കോട്ടയം ഉഴവൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; മാതാവ് കസ്റ്റഡിയില്‍

Posted on: November 21, 2019 12:19 am | Last updated: November 21, 2019 at 10:57 am

കുറുവിലങ്ങാട്: കോട്ടയം ഉഴവൂരിലെ കരുനെച്ചിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാനാത്തില്‍ എം ജി കൊച്ചുരാമന്‍-സാലി ദമ്പതികളുടെ മകള്‍ സൂര്യ രാമനെ (11)യാണ് കൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് സാലിയെന്ന് പോലീസ് പറഞ്ഞു. കരുനെച്ചിയില്‍ വാടകക്ക് താമസിച്ചു വരികയാണ് കുടുബം.

ആരീക്കര യു പി സ്‌കൂളിലെ വിദ്യാര്‍ഥിയായ സാലിയെ ബുധനാഴ്ച മാതാവ് സ്‌കൂളില്‍ അയച്ചിരുന്നില്ല. സൂര്യയുടെ മൂത്ത സഹോദരനായ ഏഴാം ക്ലാസ് വിദ്യാര്‍ഥി സ്വരൂപ് സ്‌കൂള്‍ വിട്ടെത്തി സഹോദരിയെ അന്വേഷിച്ചപ്പോള്‍ ഉറങ്ങുകയാണെന്നാണ് മാതാവ് പറഞ്ഞത്. സൂര്യയുടെ മുറിയില്‍ കയറാന്‍ മാതാവ് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് സ്വരൂപ് വാടക വീടിന്റെ ഉടമസ്ഥന്റെ വീട്ടിലെത്തി വിവരമറിയിച്ചു. ഇയാള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി എത്തി ചോദിച്ചപ്പോഴാണ് സൂര്യയെ കൊലപ്പെടുത്തിയെന്ന വിവരം മാതാവ് പറഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.