മിമിക്രിയില്‍ ഹാട്രിക് നേട്ടവുമായി ആത്മന മനോജ്

Posted on: November 28, 2019 11:26 pm | Last updated: November 28, 2019 at 11:26 pm

കാഞ്ഞങ്ങാട് | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ ജൈത്രയാത്ര തുടരുകയാണ് കോഴിക്കോട് നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മന മനോജ്. എട്ടാം ക്ലാസില്‍ തുടങ്ങിയ എ ഗ്രേഡ് നേട്ടം പത്താം ക്ലാസിലും തുടര്‍ന്ന് ഈ കലാകാരി മിമിക്രിയില്‍ ഹാട്രിക് സ്വന്തമാക്കിയിരിക്കുകയാണ്. ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധം അനുകരണ കലയിലൂടെ അവതരിപ്പിച്ചാണ് ആത്മന ജേതാവായത്.

ഭൂമിയിലെ മനുഷ്യന്റെ ഉത്പത്തിയും ചരിത്രവും മനുഷ്യന്റെ കണ്ടുപിടുത്തങ്ങളുമെല്ലാം മിമിക്രിയില്‍ ഇഴചേര്‍ക്കുകയായിരുന്നു ആത്മന. മനുഷ്യന്റെ കണ്ടുപിടുത്തങ്ങള്‍ അവന് തന്നെ പാരയാകുന്നതും പ്രളയമുള്‍പ്പെടെ പ്രകൃതി ദുരന്തങ്ങള്‍ക്ക് അത് കാരണമാകുന്നതുമായി അവള്‍ മിമിക്രിയിലൂടെ ചൂണ്ടിക്കാണിച്ചു. മണ്ണുമാന്തി പോലെയുള്ള യന്ത്രങ്ങളുടെ കണ്ടുപിടുത്തം പ്രളയത്തിലേക്ക് നയിച്ചുവെന്നാണ് ആത്മന പറയാതെ പറയുന്നത്. കഴിഞ്ഞ തവണയും അതിന് മുന്‍ വര്‍ഷവും മംഗള്‍യാന്‍ വരെയുള്ള ശാസ്ത്രപുരോഗതി മിമിക്രി വേദിയില്‍ എത്തിച്ചാണ് ആത്മന വിജയിയായത്.

മിമിക്രി വേദിയില്‍ മാത്രമല്ല, മാജിക് വേദികളിലും മിന്നും താരമാണ് ആത്മന. ഇതിനകം മുന്നൂറിലധികം വേദികളില്‍ ആത്മന മാജിക്‌ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫലം പ്രവചിച്ചും ആത്മന ശ്രദ്ധയാകര്‍ഷിച്ചിരുന്നു.