അയോധ്യയില്‍ പശുക്കള്‍ക്ക് തണുക്കാതിരിക്കാന്‍ കോട്ടുകള്‍ വാങ്ങുന്നു

Posted on: November 24, 2019 10:30 pm | Last updated: November 25, 2019 at 10:59 am

ലഖ്‌നൗ |  ഉത്തരേന്ത്യയില്‍ മഞ്ഞുകാലം തുടങ്ങിയതോടെ അയോധ്യയിലെ ഗോക്കള്‍ക്ക് തണുക്കാതിരിക്കാന്‍ ഭരണകൂടത്തിന്റെ ഇടപെടല്‍. പശുക്കള്‍ക്കായി കോട്ട് വാങ്ങി ഗോ ശാലകളില്‍ വിതരണം ചെയ്യാനാണ് അധികൃരുടെ തീരുമാനം. ചണംകൊണ്ടുള്ള കോട്ടുകളാണ് പശുക്കള്‍ക്കായി വാങ്ങുന്നത്. വിവിധ ഘട്ടങ്ങളിലായി കോട്ടുകള്‍ വാങ്ങും. ഇതിന്റെ ആദ്യഘട്ടം ഈ മാസം തന്നെ തുടങ്ങും.

ബൈഷിങ്പുര്‍ ഗോശാലയിലെ 1200 കന്നുകാലികള്‍ക്കാണ് ആദ്യഘട്ടത്തില്‍ കോട്ടുകള്‍ നല്‍കുന്നത്. പശുക്കളും കിടാങ്ങളും 700 കാളകളും ഇതില്‍ ഉള്‍പ്പെടുന്നു. മൂന്നു പാളികളുള്ള കോട്ടുകളാണ് കിടാങ്ങള്‍ക്കായി നല്‍കുകയെന്ന് അയോധ്യ മുന്‍സിപ്പല്‍ കമ്മിഷണര്‍ നീരജ് ശുക്ല പറഞ്ഞു. അതികഠിനമായ ശൈത്യത്തെ പ്രതിരോധിക്കാന്‍ കന്നുകാലി വളര്‍ത്തു കേന്ദ്രങ്ങള്‍ നവീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു കോട്ടിന് 250 രൂപ മുതല്‍ 300 രൂപ വരെയാണ് ചെലവ്. കാളകള്‍ക്കു ചണം ഉപയോഗിച്ച് മാത്രം തയാറാക്കുന്ന കോട്ടുകളും പശുക്കള്‍ക്ക് രണ്ട് പാളികളുള്ള കോട്ടുകളുമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
പശുപരിപാലനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് മേയര്‍ ഋഷികേശ് ഉപാധ്യായയും അറിയിച്ചു. ബൈഷിംഗ് പുരിലെ പശുവളര്‍ത്തല്‍ കേന്ദ്രത്തെ കൂടാതെ ആധുനിക സൗകര്യങ്ങളോടു കൂടിയ മറ്റൊന്നു കൂടി നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.