‍ മിര്‍ഫ ഷൈഖയ്ക്ക് വീണ്ടും എ ഗ്രേഡ്. തലശ്ശേരി മുബാറക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ മിര്‍ഫ തുടര്‍ച്ചയായ രണ്ടാം തവണയാണ് സംസ്ഥാന തലത്തില്‍ ഗ്രേഡ് നേടുന്നത്. നദി ദേഷ്യത്തിലാണ് എന്ന വിഷയത്തെ കുറിച്ചാണ് ഇത്തവണ കവിത രചിച്ചത്. മൂത്ത സഹോദരി ഹൈഫ ഇല്‍ഹാമിന്റെ പാത പിന്തുടര്‍ന്നാണ് മിര്‍ഫ കവിതാ രചനയില്‍ മികവ് തെളിയിക്കാന്‍ തുടങ്ങിയത്. തുടര്‍ച്ചയായ നാല് വര്‍ഷം സംസ്ഥാന തലത്തില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് ഉര്‍ദു കവിതാ രചനയില്‍ പങ്കെടുത്തത് സഹോദരി ഹൈഫയായിരുന്നു.

ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിര്‍ഫ ഹൈസ്‌കൂള്‍ വിഭാഗം ഉര്‍ദു കവിതാ രചനയില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. ജില്ലാ കലോത്സവത്തില്‍ ഉര്‍ദു കഥാരചനയില്‍ രണ്ടാം സ്ഥാനവും, ഉര്‍ദു പ്രസംഗത്തില്‍ എ ഗ്രേഡും നേടിയിട്ടുണ്ട് ഈ മിടുക്കി. തലശ്ശേരി സൈദാര്‍പള്ളിക്കടുത്ത ബുറൂജില്‍ ഫനാസിനാ, സിദ്ധീഖ് എന്നിവരുടെ മകളാണ്.