Connect with us

Ongoing News

അനുകരണ കലയില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും നേട്ടവുമായി ബിന്‍ഷ അഷ്‌റഫ്

Published

|

Last Updated

കാഞ്ഞങ്ങാട് | അനുകരണ കലയില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും വിജയം നേടിയിരിക്കുകയാണ് മിമിക്രി കലാകാരന്‍ കലാഭവന്‍ അഷ്‌റഫിന്റെ മകള്‍ ബിന്‍ഷ അഷ്‌റഫ്. എട്ടാം ക്ലാസില്‍ തുടങ്ങിയ എ ഗ്രേഡ് നേട്ടം പ്ലസ്ടുവിലും ആവര്‍ത്തിച്ചാണ് മലപ്പുറം പൂക്കറത്തറ ഡി എച്ച് ഒ എച്ച് എസ് എസിലെ വിദ്യാര്‍ഥി ബിന്‍ഷ പിതാവിന്റെ വഴിയില്‍ ജൈത്രയാത്ര തുടരുന്നത്.

ഡിജിറ്റല്‍ ഇന്ത്യ, കബഡിയിലെയും രാഷ്ട്രീയത്തിലെയും കാലുവാരല്‍ തുടങ്ങിയവ മിമിക്രിയിലൂടെ അവതരിപ്പിച്ചാണ് ബിന്‍ഷ ഈ വര്‍ഷം എ ഗ്രേഡ് സ്വന്തമാക്കിയത്. ഒരേസമയം ഒന്നിലധികം ശബ്ദങ്ങള്‍ കൂട്ടിയിണക്കി അവതരിപ്പിച്ച ബിന്‍ഷ അനുകരണ കലയില്‍ കഴിവ് തെളിയിച്ചു. നാഥസ്വരവും റിഥവും ഒരേസമയം അവതരിപ്പിച്ചതും ഡിടിഎസ് സൗണ്ട് എഫക്ട് അവതരിപ്പിച്ചതും ശ്രദ്ധേയമായി. പിതാവ് തന്നെയാണ് ബിന്‍ഷയുടെ പരിശീലകന്‍. എല്ലാതവണയും പുതുമയാര്‍ന്ന പ്രമേയങ്ങളാണ് മിമിക്രിയില്‍ വേദിയിലെത്തിക്കാറുള്ളതെന്ന് കലാഭവന്‍ അഷ്‌റഫ് പറഞ്ഞു.

അഷ്‌റഫിന്റെ മകന്‍ അബാനും അനുകരണ കലയില്‍ കഴിവ് തെളിയിക്കുന്നുണ്ട്. സബ്ജില്ലാ തലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ അബാനും മിമിക്രിയോടാണ് താത്പര്യം. അധ്യാപികയായ ബുഷറയാണ് മാതാവ്.