ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയ സംഭവം; പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുത്തു

Posted on: November 29, 2019 11:26 am | Last updated: November 29, 2019 at 11:26 am

കൊല്ലം |കടക്കല്‍ കാഞ്ഞിരാംമൂട്ടില്‍ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തികൊണ്ട് എറിഞ്ഞ് വീഴ്ത്തി പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കടക്കല്‍ സ്‌റ്റേഷനിലെ സിപിഒ ചന്ദ്രമോഹനെതിരെയാണ് ക്രിമിനല്‍ കേസെടുത്തത്.

ലാത്തി ഏറേറ്റ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എതിരെ വന്ന കാറിലിടിച്ച് മറിഞ്ഞ് യുവാവിന് ഗുരുതര പരുക്കേറ്റിരുന്നു. ചിതറ കിഴക്കുംഭാഗം പന്തവിള വീട്ടില്‍ സിദ്ദീഖി (22) നാണ് പരുക്കേറ്റത്. തലക്കേറ്റ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് സിദ്ദീഖ്. സംഭവത്തില്‍ സി പി ഒ ചന്ദ്രമോഹനെ കൊല്ലം റൂറല്‍ എസ് പി ഹരിശങ്കര്‍ അന്വഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. റോഡിന്റെ വളവില്‍ നിന്നാണ് പോലീസ് വാഹനത്തിന് കൈകാണിച്ചതെന്നാണ് റിപ്പോര്‍ട്ട്.