മന്ത്രിസഭ സംബന്ധിച്ച് തീരുമാനം; ഉദ്ദവ് താക്കറെ നാളെ മഹാരാഷ്ട്ര മുഖ്യമന്തിയായി അധികാരമേല്‍ക്കും

Posted on: November 27, 2019 9:00 am | Last updated: November 27, 2019 at 12:17 pm

മുംബൈ| മൂന്ന് ദിവസം മാത്രം ആയുസ്സുണ്ടായ ബി ജെ പി സര്‍ക്കാറിനെ സുപ്രീംകോടതിയെ ഇടപെടിച്ച് മറിച്ചിട്ട ആത്മവിശ്വാസവുമായി മാഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാഡി നാളെ അധികാരമേല്‍ക്കും. ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഒപ്പം ഉപമുഖ്യമന്ത്രിമാരായി എന്‍ സി പിയുടെ ജയന്ത് പാട്ടീലും കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോറാട്ടും അധികാരമേല്‍ക്കും. ഡിസംബര്‍ ഒന്നിന് സത്യപ്രതിജ്ഞ നടത്തുമെന്നായിരുന്നു ഇന്നലെ അറിയിച്ചതെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു. വൈകിട്ട് അഞ്ചിന് ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ. ഇതിന് മുന്നോടിയായി എം എല്‍ എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഇതിനായി ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. മന്ത്രിസഭ രൂപവത്ക്കരിക്കുന്നത് സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതല്ലേം വളരെ പെട്ടെന്ന് പരിഹരിക്കാന്‍ സഖ്യത്തിന് കഴിഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് വര്‍ഷവും ഉദ്ദവ് താക്കറെ തന്നെ സര്‍ക്കാറിനെ നയിക്കുമെന്നാണ് സഖ്യ നേതാക്കള്‍ പ്രതികരിച്ചു. ശിവസേനക്ക് മുഖ്യമന്ത്രിസ്ഥാനത്തിനു പുറമേ 15 മന്ത്രിമാരെക്കൂടി ലഭിക്കും. എന്‍ സി പിക്ക് 15 മന്ത്രിപദവിയും കാണ്‍ഗ്രസിന് 13 മന്ത്രി സ്ഥാനവും സ്പീക്കര്‍ പോസ്റ്റും നല്‍കും. ഇരുകക്ഷികള്‍ക്കും ഉപമുഖ്യമന്ത്രി സ്ഥാനവും ഉണ്ടാകും. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായ ബാലാസാഹേബ് തൊറാട്ടായിരിക്കും അതിലൊരാള്‍. സഭയിലെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെന്ന നിലക്ക് കോണ്‍ഗ്രസിന് അക്കാര്യത്തില്‍ സംശയമുണ്ടാകാനിടയില്ല.

എന്നാല്‍ എന്‍ സി പിയില്‍ അന്തിമ തീരുമാനമായിട്ടില്ല. ജയന്ത് പാട്ടീലിനാണ് സാധ്യത കല്‍പ്പിക്കുന്നത്.എന്നാല്‍ ബി ജെ പി സഖ്യം ഉപേക്ഷിച്ച് തിരിച്ചെത്തിയ അജിത് പവാറിന് നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ശരത് പവാറിന്റെ നിലപാട് അന്തിമമാകും.